Crime

‘യേശു യേശു സുവിശേഷകന്‍’ ബാജീന്ദര്‍ സിങ്ങിന്‌ ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവ്‌

സ്വയംപ്രഖ്യാപിത സുവിശേഷ പ്രസംഗകന്‍ ബാജീന്ദര്‍ സിങ്ങിന്‌ ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവ്‌. 2018 ല്‍ ഒരു സ്‌ത്രീ നല്‍കിയ പരാതിയെത്തുടര്‍ന്നുണ്ടായ കേസില്‍ പഞ്ചാബിലെ മൊഹാലി കോടതിയാണു ശിക്ഷ വിധിച്ചത്‌. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ഇയാള്‍ പട്യാല ജയിലില്‍ കഴിയുകയായിരുന്നു.

നാല്‍പ്പത്തിരണ്ടുകാരനായ ബാജീന്ദര്‍ സിങ്ങ്‌ ‘യേശു യേശു സുവിശേഷകന്‍’ എന്ന പേരില്‍ പ്രശസ്‌തനാണ്‌. വിദേശത്തേക്കു കൊണ്ടുപോകാമെന്നു പറഞ്ഞ്‌ ഇയാള്‍ പ്രലോഭിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നെന്നാണ്‌ പരാതിക്കാരിയുടെ ആരോപണം. മൊഹാലിയിലെ വസതിയില്‍വച്ചായിരുന്നു അതിക്രമം. അതിന്റെ വീഡിയോ ഇയാള്‍ ചിത്രീകരിച്ചതായും യുവതി പറയുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന്‌ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സിങ്ങിനെ കൂടാതെ അഞ്ചു പ്രതികള്‍കൂടി കേസിലുണ്ടായിരുന്നു. ഇവരെ കോടതി വെറുതെ വിട്ടു.

ബാജീന്ദര്‍ സിങ്ങിന്റെ പേരില്‍ വേറെയും പല കേസുകളുണ്ട്‌. ഒരു സ്‌ത്രീയുമായി ഇയാള്‍ തര്‍ക്കിക്കുന്നതിന്റെയും തുടര്‍ന്ന്‌ അവരെ അടിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ അടുത്ത നാളുകളില്‍ വൈറലായിരുന്നു. ഇരുപത്തിരണ്ടുകാരിയായ മറ്റൊരു യുവതി നല്‍കിയ ലൈംഗിക പീഡനക്കേസിലും ഇയാള്‍ അന്വേഷണം നേരിടുന്നുണ്ട്‌. കുറ്റങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ പ്രത്യേക അന്വേഷണസംഘത്തെ പോലീസ്‌ രൂപീകരിച്ചിട്ടുണ്ട്‌.
2012 ലാണ്‌ ബാജീന്ദര്‍ സിങ്ങ്‌ സുവിശേഷ പ്രസംഗകനായത്‌. അത്ഭുതങ്ങളിലൂടെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നതിന്റെ പേരില്‍ വിയൊരു അനുയായികളുടെ വൃന്ദംഇയാള്‍ക്കുണ്ട്‌. ജലന്ധറിലെ താജ്‌പൂരില്‍ ചര്‍ച്ച്‌ ഓഫ്‌ ഗേ്ലാറി ആന്‍ഡ്‌ വിസ്‌ഡം എന്ന പേരിലും മൊഹാലിയിലെ മജ്രിയില്‍ മറ്റൊരു പേരിലും ഇയാള്‍ ആരാധനാസ്‌ഥാപനങ്ങള്‍ നടത്തുന്നുണ്ട. ഇന്ത്യയിലും വിദേശത്തും ഇവയ്‌ക്ക് നിരവധി ശാഖകളുണ്ടെന്നും പറയപ്പെടുന്നു. ബജീന്ദര്‍ സിങ്ങിന്റെ യു ട്യൂബ്‌ ചാനലിന്‌ ലക്ഷക്കണക്കിന്‌ അനുയായികളുമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *