ഏഴു വര്‍ഷത്തോളം ചെക്ക് സര്‍ക്കാര്‍ പാടുപെട്ട അണക്കെട്ടുകളുടെ പരമ്പര കാട്ടിലെ എഞ്ചിനീയര്‍ എന്നറിയപ്പെടുന്ന നീര്‍നായകളുടെ ഒരു കുടുംബം വെറും രണ്ടുദിവസം കൊണ്ടു നിര്‍മ്മിച്ചു. ചെക്ക് റിപ്പബ്ളിക്കിലെ ബ്രിഡി നേച്ചര്‍ പാര്‍ക്കിലെ ജലപ്രദേശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ചെക്ക് റിപ്പബ്ളിക്ക് 2018 ല്‍ കൊണ്ടുവന്ന പ്രൊജക്ടാണ് അപ്രതീക്ഷിതമായി നീര്‍നായകള്‍ പൂര്‍ത്തിയാക്കിയത്.
പെര്‍മിറ്റുകളും ആവശ്യമായ മറ്റു പേപ്പറുകളും ചുവപ്പ്നാടയില്‍ കുടുങ്ങി വര്‍ഷങ്ങളോളം നിര്‍മ്മാണം ആരംഭിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു ആവശ്യമായ ഡാമുകളുടെ നിര്‍മ്മാണം ഈ മൃഗങ്ങള്‍ ചേര്‍ന്ന് ഒന്നോ രണ്ടോ രാത്രികൊണ്ട് തീര്‍ത്തത്. പ്രദേശത്തെ തണ്ണീര്‍ത്തടങ്ങള്‍ അവയുടെ യഥാര്‍ത്ഥ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു അധികൃതര്‍ ഡാം നിര്‍മ്മിക്കാനുള്ള ആലോചന കൊണ്ടുവന്നത്. നിര്‍മ്മാണത്തിനായി ഏകദേശം 30 ദശലക്ഷം ചെക്ക് ക്രൗണ്‍ കണക്കാക്കുകയും ചെയ്തിരുന്നു.
സംരക്ഷിത ലാന്‍ഡ്സ്കേപ്പ് ഏരിയ അഡ്മിനിസ്ട്രേഷന്റെ തലവനായ ബൊഹുമി ഫീയര്‍, ഹ്യൂമന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ബ്യൂറോക്രസിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നീര്‍നായകളുടെ കാര്യക്ഷമതയെക്കുറിച്ച് ആശ്ചര്യം പ്രകടിപ്പിച്ചു.
കാട്ടിലെ എഞ്ചിനീയര്‍മാര്‍ എന്നറിയപ്പെടുന്ന നീര്‍നായകള്‍ അണക്കെട്ട് നിര്‍മ്മാണത്തില്‍ അതിവിദഗ്ദ്ധരാണ്. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളുമുപയോഗിച്ച് മരങ്ങള്‍ മുറിച്ച് കാട്ടില്‍ അണകെട്ടേണ്ട സ്ഥലത്തെത്തിക്കും. ഇങ്ങനെ വെള്ളം കെട്ടിനിര്‍ത്തി അതിനു നടുവില്‍തന്നെ ബീവറുകള്‍ വീടും ഒരുക്കും. മരച്ചില്ലകളും ചെളിയും ഉപയോഗിച്ചാണ് വീടുനിര്‍മ്മാണം.