Oddly News

14-ാംനിലയുടെ മുകളില്‍ ആത്മഹത്യാ ശ്രമം: 21കാരനെ വിദഗ്ദമായി രക്ഷിച്ച് അയല്‍ക്കാര്‍: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

നോയിഡയില്‍ അപ്പാര്‍ട്‌മെന്റിന്റെ പതിനാലാം നിലയുടെ മുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമം നടത്തിയ 21 കാരനെ അതിവിദഗ്ധമായി രക്ഷിച്ച് അയല്‍ക്കാര്‍. തിങ്കളാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ക്ക് അയല്‍ക്കാര്‍ സാക്ഷ്യം വഹിച്ചത്. ആത്മഹത്യ ചെയ്യാനായി ബാല്‍ക്കണിയില്‍ നിന്ന യുവാവിനെ നോയിഡയിലെ സൂപ്പര്‍ടെക് കേപ്ടൗണ്‍ സൊസൈറ്റി നിവാസികളാണ് രക്ഷപ്പെടുത്തിയത്.

സംഭവത്തിന് പിന്നാലെ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും അധികൃതര്‍ വെളിപ്പെടുത്തി.

യുവാവ് ബാല്‍ക്കണിയില്‍ തൂങ്ങിക്കിടക്കുന്നത് പരിസരവാസികള്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍പ് സമീപവാസി പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വീഡിയോയില്‍ സമീപ വാസികളായ രണ്ടുപേര്‍ ചാടാന്‍ ഒരുങ്ങി നില്‍ക്കുന്ന യുവാവിന് അടുത്തേക്ക് ഓടുന്നതും വേഗം തന്നെ പിടിച്ചു പുറകോട്ട് വലിച്ചുകയറ്റുന്നതുമാണ് കാണുന്നത്. അവരുടെ പെട്ടെന്നുള്ള ചിന്തയും സമയോചിതമായ ഇടപെടലും വലിയ ഒരു ദുരന്തമാണ് ഒഴിവാക്കിയത്.

പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം നോയിഡയിലെ സെക്ടര്‍ 41 ലേക്ക് പോകുന്നതിന് മുമ്പ് യുവാവ് കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. സംഭവദിവസം ബന്ധുക്കളെ അറിയിക്കാതെ സൂപ്പര്‍ടെക് കേപ്ടൗണിലെത്തിയ ഇയാള്‍ പിന്നീട് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. രാവിലെ 10:30 ഓടെ അധികാരികള്‍ വിവരം അറിയുകയും, സ്ഥലത്ത് എത്തികയും ചെയ്തു. തുടര്‍ന്ന് ഇവര്‍ യുവാവിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ യുവാവിന്റെ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് അറിയാവുന്ന കുടുംബം പിന്നീട് അവനെ വീട്ടിലേക്ക് കൊണ്ടുപോയി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സംഭവത്തില്‍ കൂടുതല്‍ നടപടികളൊന്നും ഉണ്ടാകില്ലെന്നും പ്രാദേശിക അധികാരികള്‍ വ്യക്തമാക്കി.