സാധാരണ ഉപയോഗത്തിലില്ലാത്ത പല പുതിയ വാക്കുകളും ജെന്‍സി കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ പല വാക്കുകളും ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ പുതുതായി പ്രചാരം ലഭിച്ചുവരുന്ന പുതിയ വാക്കാണ് ‘ബാത്ത്റൂം കാംപിങ് ’.
മനുഷ്യര്‍ക്ക് ഏകാന്തത കിട്ടുന്ന സ്ഥലങ്ങളിലൊന്നാണ് ബാത്ത്റൂം. ബഹളങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും ഒഴിവാകാന്‍ വെറുതെയെങ്കിലും ബാത്ത്റൂമില്‍പോയി ഇരിക്കുന്നവരും ഉണ്ട്. പ്രത്യേകിച്ച് ജോലിസ്ഥലങ്ങളിലും മറ്റും. ‘മൈ ബോസ്’ എന്ന സിനിമയില്‍ മേലുദ്യോഗസ്ഥയായ നായികയുടെ മാനസിക പീഡനം സഹിക്കാനാവാതെ ഓഫീസ് ബാത്ത്റൂമില്‍ കയറുന്ന നായകനേയും സുഹൃത്തിനേയും ഓര്‍ക്കുക.
ജോലി സംബന്ധമായ പ്രശ്നങ്ങളും നിരാശയും തീര്‍ക്കാനുള്ള സ്ഥലമായും ആളുകള്‍ ഇവിടം കാണാറുണ്ട്. അത്തരത്തിലാണ് പുതിയ ജെന്‍ സി വാക്കായ ബാത്ത്റൂം കാംപിങ് ഉപയോഗിക്കുന്നത്.
ബാത്ത്റൂമില്‍ നിന്ന് സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുന്നതും ഫോണ്‍ ഉപയോഗിക്കുന്നതും പഴയശീലമാണ്. എന്നാൽ ‘ബാത്ത്റൂം കാംപിങ് ’എന്നറിയപ്പെടുന്ന ഒരു വൈറൽ ട്രെൻഡ് ഉപയോഗിച്ച് ജെന്‍സി അതിനെ മറ്റൊരു തലത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ആളുകള്‍ വിശ്രമമുറികളില്‍ തങ്ങളുടെ പ്രശ്നങ്ങളും മറ്റും മറക്കാന്‍ മണിക്കൂറുകളോളം ഇരിക്കുന്നു.
വീട്ടിലോ ജോലിസ്ഥലത്തോ പൊതു ഇടങ്ങളിലോ ആകട്ടെ, ദൈനംദിന ജീവിതത്തിലെ ബഹളങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും സമ്മർദ്ദത്തിൽ നിന്നും മാറിനില്‍ക്കാന്‍ ചെറുപ്പക്കാർ കൂടുതലായി ബാത്ത്റൂമുകള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.
ബാത്ത്റൂമില്‍ ലഭിക്കുന്ന ഏകാന്തതയാണ് ആളുകളെ ഇതിന് പ്രേരിപ്പിക്കുന്നത്. അവിടെ ജനലുകളില്ല, മറ്റൊന്നും ശ്രദ്ധിക്കേണ്ടതില്ല. അവിടെ ഞാനും എന്റെ ചിന്തകളും മാത്രമേയുള്ളു എന്ന് ബാത്ത്റൂം കാംപിങ് അനുഭവിച്ചവര്‍ പറയുന്നു. സമ്മര്‍ദം, ഉല്‍ക്കണ്ഠ തുടങ്ങിയ മാനസികപിരിമുറുക്കങ്ങള്‍ നേരിടുന്നവര്‍ക്ക് ഇതൊരു സുരക്ഷാ മേഖലയാണ്. കുറച്ചുനേരം സ്വയം സമയം നല്‍കുകയും മനസിനെ പോസിറ്റീവാക്കി വെക്കുകയുമാണ് ലക്ഷ്യം.




