ആകെപ്പാടെ 800 പേര്‍ മാത്രമുള്ള ഒരു ഗ്രാമം. പക്ഷേ ദിനംപ്രതി ഗ്രാമം കാണാനെത്തുന്നവരുടെ എണ്ണം 10,000 വീതം. പ്രത്യേകിച്ച് മഞ്ഞുകാലത്ത് ഇവിടേയ്ക്ക് വരുന്ന ആളുകളുടെ എണ്ണം പിന്നെയും കൂടും. പറഞ്ഞുവരുന്നത് തടാകത്തിന്റെയും ആല്‍പിന്‍ മലനിരകളുടെയും ഇടയില്‍ കൂടുകൂട്ടിയിരിക്കുന്ന ഓസ്ട്രിയയിലെ സാല്‍സ്‌കാമര്‍ഗട്ട് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഹാള്‍സ്റ്റാറ്റ് എന്ന ചെറിയ ഗ്രാമത്തെക്കുറിച്ചാണ്.
വെറും 800 ആളുകള്‍ വസിക്കുന്ന ഈ മനോഹരമായ ഗ്രാമം ഓസ്ട്രിയയിലെ ഏറ്റവും മികച്ച യാത്രാ കേന്ദ്രങ്ങളിലൊന്നും യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലവുമാണ്. അതുല്യമായ ആല്‍പൈന്‍ പാരമ്പര്യത്തിനും അതിശയകരമായ ഉപ്പ് ഖനിക്കും പേരുകേട്ടതാണ് ഹാള്‍സ്റ്റാറ്റ്. സോഷ്യല്‍ മീഡിയയുടെ കാലത്ത് ഹാള്‍സ്റ്റാറ്റിലേക്കുള്ള സന്ദര്‍ശകരുടെ തിരക്ക് പക്ഷേ ഗ്രാമത്തെയും ഗ്രാമീണരെയും അസ്വസ്ഥപ്പെടുത്തുന്നു.
മഞ്ഞുകാലം അവരുടെ വീടിനെ ഒരു പറുദീസയാക്കി മാറ്റുമ്പോള്‍, ഗ്രാമീണര്‍ക്ക് അത് ഉത്കണ്ഠയുടെ ഒരു സീസണും നല്‍കുന്നു. ഓവര്‍ടൂറിസം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുകയാണ് ഹാള്‍സ്റ്റാറ്റിലെ നിവാസികള്‍. തിരക്കേറിയ സീസണില്‍ ദിനംപ്രതി 10,000 സന്ദര്‍ശകരെ കാണുന്ന മനോഹരമായ ഗ്രാമം, അതിലെ നിവാസികളുടെ സ്വകാര്യതയും ശാന്തതയും നഷ്ടപ്പെടുത്തുന്നെന്നാണ് അവരുടെ ആവലാതി.
ഗ്രാമീണര്‍ ജനക്കൂട്ടത്തെക്കൊണ്ടു പൊറുതിമുട്ടിയതോടെ സ്ഥിതി ലഘൂകരിക്കാന്‍, വൈകുന്നേരം 5 മണിക്ക് ശേഷം ടൂറിസ്റ്റ് ബസുകള്‍ നിര്‍ത്തുക, തുരങ്കം അടച്ച് താല്‍ക്കാലികമായി തടയുക തുടങ്ങിയ നടപടികള്‍ അധികൃതര്‍ നടപ്പാക്കിയിട്ടുണ്ട്. കുടിയേറ്റം നിയന്ത്രിക്കാന്‍ ഗ്രാമവാസികള്‍ സെല്‍ഫി വിരുദ്ധ വേലികള്‍ സ്ഥാപിക്കുന്നതിനും ജനപ്രിയമായ കുന്നിലേക്കുള്ള യാത്രകള്‍ക്ക് തടയിടുക പോലെയുള്ള കാര്യങ്ങളും അവലംബിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ പരതിയാല്‍ ഗ്രാമത്തിന്റെ മനോഹര ചിത്രങ്ങള്‍ അനേകം കാണാനായേക്കും.
വിയന്നയില്‍ നിന്നും സാല്‍സ്ബര്‍ഗില്‍ നിന്നും തീവണ്ടിമാര്‍ഗ്ഗം എത്തിച്ചേരാന്‍ കഴിയുന്ന രീതിയിലാണ് ഓസ്ട്രിയ ഈ ടൂറിസം കേന്ദ്രത്തിന് ഗതാഗത സൗകര്യം ഒരുക്കിയിരിക്കുന്നത് തടാകത്തിന് കുറുകെയാണ് ഹാള്‍സ്റ്റാറ്റിനുള്ള ട്രെയിന്‍ സ്റ്റേഷന്‍. പട്ടണത്തിലെത്താന്‍ കടത്തുവള്ളം ഉപയോഗിക്കാം. അത് തടാകത്തിന്റെയും അതിന് അതിരായി നില്‍ക്കുന്ന മഞ്ഞുമൂടിയ മലനിരയുടേയും മനോഹര കാഴ്ചകള്‍ നല്‍കും. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉപ്പ് ഖനിയും ഹാള്‍സ്റ്റാറ്റില്‍ തന്നെയാണ്.
ഹാള്‍സ്റ്റാറ്റിന്റെ ഹൃദയഭാഗം മാര്‍ക്കറ്റ് സ്‌ക്വയറാണ്. 14-ാം നൂറ്റാണ്ടിന്റെ അടിത്തറയും 16-ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചിട്ടുള്ള വര്‍ണ്ണാഭമായ വഐടുകളും പൈതൃകത്തെ സൂചിപ്പിക്കും. സ്‌ക്വയറിന്റെ മധ്യഭാഗത്ത് 1743 ല്‍ സ്ഥാപിച്ച ഹോളി ട്രിനിറ്റി കോളം ഉണ്ട്. 1050-ല്‍ ഇവിടെ ക്രിസ്ത്യന്‍ ആരാധന നടന്നതിന്റെ തെളിവുകള്‍ ഉണ്ടായിരുന്നു. 1181 വരെ ഇവിടെ പള്ളി ഇല്ലായിരുന്നു. 1320-ല്‍ മരിയ ഹില്‍ഫ് തീര്‍ത്ഥാടന ദേവാലയം സമര്‍പ്പിക്കപ്പെട്ടു. ഇവിടുത്തെ സെമിത്തേരി മനോഹരവും ഹാള്‍സ്റ്റാറ്റിന്റെ ചില നല്ല കാഴ്ചകള്‍ പ്രദാനം ചെയ്യുന്നതുമാണ്!
ഹാള്‍സ്റ്റാറ്റിന്റെ നിധികളില്‍ ഒന്നാണ് ചാര്‍ണല്‍ ഹൗസ്. പെയിന്റ് ചെയ്ത തലയോട്ടികളുടെ ശ്രദ്ധേയമായ ശേഖരം ഇതിലുണ്ട്. ശ്മശാനം ചെറുത് ആയതിനാല്‍ പത്ത് വര്‍ഷത്തിന് ശേഷം കുഴിച്ചിടപ്പെട്ട മൃതദേഹങ്ങളുടെ അസ്ഥികൂടങ്ങള്‍ മാറ്റുന്നു. തലയോട്ടികള്‍ പിന്നീട് ചിഹ്നങ്ങളും വ്യക്തിയുടെ മരണ തീയതിയും കൊണ്ട് അലങ്കരിച്ചിരിക്കും.