Crime

യുവതിക്ക് രണ്ടുപേരുമായി പ്രണയം ; ലിവിംഗ് ടുഗദറിന് ശേഷം ആദ്യ കാമുകനെ രണ്ടാമത്തെ കാമുകനെക്കൊണ്ട് തട്ടി…!

ഗുവാഹത്തി: സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 27 കാരനെ കൊലപ്പെടുത്തിയതിന് ഇരയുടെ കാമുകി, അവളുടെ രണ്ടാം കാമുകന്‍, അവന്റെ രണ്ട് കൂട്ടാളികള്‍, അവളുടെ മാതാപിതാക്കള്‍ എന്നിവരുള്‍പ്പെടെ ആറ് പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു.

സിനിമയെ വെല്ലുന്ന നാടകീയതകള്‍ നിറഞ്ഞ കുറ്റകൃത്യമായിരുന്നു പോലീസ് കുരുക്കഴിച്ചത്. ഒക്ടോബര്‍ 12 ന് രാത്രി 8.10 ന് നഗരത്തിലെ ഖനപര പ്രദേശത്ത് അഞ്ജന്‍ നാഥ് എന്നൊരാള്‍ ഒരു അജ്ഞാതന്റെ വെടിയേറ്റ് മരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. നെഞ്ചില്‍ വെടിയേറ്റ ഇരയെ ഉടന്‍ പോലീസ് കണ്ടെത്തുകയും ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

പിന്നീട് ഇരയുടെ മൂത്ത സഹോദരന്‍ നഗരത്തിലെ ബസിസ്ത പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (എസിപി) ബാസിസ്തയുടെ നേതൃത്വത്തില്‍ ഈസ്റ്റ് ഗുവാഹത്തി പോലീസ് ഡിസ്ട്രിക്റ്റില്‍ (ഇജിപിഡി), ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക സംഘം രൂപീകരിച്ചു. തെളിവിനായി എല്ലാ സ്ഥലത്തും പരതി. ഒടുവില്‍ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കണ്ടെത്തിയതോടെ ഇവര്‍ കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് സമ്മതിച്ചു.

പ്രതികളില്‍ ഒരാളും കഥയിലെ നായികയുമായ ഗീതാശ്രീ സിന്‍ഹ (29) മുമ്പ് രണ്ടുതവണ വിവാഹിതയായിട്ടുണ്ട്. രണ്ടാം വിവാഹത്തില്‍ ആറ് വയസ്സുള്ള കുട്ടിയുമുണ്ട്. ഗീതാശ്രീ തന്റെ രണ്ടാമത്തെ ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ് ഗുവാഹത്തിയില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. ഈ സമയത്ത് അവള്‍ തന്റെ ബാല്യകാല സുഹൃത്തും കേസിലെ ഇരയുമായ അഞ്ജന്‍ നാഥിനെ കാണുകയും അയാളുമായി പുതിയൊരു പ്രണയം തുടങ്ങുകയും ചെയ്തത്. ഇരുവരും ഒരുമിച്ച് ജീവിക്കാനും തുടങ്ങി.

ഒരു മോട്ടോര്‍ വാഹന ഡീലര്‍ഷിപ്പില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന നാഥുമായുള്ള മകളുടെ പുതിയ ബന്ധത്തില്‍ ഗീതാശ്രീയുടെ മാതാപിതാക്കള്‍ക്ക് എതിര്‍പ്പായിരുന്നു. അതിനിടയില്‍ ഗീതശ്രീ ജോലി ചെയ്യുന്ന മസാജ് പാര്‍ലറില്‍ ഒരിക്കല്‍ കൊലപാതകക്കേസിലെ മുഖ്യപ്രതി സൗരഭ് ഗോയങ്ക വരാനിടയായി. ഇയാളുമായും ഗീതാശ്രീ പ്രണയത്തിലായി. ഈ ബന്ധം ആഴത്തിലായതോടെ ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. ഇക്കാര്യത്തില്‍ ഗീതാശ്രീ മാതാപിതാക്കളില്‍ നിന്നും സമ്മതവും വാങ്ങിച്ചു.

