കൊല്ലം: മാതാവിനൊപ്പം പൂജയ്ക്ക് എത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് പിടിയിലായ വ്യാജ ജോത്സ്യന് വി.എസ്. മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന്‍ബാബുവിന്റെ വെണ്ടാറിലെ ജ്യോതിഷാലയത്തിലെ മുറിയിലെ ചുവരില്‍ ചോരപ്പാടുകള്‍ കണ്ടെത്തി. ഫോറന്‍സിക് സംഘം സാമ്പിള്‍ ശേഖരിച്ചു.
രാജന്‍ബാബു പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് ബാധയൊഴിപ്പിക്കലിനായി മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ജോത്സ്യന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. സംഭവശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പ്രതി ഒളിവില്‍ പോയി. രാത്രി മുഴുവന്‍ തെരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തിങ്കളാഴ്ചയാണ് ഭരണിക്കാവിലെ ഒരു ലോഡ്ജില്‍നിന്ന് പുത്തൂര്‍ പോലീസ് ഇയാളെ പിടികൂടിയത്.
ഓട്ടോ രാജനെന്ന് അറിയപ്പെട്ടിരുന്ന ഇയാള്‍ വരുമാനം പോരെന്നു കണ്ടാണ് പിന്നീട് ജ്യോതിഷാലയം തുടങ്ങിയത്. പിന്നീട് റീല്‍സ് ചെയ്തും യുട്യൂബ് ചാനലിലൂടെ പ്രവചനങ്ങള്‍ നടത്തിയും അതിവേഗം പ്രശസ്തനായി. ഏതിനിടെ ഒമാനിലും ജ്യോതിഷ കേന്ദ്രം തുടങ്ങി. പിന്നീട് തന്ത്രിയെന്ന നിലയിലേക്കും മാറി. ചില ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠയ്ക്ക് കാര്‍മികത്വം വഹിക്കുകയും ചെയ്തു. ഇതെല്ലാം റീല്‍സാക്കി പ്രചരിപ്പിച്ചു. ഇതിനിടയിലാണ് പേര് മാറ്റി മുരാരി തന്ത്രിയെന്നാക്കിയത്. മുരാരി തന്ത്രിയെ തേടി പല ബിസിനസുകാരും കൊട്ടാരക്കര പുത്തൂരിലെത്തി. രാഷ്ട്രീയക്കാരും നിരവധി ഇവിടെയെത്തിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളില്‍ റീല്‍സുകള്‍ പോസ്റ്റ് ചെയ്ത് സജീവമായിരുന്ന രാജന്‍ബാബു, മുരാരി തന്ത്രിയെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പാട്ടും ഡാന്‍സുമാണ് പ്രിയം. വെണ്ടാറിലെ മുരാരി ജ്യോതിഷാലയത്തില്‍ ജില്ലയ്ക്കു പുറത്തു നിന്നടക്കം നിരധിയാളുകള്‍ ദിവസേന വന്നുപോയിരുന്നു. ആഢംബര ജീവിതമാണു നയിച്ചിരുന്നത്. ഓട്ടോ തൊഴിലാളിയായിരുന്ന രാജന് ബാബു, മുരാരി തന്ത്രിയെന്ന സമ്പന്നനായ ജ്യോത്സ്യനായി വളര്‍ന്നതില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.




