Sports

സര്‍വ്വതും പിഴച്ചു, കലാശപ്പോരില്‍ ഇന്ത്യയെയും ഓസീസ് പഠിപ്പിച്ചു; കപ്പ് കൈവിട്ട് നീലക്കടുവകള്‍

അഹമ്മദാബാദ്: ബാറ്റിംഗിലും ബൗളിംഗിലും ഈ ലോകകപ്പില്‍ ഇതുവരെ കാണാത്ത ഒരു ഇന്ത്യന്‍ ടീമിനെ കണ്ട മത്സരത്തില്‍ ഓസ്ട്രേലിയയോട് ആറു വിക്കറ്റിന് തോറ്റ് ഇന്ത്യ ലോകകപ്പ് കൈവിട്ടു. നിര്‍ണ്ണായക ഫൈനലില്‍ സെഞ്ച്വറിയുമായി ആതിഥേയ ടീമിനെ കിരീടത്തിലേക്ക് നയിച്ച് ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് ഇന്ത്യയുടെ വിധി കുറിച്ചു.

കലാശപ്പോരില്‍ സ്വന്തം ടീമിന്റെ വിജയം കാണാനെത്തിയ 1,30,000 കാണികള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ ബാറ്റിംഗും ബൗളിംഗും ഒരുപോലെ പാളി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഓസീസ് ഇന്ത്യയെ 240 റണ്‍സിന് ചുരുട്ടിക്കെട്ടിയപ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ഒന്നാകെ തകര്‍ന്നു വീണു. ട്രാവിസ് ഹെഡിന്റെയും മാര്‍നസ് ലെബുഷാനേയുടേയും ഉജ്വല കൂട്ടുകെട്ട് പൊളിക്കാനാകാതെ ഇന്ത്യ ആറു വിക്കറ്റിന് കീഴടങ്ങി. ബൗളിംഗില്‍ ആദ്യം തന്നെ മൂന്ന് വിക്കറ്റ് വീണതൊഴിച്ചാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കൊന്നും ടീമിന് വേണ്ട ബ്രേക്ക് ത്രൂ കണ്ടെത്താനായില്ല. ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാര്‍ ഒരു പിഴവും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നല്‍കിയുമില്ല.

തുടക്കത്തിലേ ഓസീസിന്റെ മൂന്ന് വിക്കറ്റുകള്‍ തകര്‍ത്ത് ഇന്ത്യയ്ക്ക് തിരിച്ചടിക്കാന്‍ കഴിഞ്ഞെങ്കിലും അതൊക്കെ താല്‍ക്കാലിക ശാന്തിമാത്രമായിരുന്നു. വാര്‍ണറെയും മാര്‍ഷിനെയും സ്മിത്തിനെയും നഷ്ടമായി 41 ന് മൂന്ന് വിക്കറ്റ് നഷ്ടമായിടത്ത് നിന്നും സെഞ്ച്വറി നേട്ടക്കാരന്‍ ട്രാവിസ് ഹെഡും അര്‍ദ്ധശതകക്കാരന്‍ ലബുഷാനേയും ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന 198 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കി. 97 പന്തുകളില്‍ സെഞ്ച്വറി നേടിയ ഹെഡ് 120 പന്തുകളില്‍ 137 റണ്‍സ് എടുത്തു. 15 ബൗണ്ടറികളും നാലു സിക്സറുകളും പറത്തിയ ഹെഡ് സെഞ്ച്വറി നേടിക്കഴിഞ്ഞ് തകര്‍പ്പനടിയും പുറത്തെടുത്തതോടെ ഇന്ത്യയുടെ വിധിയെഴുത്തു പൂര്‍ത്തിയായി.

ടീമിനെ വിജയത്തിന് രണ്ടു റണ്‍സ് പിന്നിലാണ് ഹെഡ് പുറത്തായത്. ലബുഷാനെ പുറത്താകാതെ 110 പന്തുകളില്‍ 58 റണ്‍സ് നേടി. നാലു ബൗണ്ടറികളാണ് ലബുഷാനേ പറത്തിയത്. ഒടുവില്‍ വിന്നിംഗ് റണ്‍ നേടാനുള്ള ചുമതല ഗ്ളെന്‍ മാക്സ്വെല്ലിനായിരുന്നു.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി കെ.എല്‍. രാഹുലിന്റെയും വിരാട്കോഹ്ലിയുടേയും അര്‍ദ്ധശതകവും രോഹിതിന്റെ ബാറ്റിംഗുമാണ് തുണയായത്. 31 പന്തില്‍ 47 റണ്‍സുമായി രോഹിത് നല്ല തുടക്കം നല്‍കിയെങ്കിലും പിന്നാലെ വന്നവര്‍ക്ക് അത് മുതലെടുക്കാനായില്ല. നാലു ബൗണ്ടറിയും മൂന്ന് സിക്സറുകളും പായിച്ച രോഹിത് ശര്‍മ്മ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകനും ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരവുമായി മാറി.

വിരാട്കോഹ്ലി 54 ന് പുറത്തായി. 63 പന്തുകളില്‍ നാലു ബൗണ്ടറി മാത്രമായിരുന്നു കോഹ്ലി നേടിയത്. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഓസീസിന്റെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ മറികടന്ന് രണ്ടാമനായി. സച്ചിനാണ് മുന്നിലുള്ളത്. കെ.എല്‍. രാഹുലിന് മെല്ലെപ്പോക്കായിരുന്നു. 107 പന്തുകളില്‍ നിന്നുമായിരുന്നു അദ്ദേഹം 66 റണ്‍സടിച്ചത്. ഒരു ബൗണ്ടറി നേടി.

കഴിഞ്ഞ മത്സരത്തില്‍ മികച്ചു നിന്ന ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവുമെല്ലാം നനഞ്ഞ പടക്കങ്ങളായി. ഓസ്ട്രേലിയയുടെ ഉജ്വലമായ ബൗളിംഗും ഫീല്‍ഡിംഗും ഇന്ത്യയ്ക്ക് റണ്‍ നല്‍കുന്നതില്‍ പിശുക്കുകാട്ടുകയും ചെയ്തപ്പോള്‍ ഓസീസിന്റെ പ്രൊഫഷണലിസത്തിന് മുന്നില്‍ ഇന്ത്യ വീണു. ടൂര്‍ണമെന്റില്‍ അപാരാജിതരായി പത്തു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ പതിനൊന്നാമത്തെ കലാശപ്പോരില്‍ ഇടറി വീഴുന്നത് കണ്ട് തലയില്‍ കൈവെച്ചിരിക്കാനേ പതിനായികരക്കണക്കിന് വരുന്ന കാണികള്‍ക്ക് കഴിഞ്ഞുള്ളൂ.