തന്നോട് ഓട്ടോഗ്രാഫ് ചോദിച്ച വിരാട്കോഹ്ലിയുടെ ആരാധികയോട് ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മ പറഞ്ഞ മറുപടി വൈറലാകുന്നു. രണ്ടാം ടെസ്റ്റിന് മുമ്പായി ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ നടന്ന പരിശീലന സെഷനിലായിരുന്നു ആരാധിക രോഹിതിനെ ഓട്ടോഗ്രാഫിനായി സമീപിച്ച് കോഹ്ലിക്ക് സന്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടത്. പരിശീലനം കഴിഞ്ഞ് കിറ്റുമായി മടങ്ങി വരുമ്പോള്‍ മുകളില്‍ നിന്നും ആരാധിക താരത്തെ ഓട്ടോഗ്രാഫിനായി വിളിക്കുകയായിരുന്നു.
അവിടെ നില്‍ക്ക് ഞാന്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ രോഹിത് ആരാധികയുടെ അരികിലെത്തി അവരുടെ ഓട്ടോഗ്രാഫ് വാങ്ങുന്നതിനിടയില്‍ താരത്തിന് നന്ദി പറഞ്ഞ പെണ്‍കുട്ടി താന്‍ വിരാട്കോഹ്ലിയുടെ കടുത്ത ആരാധികയാണെന്ന് പറയുകയായിരുന്നു.
”രോഹിത് ഭായ്, ദയവായി ഓട്ടോഗ്രാഫ് തരൂ” എന്ന് ആരാധിക പറഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഓട്ടോഗ്രാഫ് ഒപ്പിടുന്നതിനിടയില്‍ വിരാട്കോഹ്ലിയോട് അദ്ദേഹത്തിന്റെ വലിയ ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറയാമോയെന്നും ചോദിച്ചു. ഉടന്‍ തന്നെ രോഹിത് ‘ഞാന്‍ വിരാടിനോട് പറയാം’ എന്ന് പ്രതികരിച്ചു. താരത്തിന്റെ വിനയവും എളിമയുമാണ് ഇതിന്റെ പേരില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ആദ്യ ടെസ്റ്റില്‍ തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യ പുണെയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വിജയിക്കാനുള്ള ദൃഡനിശ്ചയത്തിലാണ്. ഏതാണ്ട് പൂര്‍ണ്ണ ശക്തിയുള്ള ഒരു സ്‌ക്വാഡിനെ ഇറക്കാനാണ് ഉദ്ദേശം. റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും ഫിറ്റ്നാണെന്ന് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ദോസ്‌ചേറ്റ് സ്ഥിരീകരിച്ചു. പരിക്കില്‍ നിന്ന് രണ്ട് കളിക്കാരും സുഖം പ്രാപിച്ചുവരികയാണ്.
ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിംഗ്‌സിനിടെ കാല്‍മുട്ടിന് പരിക്കേറ്റ പന്ത് ഫീല്‍ഡ് വിട്ടിരുന്നു, മത്സരത്തിന്റെ ശേഷിക്കുന്ന സമയത്ത് വിക്കറ്റ് കീപ്പിംഗ് ചുമതലകളിലേക്ക് തിരിച്ചെത്തിയില്ല. ധ്രുവ് ജൂറലാണ് പിന്നീട് കളിയില്‍ വിക്കറ്റ് കാത്തത്.