മുംബൈ: മുപ്പതു വര്‍ഷമായി ഇന്ത്യയില്‍ അനധികൃതമായി താമസിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മീയ നേതാവ് ‘ഗുരു മാ’ ജ്യോതിയെ മുംബൈയില്‍ അറസ്‌റ്റ് ചെയ്‌തു. ബാബു അയന്‍ ഖാന്‍ എന്ന ഇദ്ദേഹം ബംഗ്ലാദേശി പൗരനാണെന്നു കണ്ടെത്തി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് അനധികൃതമായി ഇന്ത്യയില്‍ എത്തിയ ജ്യോതി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുള്‍പ്പെടെ വ്യാജമായി ഇന്ത്യന്‍ രേഖകള്‍ കൈവശപ്പെടുത്തിയിരുന്നു.
രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് കള്ളം വെളിച്ചത്തുവന്നത്. പോലീസ് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയും വ്യാജ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്‌തു.ബംഗ്ലാദേശില്‍നിന്നുള്ള ജ്യോതി മുംബൈയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ആത്മീയ നേതാവായി സ്വയം അവതരിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. റഫീഖ് നഗര്‍, ഗോവണ്ടി തുടങ്ങിയ പ്രദേശങ്ങളിലായി മൂന്നൂറിലധികം അനുയായികളുണ്ടായിരുന്ന അവര്‍ നിരവിധി സ്വത്തുക്കളുടെ ഉടമയാണ്. സമൂഹത്തില്‍ സ്വാധീനം വളര്‍ന്ന് ‘ഗുരു മാ’ എന്ന പദവിയിലെത്തിയെന്നും പോലീസ് പറഞ്ഞു.
ശിവാജി നഗറിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കായി പോലീസ് നടത്തിയ റെയ്‌ഡിലാണ് ആദ്യം സംശയം ഉയര്‍ന്നത്. ജ്യോതിയെ കസ്‌റ്റഡിയിലെടുത്തെങ്കിലും സാധുവായതായി തോന്നിയതിനാല്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയശേഷം വിട്ടയച്ചു. എന്നാല്‍, അന്വേഷണം തുടര്‍ന്ന പോലീസ് ഒടുവില്‍ അവരുടെ എല്ലാ രേഖകളും വ്യാജമാണെന്നു കണ്ടെത്തി.
മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് കീഴിൽ റജിസ്റ്റർ ചെയ്ത ഫ്ലാറ്റുകളും കുടിലുകളും ‘ഗുരു മാ’ കൈയേറിയതായും പോലീസ് അന്വേഷണത്തിൽ വെളിപ്പെട്ടു. 200-ൽ അധികം വീടുകൾ ഇവർ കൈയടക്കിയതായും അവ വാടകയ്ക്ക് നൽകി ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചതായും റിപ്പോർട്ടുണ്ട്. ആളുകളെ നിർബന്ധിച്ച് ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചതായും വിവിധ സ്ഥലങ്ങളിലേക്ക് അയച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
രേഖകള്‍ എങ്ങനെ സൃഷ്‌ടിച്ചെന്നും വലിയ ശൃംഖല ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണത്തിലാണ്. സമാനമായ വ്യാജ രേഖകളില്‍ മറ്റു നിരവധി ബംഗ്ലാദേശി പൗരന്മാര്‍ മുംബൈയില്‍ താമസിക്കുന്നുണ്ടെന്ന് പോലീസ് സംശയിക്കുന്നു.




