Featured Sports

ബലോൻ ദ് ഓർ പുരസ്കാരം ഉസ്മാൻ ഡെംബലെയ്ക്ക്; അയ്റ്റാന ബോൺമറ്റി വനിതാ താരം

പാരിസ് ∙ കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരത്തില്‍ മുത്തമിട്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരം ഉസ്മാൻ ഡെംബലെ . ബാർസിലോനയുടെ സ്പാനിഷ് താരം ലമീൻ യമാലിനെ പിന്തള്ളിയാണ് ഡെംബലെ പുരസ്‌കാരത്തിന് അർഹനായത്. പിഎസ്ജിയെ ചരിത്രത്തിലാദ്യത്തെ ചാംപ്യൻസ് ലീഗ് കിരീടത്തിലേക്കു നയിച്ച ഡെംബലെയുടെ മികവു പരിഗണിച്ചാണ് പുരസ്‌കാരം.

2024–25 സീസണിൽ പിഎസ്ജിയെ യുവേഫ ചാംപ്യൻസ് ലീഗിലും ലീഗ് വണ്ണിലും കൂപെ ദ് ഫ്രാൻസിലും കിരീടങ്ങൾ വിജയിപ്പിക്കുന്നതിൽ ഡെംബലെ നിർണായക പങ്കുവഹിച്ചു. പിഎസ്ജിക്കു വേണ്ടി 53 മത്സരങ്ങൾ കളിച്ച താരം 35 ഗോളുകളാണു സ്വന്തമാക്കിയത്. 14 ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തു. ചാംപ്യൻസ് ലീഗിൽ 14 ഗോളുകളാണ് മുൻ ബാർസിലോന താരം കൂടിയായ ഡെംബലെ വലയിലെത്തിച്ചത്.

2023ൽ സ്പാനിഷ് ക്ലബ്ബ് ബാർസിലോനയിൽനിന്നാണ് ‍ഡെംബലെ പിഎസ്ജിയിലെത്തുന്നത്. ചാംപ്യന്‍സ് ലീഗ് ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലാനെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കു തകര്‍ത്താണ് പിഎസ്ജി ചരിത്രത്തിലാദ്യമായി കിരീടം വിജയിച്ചത്. ചാംപ്യൻസ് ലീഗിലെ പ്ലേയർ ഓഫ് ദ് സീസണും ഡെംബലെയായിരുന്നു. 2024–25 സീസണിൽ ലീഗ് വണ്ണിലെ ടോപ് സ്കോററായ ഡെംബലെയെ, പ്ലേയര്‍ ഓഫ് ദ് ഇയറായും തിരഞ്ഞെടുത്തിരുന്നു. 2018ൽ ഫിഫ ലോകകപ്പ് വിജയിച്ച ഫ്രഞ്ച് ടീമിൽ അംഗമായിരുന്നു.

വനിതകളിൽ ബാലൻ ദി ഓർ ഹാട്രിക് മികവോടെ ബാഴ്സയുടെ സ്പാനിഷ് താരം ഐറ്റാന ബോൻമാറ്റിക്കാണ്. പരിശീലകർക്കുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം പി.എസ്.ജി പരിശീലകൻ ​ലൂയിസ് എന്റിക്വിനാണ്. ടീമിനെ ചാമ്പ്യൻസ് ട്രോഫിയിലും ലിഗ് വണ്ണിലും ഫ്രഞ്ച് കപ്പിലും ജേതാക്കളാക്കിയതിനായിരുന്നു ആദരം. ഹാൻസി ഫ്ലിക്ക്, ആർനെ സ്ലോട്ട് എന്നിവരാണ് പിന്തള്ളപ്പെട്ടവരിൽ ചിലർ. വനിതകളിൽ ഇതേ പുരസ്കാരം ഇംഗ്ലണ്ട് പരിശീലക സരിന വീഗ്മാനാണ്.

മികച്ച ടീമായും പി.എസ്.ജി തന്നെ തെരഞ്ഞെടുക്കപ്പെട്ടു. സമാനതകളില്ലാത്ത കിരീടനേട്ടങ്ങളുമായി സീസൺ തങ്ങളുടെതാക്കിയായിരുന്നു ടീം നമ്പർ വൺ ആയത്. പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ടീം ലിഗ് വൺ മത്സരത്തിൽ മാഴ്സെയോട് തോറ്റെങ്കിലും താരവും കോച്ചും ടീമും ഒന്നിച്ച് ആദരിക്കപ്പെട്ടത് ശ്രദ്ധേയമായി. ഒരിക്കലൂടെ മികച്ച യുവ താരത്തിനുള്ള കോപ അവാർഡ് തുടർച്ചയായ രണ്ടാം തവണയും ബാഴ്സയുടെ 18കാരനായ ‘വണ്ടർ ബോയ്’ ലമീൻ യമാലിനൊപ്പം നിന്ന​പ്പോൾ ഇതേ വിഭാഗം വനിതകളിൽ ബാഴ്സ വനിത ടീമിലെ വിക്കി ലോപസിനാണ് പുരസ്കാരം. മികച്ച ഗോളിക്കുള്ള യാഷിൻ ട്രോഫി മാഞ്ചസ്റ്റർ സിറ്റി കാവൽക്കാരൻ ജിയാൻലൂജി ഡോണറുമ്മക്കാണ്. വനിതകളിൽ ചെൽസിയുടെ ഹന്ന ഹാംപ്ടണും ജേതാവായി. ഏറ്റവും മികച്ച സ്ട്രൈക്കറെ ആദരിക്കുന്ന ഗേർഡ് മുള്ളർ പുരസ്കാരം ഗണ്ണേഴ്സിന്റെ സ്വീഡിഷ് താരം വിക്ടർ ഗ്യോകറസിനാണ്. വനിതകളിൽ ഇവ പാജോറും തെരഞ്ഞെടുക്കപ്പെട്ടു.