Sports

രാഹുല്‍ ദ്രാവിഡിനെ അങ്ങിനെ വിടില്ല ; പരിശീലകനായുള്ള കരാര്‍ ബിസിസിഐ നീട്ടി

ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റത് ഒഴിച്ചാല്‍ ഇത്രയും മികച്ച രീതിയില്‍ ഇന്ത്യ മുമ്പ് ഒരു ലോകകപ്പില്‍ പോലും പങ്കെടുത്തിട്ടില്ലെന്ന് ആരാധകര്‍ക്കെല്ലാം അറിയാം. സെമിഫൈനല്‍ വരെ തുടര്‍ച്ചയായി പത്തു മത്സരങ്ങളിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരു പോലെ തിളങ്ങുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ദ്രാവിഡിന് കീഴിലായിരുന്നു ഇന്ത്യയുടെ ഈ മികവ്.

ലോകകപ്പിന് ശേഷം പരിശീലകനായുളള കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനം എടുത്ത ദ്രാവിഡ് ബിസിസിഐ യുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി തീരുമാനം തിരുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ നീട്ടിയതായി ബിസിസിഐ അറിയിച്ചു. ഇന്ത്യന്‍ ടീമിനെ രൂപപ്പെടുത്തുന്നതില്‍ ദ്രാവിഡിന്റെ പ്രധാന പങ്ക് ബോര്‍ഡ് അംഗീകരിക്കുകയും അദ്ദേഹത്തിന്റെ അസാധാരണമായ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുകയും ചെയ്യുന്നതായി പറഞ്ഞു.

കരാര്‍ കാലാവധി അവസാനിച്ചതിന് ശേഷം ബിസിസിഐ ദ്രാവിഡുമായി മാരത്തോണ്‍ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു താരം ടീമിന്റെ ചുമതലയില്‍ തുടരാമെന്ന് സമ്മതിച്ചത്. ലോകകപ്പിന് ശേഷം ബാംഗ്‌ളൂരിലെ ക്രിക്കറ്റ് അക്കാദമിയിലേക്ക് മടങ്ങിപ്പോകാനായിരുന്നു ദ്രാവിഡിന്റെ തീരുമാനം. ദീര്‍ഘനാളായി കുടുംബത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ദ്രാവിഡ് ആ സൗകര്യം കൂടി കണക്കിലെടുത്തായിരുന്നു പരിശീലക സ്ഥാനം വിടാന്‍ ആഗ്രഹിച്ചത്. എന്നാല്‍ നായകന്‍ രോഹിത് ശര്‍മ്മയുടെയും സെലക്ടര്‍ അജിത് അഗാര്‍ക്കറുടേയും മറ്റു താരങ്ങളുടേയും പിന്തുണ ദ്രാവിഡിനെ തിരികെ വരാന്‍ നിര്‍ബ്ബന്ധിതമാക്കുകയായിരുന്നു.

2021 ലെ ടി 20 ലോകകപ്പിന് ശേഷം രവി ശാസ്ത്രിക്ക് പദവി ഒഴിഞ്ഞ സ്ഥാനത്താണ് ദ്രാവിഡ് രണ്ട് വര്‍ഷത്തെ കാലാവധിയില്‍ പരിശീലകനായി നിയമിതനായത്. ദ്രാവിഡിന് കീഴില്‍ കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ഫൈനലില്‍ കടന്നിരുന്നു. ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു. ടെസ്റ്റ്, ഏകദിന, ടി20 ഐസിസി റാങ്കിംഗുകളില്‍ ഇന്ത്യന്‍ ടീമിന് ഒന്നാമന്മാരാകാനും കഴിഞ്ഞിരുന്നു. രാഹുലിനൊപ്പം അദ്ദേഹത്തിന്റെ സംഘത്തിലുണ്ടായിരുന്ന മറ്റു സ്റ്റാഫുകളെയും നിലനിര്‍ത്തിയിട്ടുണ്ട്.