Sports

പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യ സന്ദേശം എഴുതിയ ഷൂ ധരിക്കാന്‍ ഖ്വാജയെ ഐസിസി അനുവദിച്ചില്ല

ഇസ്രായേല്‍ ഹമാസ് പോരാട്ടത്തില്‍ മരിച്ചു വീണു കൊണ്ടിരിക്കുന്ന പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനുള്ള ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയുടെ നീക്കത്തിന് തടയിട്ടു. ‘എല്ലാ ജീവനും തുല്യമാണ്’ എന്ന സന്ദേശം കുറിച്ച ഷൂസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ധരിക്കാനുള്ള താരത്തിന്റെ ആവശ്യം തള്ളി. ഇതോടെ കറുത്ത ആംബാന്‍ഡ് ധരിച്ച് താരം ഇറങ്ങി.

പാകിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ചയാണ് തുടങ്ങിയത്. ഇസ്രായേല്‍ – ഹമാസ് യുദ്ധത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടമായത് ഉയര്‍ത്തിക്കാട്ടുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷൂ മത്സരത്തില്‍ ധരിക്കാന്‍ താന്‍ പദ്ധതിയിട്ടിരുന്നതായി ഖ്വാജ സൂചിപ്പിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇടപെടുകയായിരുന്നു. ടീമിന്റെ യൂണിഫോമിലോ ഉപകരണങ്ങളിലോ രാഷ്ട്രീയമോ മതപരമോ ആയ പ്രസ്താവനകള്‍ പ്രദര്‍ശിപ്പിക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി നിരോധിച്ചിട്ടുണ്ട്. ടീമിനെ ഒന്നാകെ ബാധിക്കുമെന്നതിനാല്‍ ആ സാഹചര്യം ഒഴിവാക്കാന്‍ താന്‍ വിധി പാലിക്കുമെന്നും എന്നാല്‍ ഐസിസിയുടെ നിലപാടിനെ വെല്ലുവിളിക്കുമെന്നും ഖ്വാജ പറഞ്ഞു.

അഞ്ചുദിവസം നീളുന്ന ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന പാക് വംശജനാണ് ഖ്വാജ. ഷൂസ് അനുവദിക്കാതെ വന്നതിനെ തുടര്‍ന്ന് ഗാസയില്‍ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ കറുത്ത ബാന്‍ഡ് ധരിച്ചാണ് ഖ്വാജ മത്സരത്തിന് ഇറങ്ങിയത്. താന്‍ ഷൂവില്‍ എഴുതിയത് രാഷ്ട്രീയമോ ഭിന്നിപ്പുണ്ടാക്കാന്‍ ഉദ്ദേശിച്ചോ അല്ലെന്ന് താരം പറഞ്ഞു. വാര്‍ണറുമായുള്ള 126 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 41 റണ്‍സ് നേടിയ അദ്ദേഹം 30-ാം ഓവറില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ബൗളിംഗില്‍ പുറത്താകുകയും ചെയ്തു.

അതേസമയം ഖ്വാജയെ ഷൂസ് ധരിക്കാന അനുദിക്കാത്തത് വലിയ ചര്‍ച്ചയായി മാറി. പ്രീ-ഗെയിം ടിവി അഭിമുഖങ്ങളില്‍, മറ്റ് കാരണങ്ങള്‍ക്ക് പിന്തുണ കാണിക്കാന്‍ ക്രിക്കറ്റ് താരങ്ങളെ അനുവദിച്ചതിന്റെ പൂര്‍വ്വാനുഭവങ്ങളുണ്ടെന്ന് ഖ്വാജ പറഞ്ഞിരുന്നു. രാജ്യത്തിന്റെ ഫെഡറല്‍ ട്രഷറര്‍ ജിം ചാല്‍മേഴ്സ് വരെ 36 കാരനായ ബാറ്ററിന് ഉയര്‍ന്ന തലത്തിലുള്ള പിന്തുണ ഉണ്ടായിരുന്നതായി ഓസീസ് നായകന്‍ പാറ്റ് കുമ്മിന്‍സ് പറഞ്ഞു. ”’ഷൂസില്‍ ഉണ്ടായിരുന്നത് എല്ലാ ജീവിതങ്ങളും തുല്യമാണ്’ എന്നാണ്. ഞാന്‍ അതിനെ പിന്തുണയ്ക്കുന്നു. അത് ഭിന്നിപ്പിക്കുന്ന കാര്യമല്ല. ആര്‍ക്കെങ്കിലും അതിനെക്കുറിച്ച് പരാതി ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.” കമ്മിന്‍സ് പറഞ്ഞു.