Sports

പാകിസ്താനിലും ക്രിക്കറ്റ് പണം കായ്ക്കുന്ന മരം ; ബാബര്‍ അസമിന്റെ മാസശമ്പളം എത്രയാണെന്നോ?

പഠിച്ചൊരു സര്‍ക്കാര്‍ ജോലിക്കാരനാകുന്നോ ക്രിക്കറ്റ് കളിക്കാരനാകുന്നോ എന്ന് ഇന്ത്യയില്‍ ആരോടെങ്കിലും ചോദിച്ചാല്‍ ക്രിക്കറ്റ് കളിക്കാരനെന്ന് പറയുന്ന കുറച്ചു പേരെങ്കിലുമുണ്ടാകും. വളരെയേറെ കഷ്ടപ്പെട്ടാണ് ഒരു ക്രിക്കറ്റ് കളിക്കാരന്‍ രൂപാന്തരം പ്രാപിക്കുന്നതെങ്കിലും ഇന്ത്യയില്‍ കളിക്കാരന് കിട്ടുന്ന പ്രതിഫലവും താരപ്രഭയും കേള്‍ക്കുമ്പോള്‍ ക്രിക്കറ്ററാകാന്‍ ആരും മോഹിക്കും.

ലോകത്തുടനീളമുള്ള ക്രിക്കറ്റ് രാജ്യങ്ങള്‍ ആശങ്കയോടെയാണ് കളിക്കാന്‍ ചെല്ലുന്നതെങ്കിലും ഇന്ത്യയിലെന്നപോലെ തന്നെ പാകിസ്താനിലും ക്രിക്കറ്റ് പണം കായ്ക്കുന്ന മരമാണ്. പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനും പ്രധാന കളിക്കാരില്‍ ഒരാളായ റിസ്വാനും നല്‍കുന്ന ഒരു മാസത്തെ ശമ്പളം കേട്ടാല്‍ ആള്‍ക്കാര്‍ ഞെട്ടും. ഇരുവരും പ്രതിമാസം ഇനിമുതല്‍ സമ്പാദിക്കാന്‍ പോകുന്നത് 20 ലക്ഷം രൂപയാണ്.

അടുത്തവര്‍ഷം ശമ്പള വര്‍ദ്ധനവ് കൊണ്ടുവന്നിരിക്കുന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ കണക്കുകള്‍ പ്രകാരം എ കാറ്റഗറി കരാര്‍ ഇവര്‍ ഇരുവര്‍ക്കും മാത്രമാണ് നല്‍കിയിട്ടുള്ളത്്. 25 ക്രിക്കറ്റ് താരങ്ങള്‍ക്ക് 12 മാസത്തെ കരാറില്‍ പാരിതോഷികം നല്‍കി ഏറെ വൈകിയ കേന്ദ്ര കരാര്‍ പട്ടിക കഴിഞ്ഞയാഴ്ച പിസിബി പ്രഖ്യാപിച്ചിരുന്നു. പുതിയ കണക്ക് അനുസരിച്ച് ബാബര്‍ അസമും റിസ്വാനും പ്രതിമാസം
4.5 ദശലക്ഷം പാക് രൂപയാണ് പ്രതിഫലം. ഇതിനുപുറമെ, വര്‍ധിപ്പിച്ച ഐസിസി വിഹിതത്തില്‍ നിന്ന് അവര്‍ക്ക് പ്രതിമാസം 3.7 ദശലക്ഷം പികെആര്‍ ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഇരുവരും പ്രതിമാസം 20 ലക്ഷം രൂപ സമ്പാദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കാറ്റഗറി ബി കളിക്കാര്‍ക്ക് പ്രതിമാസം 4.552 ദശലക്ഷം പികെആര്‍ ലഭിക്കും, അതേസമയം സി വിഭാഗക്കാര്‍ക്ക് 2.035 ദശലക്ഷം ലഭിക്കും. ഡി വിഭാഗത്തിലെ കളിക്കാര്‍ക്ക് പ്രതിമാസം 1.267 ദശലക്ഷം പികെആര്‍ ലഭിക്കും. കൂടാതെ, ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നതിന് സെന്‍ട്രല്‍ കരാര്‍ കളിക്കാര്‍ക്ക് നാല് ദിവസത്തെ മത്സരത്തിന് 628,898 പാക് രൂപയും ഏകദിനത്തിന് 322,310 പാക് രൂപയും T20 മത്സരത്തിന് 209,292. പാകിസ്താന്‍ രൂപയുമാണ് പ്രതിഫലം. 2024 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന 12 മാസത്തേക്കാണ് കരാറുകള്‍.