Sports

ഇന്ത്യയ്ക്ക് ഗുഡ്‌ലക്ക് അടിച്ച് ജര്‍മ്മനിയുടെ തോമസ് മുള്ളര്‍; ബംഗ്‌ളാദേശിന് ആശംസയുമായി മെസ്സിയും കൂട്ടരും

ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ മത്സരത്തിനായി ഇറങ്ങിയ ബംഗ്‌ളാദേശിന് ഗുഡ്‌ലക്കുമായി ലോകഫുട്‌ബോള്‍ ചാംപ്യന്മാരായ അര്‍ജന്റീനയും നാളെ ഓസ്‌ട്രേലിയയ്ക്ക് എതിരേ ഇറങ്ങാനിരിക്കുന്ന ഇന്ത്യയ്ക്ക് വിജയാശംസ അറിയിച്ച് ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന്റെ കുന്തമുനയായ തോമസ് മുള്ളറും.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തിമിര്‍പ്പില്‍ ആറാടുമ്പോള്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ സെന്‍സേഷന്‍ തോമസ് മുള്ളര്‍ രോഹിത് ശര്‍മ്മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ആശംസകള്‍ നേര്‍ന്നു. രണ്ടു ലോക ചാമ്പ്യന്മാരുടെ സൗഹൃദം ലോകമെമ്പാടും ക്രിക്കറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയുടെ തെളിവാണ്. 2014-ല്‍ ഫിഫ ലോകകപ്പ് നേടിയ മുള്ളര്‍ ഇന്ത്യന്‍ ക്രിക്കറ്റ്ടീമിന്റെ നായകന്‍ രോഹിത് ശര്‍മ്മയുമായി അതുല്യമായ ബന്ധം പങ്കിടുന്നയാളാണ്. ബയേണ്‍ മ്യൂണിക്ക് താരത്തിന്റെ വീഡിയോ ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും ആരാധകരെ ഒരുപോലെ സന്തോഷിപ്പിച്ചു.

അന്താരാഷ്ട്ര അഭ്യുദയകാംക്ഷികളുടെ പട്ടികയില്‍ ചേര്‍ന്ന്, ഡബ്‌ള്യു ഡബ്‌ള്യൂ ഇ സൂപ്പര്‍സ്റ്റാര്‍ ഡ്രൂ മക്കിന്റയറും രോഹിതിനും മെന്‍ ഇന്‍ ബ്ലൂവിനും തന്റെ പിന്തുണ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനോടുള്ള അടുപ്പത്തിന് പേരുകേട്ട മക്കിന്റയര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി അണിഞ്ഞാണ് തന്റെ ടീം സ്പിരിറ്റ് പ്രദര്‍ശിപ്പിച്ചത്.

അതേസമയം ലോകകപ്പിലെ കുഞ്ഞന്മാരായ ബംഗ്‌ളാദേശിന് പിന്തുണയുമായി നേരത്തേ അര്‍ജന്റീന എത്തിയത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ബംഗ്‌ളാദേശ് ആരാധകര്‍ മെസ്സിയോടും അര്‍ജന്റീനയോടും കാട്ടിയ സ്‌നേഹം അന്താരാഷ്ട്ര വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാനെതിരേയുള്ള മത്സരത്തിന് മുന്നോടിയായി ബംഗ്‌ളാദേശിന് വിജയാശംസയുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ എത്തിയത്.