യാത്രകള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് നല്‍കുക. ആ അനുഭവങ്ങളില്‍നിന്ന് ലഭിക്കുന്നത് പുതിയ അറിവുകളായിരിക്കും. ആ അറിവുകള്‍ അവരുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ ചിലപ്പോള്‍ മാറ്റി മറിക്കും. അത്തരത്തില്‍ ഒരു യാത്രയില്‍ യാത്രികനും യൂട്യൂബറുമായ ദിൽഷാദ് കണ്ട കരളലിയിപ്പിക്കുന്ന അനുഭവം ഒരു നാടിന്റെ ദാഹജല പ്രശ്നത്തിന് പരിഹാരമായി മാറി.
2021ൽ ബുള്ളറ്റിലാണ് ഇന്ത്യയില്‍ നിന്ന് ആഫ്രിക്കവരെ ദിൽഷാദ് സഞ്ചരിച്ചത്. ആഫ്രിക്കൻ നാടുകളിൽ ഏറ്റവും വലിയ വരൾച്ച നേരിടുന്ന സമയമായിരുന്നു അത്. കുടിവെള്ളമില്ലാതെ ജനങ്ങൾ കഷ്‌ടപ്പെടുന്നത് നേരിൽ കാണാനിടയായി. വേനല്‍ക്കാലത്തെ ആ യാത്രയില്‍ പടിഞ്ഞാറൻ ടാൻസാനിയയിലെത്തിയപ്പോഴാണ് ആ കാഴ്ച ദില്‍ഷാദ് കണ്ടത്. വറ്റിത്തുടങ്ങിയ പുഴയിൽനിന്ന് കുഴികളുണ്ടാക്കി അതില്‍നിന്നും കിട്ടുന്ന ചളിവെള്ളം മുക്കിയെടുത്ത് കൊണ്ടുപോയി കുടിക്കുന്ന കുഞ്ഞുങ്ങളെ ദില്‍ഷാദ് കണ്ടു, മലിനമായ ആ വെള്ളമാണ് അവർ കുടിക്കുന്നതെന്നറിഞ്ഞപ്പോൾ ജലസമൃധിയാല്‍ സമ്പന്നമായ കേരളത്തില്‍നിന്നുള്ള ദില്‍ഷാദിന്റെ ചങ്കുപിടഞ്ഞു.
ആ ഗ്രാമത്തില്‍ സാധ്യമാകുന്നത്ര കിണർ നിർമ്മിച്ച് കൊടുക്കണം എന്ന് മനസില്‍ഉറച്ചാണ് നാട്ടിലേക്ക് തിരിച്ചത്. തന്റെ ഒരു മാസത്തെ യൂട്യൂബ് വരുമാനം കൊണ്ട് എവിടെയെങ്കിലും ഒരു കിണർ പണിയണമെന്ന് ഉറപ്പിച്ചു. അടുത്തതവണ ഥാറിലാണ് വീണ്ടും ആഫ്രിക്കയിലേക്ക് പോയത്. കൂടുടകാരുടെ സഹായത്തോടെ 13 കിണറുകൾ നിർമ്മിച്ച് നൽകി. അടുത്തതായി 30 കിണറുകൾ പൂർത്തീകരിക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകഴിഞ്ഞു.
കിണർ കുഴിച്ചാൽ വെള്ളം കിട്ടുന്നിടത്ത് അങ്ങനെ, അല്ലാത്തിടത്ത് കുഴൽക്കിണർ. ചിലത് സ്‌കൂളുകളിലാണ്. കിണറിനൊപ്പം ടാങ്കും പൈപ്പ് ലൈനും ഉണ്ടാകും. കിണറിന് 20,000 മുതൽ 38,000 രൂപവരെ ചെലവുവരും. ഗ്രാമങ്ങളിലാണെങ്കിൽ നിര്‍മാണ സാധനങ്ങളെത്തിക്കാനും പ്രയാസമാണ്.
എന്നാല്‍ പണിക്കൂലി കുറവാണ്. കുഴൽക്കിണറിന് 1.20 ലക്ഷം മുതൽ 1.80 ലക്ഷം വരെയാണു ചെലവ് വരുന്നത്.