ഇതിനിടയിലാണ് നാഥ് ഈ ബന്ധത്തിന് തടസ്സവുമായി എത്തിയത്. നാഥുമായുള്ള മകളുടെ ബന്ധത്തില്‍ തൃപ്തരല്ലാതിരുന്ന ഗീതാശ്രീയുടെ മാതാപിതാക്കള്‍ ആദ്യം മന്ത്രവാദം ഉപയോഗിച്ച് നാഥിനെ അകറ്റാന്‍ തീരുമാനിച്ചു. ഇതിനായി ഒരു മന്ത്രവാദിയെക്കൊണ്ട് കൂടോത്രവും ചെയ്യിച്ചു. എന്നാല്‍ ആ ശ്രമവും പരാജയപ്പെട്ടതോടെ നാഥിനെ ഇല്ലാതാക്കാന്‍ ഗോയങ്കയോട് ഗീതാശ്രീയുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഗോയങ്ക തന്റെ സുഹൃത്തായ ഗോവിന്ദ് റേയ്ക്കൊപ്പം ബീഹാറിലെ സമസ്തിപൂരില്‍ പോയി 55,000 രൂപയ്ക്ക് ഒരു നാടന്‍ പിസ്റ്റള്‍ വാങ്ങി. ആയുധം വാങ്ങിയ ശേഷം, ഗോയങ്ക, ഗോവിന്ദ് റേ, മറ്റൊരു കൂട്ടാളി അര്‍ബിന്ദ് റേ എന്നിവരും നാഥ് സ്ഥിരമായി സന്ദര്‍ശിച്ചിരുന്ന വഴികളും സ്ഥലങ്ങളും പരിശോധിച്ചു. എല്ലാ സംഭവവികാസങ്ങളിലും ഗോയങ്ക ഗീതാശ്രീയെ അകറ്റിനിര്‍ത്തി.

എന്നാല്‍ നാഥിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയില്‍ അവള്‍ സജീവമായി പങ്കെടുത്തു. അന്വേഷണത്തില്‍, ഗോയങ്കയുമായി ബന്ധപ്പെടാന്‍ ഗീതാശ്രീ ഒരു പ്രത്യേക മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്സെറ്റിനൊപ്പം പ്രത്യേക സിമ്മും സമാന്തരമായി ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി.

കൊലപാതക ദിവസം, ഗോയങ്ക ആദ്യം തന്റെ സുഹൃത്തിന്റെ മോട്ടോര്‍സൈക്കിളുമായി സ്‌കൂട്ടര്‍ മാറ്റി, ഗീതാശ്രീയുടെ സഹായത്തോടെ നാഥിന്റെ റൂട്ട് ട്രാക്ക് ചെയ്യാന്‍ തുടങ്ങി. അതേസമയം, ഗീതാശ്രീ ഇരയുമായും കൊലയാളിയുമായും വെവ്വേറെ ഫോണ്‍ നമ്പറുകളില്‍ നിന്നും വിളിക്കുകയും നാഥിന്റെ റൂട്ടും മറ്റു കാര്യങ്ങളും ഗോയങ്കയ്ക്ക് ചോര്‍ത്തിക്കൊടുത്തുകൊണ്ടുമിരുന്നു.

ഗീതാശ്രീ നല്‍കിയ വിവരമനുസരിച്ച്, ഗോയങ്ക ആദ്യം നാഥിന്റെ ജോലിസ്ഥലത്തേക്ക് പോകുകയും അവന്‍ പുറത്തു വരുന്നത് വരെ കാത്തിരിക്കുകയും ചെയ്തു. നാഥ് ജോലികഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഗോയങ്ക അവനെ പിന്തുടരുകയും ഖാനപാറ പ്രദേശത്ത് വെച്ച് നാഥിനെ തടഞ്ഞുനിര്‍ത്തി പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്ന് വെടിയുതിര്‍ക്കുകയും തോക്ക് നദിയിലേക്ക് വലിച്ചെറിഞ്ഞ് അവിടെ നിന്നും മുങ്ങുകയും ചെയ്തു.

കുറ്റകൃത്യം ചെയ്ത ശേഷം നാഥിനെ ഇല്ലാതാക്കിയതായി ഗോയങ്ക ഗീതാശ്രീയെയും മാതാപിതാക്കളെയും അറിയിച്ചു. പ്രതികളായ സൗരഭ് ഗോയങ്ക, ഗീതാശ്രീ സിന്‍ഹ, അവളുടെ മാതാപിതാക്കളായ ജര്‍ണ സിന്‍ഹ, അജിത് സിന്‍ഹ, ഗുവാഹത്തി സ്വദേശികളായ ഗോവിന്ദ് റേ, ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ നിന്നുള്ള ഗോവിന്ദ് റേ, ബിഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ള അര്‍ബിന്ദ് റേ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തില്‍, ഒരു ഒഴിഞ്ഞ കാട്രിഡ്ജും ആറ് മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്സെറ്റുകളും പിടിച്ചെടുത്തു