Oddly News

സുന്ദരിമാരെ സൂക്ഷിക്കുക, സുന്ദരന്മാരേയും; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി ചൈന

സുന്ദരികളായ സ്ത്രീകളെയോ സുന്ദരന്മാരായ പുരുഷന്മാരെയോ കാണുമ്പോൾ ജാഗ്രത പാലിക്കണമെന്നും പ്രണയക്കെണിയില്‍ വീഴരുതെന്നും വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി ചൈനീസ് സർക്കാർ . കാരണം അവർ വിദേശ ചാരന്മാരാകാമെന്നാണ് ചൈനീസ് സർക്കാരിന്റെ കണ്ടെത്തല്‍. വിദേശ രഹസ്യാന്വേഷണ ഏജൻസികളിലെ അംഗങ്ങൾ സെൻസിറ്റീവ് ശാസ്ത്രീയ ഗവേഷണ ഡാറ്റയിലേക്ക് പ്രവേശനമുള്ള ചൈനീസ് കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്.

രാജ്യത്തിനെതിരായി പ്രവർത്തിക്കാനുള്ള രഹസ്യ വിവരങ്ങള്‍ കൈക്കലാക്കാന്‍ അവര്‍ വിദ്യാർത്ഥികളെ ഉപയോഗിക്കുമെന്നാണ് ദേശീയ സുരക്ഷാ ഏജൻസി കരുതുന്നത്. “സുന്ദരരായ പുരുഷന്മാരെയും സുന്ദരികളെയും” കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ചൈനയിലെ ഉന്നത ചാര ഏജൻസി മുന്നറിയിപ്പ് നൽകി. ഈ പ്രായത്തില്‍ ഇവരെ ആകർഷിക്കാൻ അവർക്ക് പെട്ടെന്ന് കഴിയുമെന്നും അതു​കൊണ്ട് ജാഗ്രതവേണമെന്നുമാണ് മുന്നറിയിപ്പ്.

“യുവ വിദ്യാർത്ഥികളുടെ ഉയര്‍ന്ന ജിജ്ഞാസയുടെയും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള സന്നദ്ധതയുയും ചാരഗ്രൂപ്പ് പ്രയോജനപ്പെടുത്തുന്നു, വിദ്യാർത്ഥികൾ താൽപ്പര്യം പ്രകടിപ്പിച്ചതിന് ശേഷം, സോഷ്യൽ മീഡിയ, ടെലിഫോൺ അല്ലെങ്കിൽ വീഡിയോ കോൺഫറൻസിംഗിലൂടെ വിദേശ രഹസ്യാന്വേഷണ ഏജൻസികൾ സൗജന്യ പരിശീലനവും മാർഗനിർദേശവും നൽകുമെന്ന് ഏജൻസി അറിയിച്ചു.

തൊഴിൽ പരസ്യങ്ങളിലും ഡേറ്റിംഗ് വെബ്‌സൈറ്റുകളിലും വിദേശ ചാരന്മാരുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏത് രാജ്യത്തെ ചാരന്മാരാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പാശ്ചാത്യ രാജ്യങ്ങളും ചൈനയും പരസ്പരം ചാരപ്പണി ചെയ്യാൻ ആളുകളെ അയയ്ക്കുന്നുവെന്ന് പരസ്പരം കുറ്റപ്പെടുത്തുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ബുധനാഴ്ച അതിന്റെ പബ്ലിക് വീചാറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിദ്യാർത്ഥികൾക്ക് വിശദമായ മുന്നറിയിപ്പ് നൽകി