Hollywood

അവതാറിന്റെ വിസ്മയകാഴ്ചകള്‍ അവസാനിക്കുന്നില്ല ; മൂന്നാം ഭാഗം 2025 ല്‍ പുറത്തുവരും ; പിന്നാലെ നാലും അഞ്ചുമുണ്ട്

ലോക സിനിമയില്‍ കാഴ്ചയുടെ വിസ്മയം തീര്‍ത്തതാണ് അവതാര്‍ സിനിമകളുടെ വന്‍ വിജയങ്ങള്‍ക്ക് ആധാരം. 2009 ലെയും 2022 ലെയും ബോക്‌സോഫീസുകള്‍ തകര്‍ത്ത ചിത്രം ഏറ്റവും വലിയ പണംവാരി ചിത്രങ്ങളില്‍ ഒന്നാമതും മൂന്നാമതും തുടരുകയാണ്. ഒരു വര്‍ഷം മുമ്പ് പ്രേക്ഷകരെ തേടിയെത്തിയ ബോക്സ് ഓഫീസില്‍ 2.3 ബില്യണ്‍ ഡോളര്‍ നേടിയ ‘അവതാര്‍: ദി വേ ഓഫ് വാട്ടറും’ വന്‍ വിജയം നേടിയതോടെ ഫ്രാഞ്ചൈസിയുടെ പുതിയ സിനിമയുടെ തിരക്കിലാണ് സിനിമയുടെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍.

എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയ മൂന്ന് സിനിമകള്‍ കുടി ഈ ഫ്രാഞ്ചൈസിയില്‍ നിന്നും സംഭവിക്കുമെന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവതാര്‍ 3, 4, 5 എന്നിവയുടെ നിര്‍മ്മാണം താരതമ്യേന രഹസ്യമാണെങ്കിലും, ഫ്രാഞ്ചൈസി മുന്നോട്ട് പോകുന്നതില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ആരാധകര്‍ക്ക് സൂചനകള്‍ നല്‍കിക്കൊണ്ട് കാമറൂണും നിര്‍മ്മാതാവ് ജോണ്‍ ലാന്‍ഡയും സിനിമകളെക്കുറിച്ച് കുറച്ചുള്ള വിവരങ്ങള്‍ പങ്കിട്ടു. ‘ദി വേ ഓഫ് വാട്ടര്‍’ ആളുകള്‍ക്ക് പ്രവചിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലേക്ക് കുതിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. മൂന്നാമത്തെ സിനിമയില്‍ അത് ആവര്‍ത്തിക്കാന്‍ പോകുന്നെന്നാണ് 2023 ജനുവരിയില്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞത്.

ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം 2025 ലും അവതാര്‍ 4 2029-ലും അവതാര്‍ 5 2031 ലും പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അവതാര്‍ 3 യെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറക്കാര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. എന്നാല്‍ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ അവതാര്‍ 1 ല്‍ മോശമായ മനുഷ്യരെക്കുറിച്ചും പോസിറ്റീവായ നവി ഉദാഹരണങ്ങളെയും കാണിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ അവതാര്‍ ത്രീയില്‍ വ്യത്യസ്തമായ കാഴ്ചകളാകും ഉണ്ടാകുകയെന്ന് ജെയിംസ് കാമറൂണ്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍, അവതാര്‍ 3 2024 ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു, എന്നാല്‍ പിന്നീട് സ്റ്റാര്‍ വാര്‍സ്, അവഞ്ചേഴ്സ്, അവതാര്‍ തുടര്‍ച്ചകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഫിലിം ഫ്രാഞ്ചൈസികള്‍ക്കായി ഡിസ്‌നി അതിന്റെ പ്രീമിയര്‍ ലൈനപ്പ് മാറ്റി. അവതാര്‍ 3 ഇപ്പോള്‍ 2025 ഡിസംബറില്‍ റിലീസിന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്, പിന്നീടുള്ള ചിത്രങ്ങള്‍ 2029 ലും 2031 ലും എത്തും.

അവതാര്‍ 3 ഇതിനകം ചിത്രീകരിച്ചു കഴിഞ്ഞതായാണ് വിവരം. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. വിചിത്രമായ സിനിമാ രീതികള്‍ പിന്തുടരുന്നു ജെയിംസ് കാമറൂണ്‍ അവതാര്‍ 2 ഉം 3 ഉം ഒരേ സമയം ചിത്രീകരിച്ചതായിട്ടാണ് വിവരം. സിനിമയിലെ കൗമാരം പിന്നിടാത്ത നടീനടന്മാര്‍ പിന്നീട് സിനിമ ചെയ്യുമ്പോള്‍ വന്നേക്കാവുന്ന പ്രായത്തിന്റെ പ്രശ്‌നം പരിഹരിക്കാനാണത്രേ കാമറൂണ്‍ ഇങ്ങിനെ ചിത്രീകരിച്ചത്.

സാം വര്‍ത്തിംഗ്ടണ്‍ (ജേക്ക് സള്ളി), സല്‍ദാന (നെയ്ത്തിരി), സിഗോര്‍ണി വീവര്‍ (ഡോ. ഗ്രേസ് അഗസ്റ്റിന്‍, കിരി), ജോയല്‍ ഡേവിഡ് മൂര്‍ (നോര്‍ം സ്‌പെല്‍മാന്‍), ചാമ്പ്യന്‍ (ഹാവിയര്‍ ‘സ്‌പൈഡര്‍’ സോക്കോറോ), സ്റ്റീഫന്‍ ലാങ് (കേണല്‍ മൈല്‍സ് ക്വാറിച്ച്), ബ്രിട്ടന്‍ ഡാള്‍ട്ടണ്‍ (ലോക്ക്). തുടങ്ങി പരിചിതമായ നിരവധി മുഖങ്ങള്‍ മൂന്നാം ചിത്രത്തിനായി തിരിച്ചെത്തുന്നത് ആരാധകര്‍ക്ക് കാണാം.