Oddly News

ഹൈടെക്… കൂലിക്കായി വാച്ചിൽ QR കോഡ് സെറ്റ് ചെയ്തു ‘മാസാ’യി ഓട്ടോക്കാരൻ

സാങ്കേതിക വിദ്യയുടെ കടന്നു വരവോടെ നിരവധി മാറ്റങ്ങളാണ് സമൂഹത്തിൽ പ്രകടമാകുന്നത്. മനുഷ്യൻ ബൗദ്ധികപരമായും മാനസികപരമായും ഒരുപാട് ഉ‍യരങ്ങളിലേക്കെത്തിച്ചേർത്തു. കാലം മാറുമ്പോൾ കോലവും മാറണമെന്നാണല്ലോ പറയുന്നത്. അത്തരത്തിൽ കോലമൊന്നു മാറ്റിയിരിക്കുകയാണ് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ.

പണ്ടൊക്കെ നമ്മൾ കാശ് കയ്യിൽ കൊണ്ടുനടക്കുകയായിരുന്നു പതിവ്. കാലക്രമേണ എടിഎം കാർഡുകളുടെ വരവോടെ കാർഡായി താരം. എന്നാൽ കാലം പിന്നെയും മുന്നോട്ട് പോയപ്പോൾ ജിപെയും ഫോൺപേയും പേടിഎം എല്ലാം വന്നു.

പണം കൈയിൽ കൊണ്ടു നടക്കുന്ന നമ്മൾ ഇപ്പോൾ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് നടക്കുകകാണ്. കടകളിലായാലും വണ്ടികളിലായാലും ക്യൂ ആർ കോഡ് ഒട്ടിച്ചിട്ടുണ്ടാകും. എന്നാൽ അവ നിങ്ങളുടെ സ്മാർട്ട് വാച്ചിൽ ആണെങ്കിലോ?

ബംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറാണ് തന്റെ സ്മാർട്ട് വാച്ചിൽ ക്യൂ ആർ കോഡ് സെറ്റ് ചെയ്ത് യാത്രക്കാരിൽ നിന്ന് യാത്രക്കൂലി വാങ്ങുന്നത്. വിശ്വജീത് എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് ഇതിന്റ ഫോട്ടോ പങ്കുവച്ചതോടെ സംഭവം വൈറലായി. ടെക്കികൾ അരങ്ങു വാഴുന്ന ബംഗളൂരിൽ ഇതൊക്കെ നിസാരം എന്നാണ് പോസ്റ്റ് കണ്ടവർ അഭിപ്രായപ്പെട്ടത്.

ഫോട്ടോ ഓൺലൈനിൽ പങ്കിട്ടതിന് പിന്നാലെ, അത് പെട്ടെന്ന് വൈറലാകുകയും 28,000-ലധികം ലൈക്കുകൾ നേടുകയും 6,12,000-ലധികം കാഴ്ചകൾ നേടുകയും ചെയ്തു.