Oddly News

ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ പാലം ഇടിച്ചുതകര്‍ത്തു ; ഭീകരസംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ

ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് വിഖ്യാതമായ പാലം നദിയിലേക്ക് തകര്‍ന്നുവീണു. ശ്രീലങ്കയിലേക്കുള്ള ഒരു ചരക്ക് കപ്പല്‍ അതിന്റെ സപ്പോര്‍ട്ട് പിയറുകളില്‍ ഇടിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 1:30 ഓടെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു. പാലത്തില്‍ കൂടി ഓടിക്കൊണ്ടിരുന്ന കാറുകള്‍ പടാപ്സ്‌കോ നദിയിലേക്ക് മറിഞ്ഞു. ആറ് പേരെങ്കിലും അസ്ഥി മരവിപ്പിക്കുന്ന വെള്ളത്തില്‍ വീണതായി ഭയപ്പെടുന്നു.

കപ്പല്‍ ഇടിച്ച് നിമിഷങ്ങള്‍ക്കകം പാലം തകരുന്നതിന്റെ നാടകീയമായ ദൃശ്യങ്ങള്‍ എക്‌സില്‍ എത്തിയിട്ടുണ്ട്. പാലത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ ചരക്കുകള്‍ നിറഞ്ഞ കപ്പലിന്റെ ഡെക്കിന് കുറുകെ ചിതറിക്കിടക്കുകയായിരുന്നു. ഒരു സിനിമയിലെ രംഗത്തോട് സാമ്യം തോന്നുന്ന രീതിയിലാണ് ഭീകരസംഭവത്തിന്റെ വീഡിയോ. പാലത്തിന്റെ ഒരു ഭാഗം കപ്പലിന്റെ ഡെക്കിന് കുറുകെ ചിതറിക്കിടക്കുകയായിരുന്നു.

ദാലി എന്ന കപ്പല്‍ സിംഗപ്പൂരില്‍ ഫ്‌ളാഗ്ഓഫ് ചെയ്ത് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോവുകയായിരുന്നു. കപ്പലിന് ഇന്ധനച്ചോര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 22 ജീവനക്കാരുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. 300 മീറ്റര്‍ നീളമുള്ള കപ്പല്‍ ഏകദേശം 30 മിനിറ്റിനുശേഷം പാലത്തിന് സമീപം പൂര്‍ണ്ണമായും നിശ്ചലമായതായി റഡാര്‍ മാപ്പുകള്‍ കാണിച്ചു.

കപ്പലില്‍ ഉണ്ടായ വൈദ്യൂതി പ്രശ്‌നമായിരുന്നു ഇടിക്കാന്‍ കാരണമായത്.
എക്സില്‍ പങ്കുവെച്ച ഫൂട്ടേജുകള്‍ പാലത്തില്‍ ഇടിക്കുന്നതിന് മുമ്പ് കപ്പലിന് പലതവണ വൈദ്യുതി നഷ്ടപ്പെട്ടതായി വ്യക്തമാക്കുന്നതാണ്. നദിയിലേക്ക് നീങ്ങുമ്പോള്‍ വെറ്റല്‍ ഇരുട്ടിലായിരുന്നു. സാവധാനം തിരിഞ്ഞ് സ്റ്റീല്‍ ബീമിലേക്ക് നീങ്ങുമ്പോള്‍ കപ്പലില്‍ നിന്ന് കട്ടിയുള്ള പുക ഉയരുന്നുണ്ടായിരുന്നു. ജീവനക്കാര്‍ കുറച്ചുനേരം വൈദ്യുതി പുനഃസ്ഥാപിച്ചതിനെത്തുടര്‍ന്ന് രണ്ടാമത്തെ വൈദ്യുതി നഷ്ടമുണ്ടായി. വീണ്ടും ജീവനക്കാര്‍ വൈദ്യൂതി പ്രശ്‌നം പരിഹരിക്കുമ്പോഴേയ്ക്കും കപ്പല്‍ പാലത്തിന്റെ തൂണില്‍ ഇടിച്ചുകഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കകം പാലം ചീട്ടുകൊട്ടാരം പോലെ തകന്നുവീണു. അപകടം മനപ്പൂര്‍വ്വമാണെന്നതിന് തെളിവില്ല.

ബാള്‍ട്ടിമോര്‍ തുറമുഖം മുറിച്ചുകടക്കുന്ന 1977 ല്‍ തുറന്ന ഈ പാലം പണിയാന്‍ 141 മില്യണ്‍ ഡോളര്‍ ചിലവായി. ഇന്നത്തെ തുക കണക്കാക്കിയാല്‍ ഏകദേശം 735 മില്യണ്‍ ഡോളര്‍. ലോകത്തിലെ ഏറ്റവും നീളമേറിയ ട്രസ് പാലങ്ങളിലൊന്നായ ഇത് 1979 ലെ അല്‍ പാസിനോ സിനിമ ആന്‍ഡ് ജസ്റ്റിസ് ഫോര്‍ ഓള്‍ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ വര്‍ഷവും 11 ദശലക്ഷത്തിലധികം കാറുകള്‍ 1.6 മൈല്‍ പാലത്തിലൂടെ സഞ്ചരിക്കുന്നു. പ്രതിദിനം 30,000 കാറുകളാണ് പാലം ഉപയോഗിച്ചിരുന്നത്.