Good News

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇവിടെയാണ്…

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം അന്വേഷിച്ച് ചൈനയിലോ ജപ്പാനിലോ പേകേണ്ട, കാരണം അത് നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്.
കേരളീയരായ നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേയ്ക്ക് വരുന്നത് ചെളി നിറഞ്ഞ റോഡുകള്‍, കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പമ്പുകള്‍, കാളവണ്ടികള്‍, വൈദ്യുതി എത്തിനോക്കാത്ത മണ്‍വീടുകള്‍, പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ എന്നിവയൊക്കെയാണ്. പക്ഷേ, ഗുജറാത്തിലെ ഭുജിലെ ഈ ഗ്രാമം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് തന്നെ മാറ്റും.

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം എന്നറിയപ്പെടുന്ന മധാപ്പര്‍ ഗുജറാത്തിലെ ഭുജിന്റെ പ്രാന്തപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 32,000 ജനസംഖ്യയുള്ള ഈ ഗ്രാമത്തിലെ താമസകഎകാരുടെ സ്ഥിര നിക്ഷേപം 7,000 കോടി രൂപയാണ്. ഇതിന്റെ ഒരു കാരണം ജനസംഖ്യയില്‍ 65% വരുന്ന പ്രവാസികളാണ്. ഇവര്‍ എല്ലാ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് പ്രാദേശിക ബാങ്കുകളിലും പോസ്റ്റോഫീസുകളിലും നിക്ഷേപിക്കുന്നത്.

രാജ്യത്ത പ്രധാന പൊതു- സ്വകാര്യ ബാങ്കുകളുടെ 17 ശാഖകളാണ് ആ ഗ്രാമത്തിലുള്ളത്. മധപുര്‍ നിവാസികളില്‍ കൂടുതല്‍പ്പേരും തൊഴില്‍ത്തേടിയെത്തിയത് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. യു.എസ്., യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും അവരുണ്ട്. വിദേശത്താണ് താമസമെങ്കിലും അവരുടെ നിക്ഷേപങ്ങളാണു ഗ്രാമത്തിന്റെ മുഖഛായ മാറ്റിയത്.

ഈ വമ്പന്‍ നിക്ഷേപം ഗ്രാമത്തെ സമ്പന്നമാക്കി. വെള്ളം, ശുചിത്വം, റോഡുകള്‍ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. പൊതു- സ്വകാര്യ സ്കൂളുകള്‍, തടാകങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ ഇവിടെ ഉയര്‍ന്നുവന്നു. ഏകദേശം 20,000 വീടുകളുള്ള മധാപ്പറില്‍ ഏകദേശം 1,200 കുടുംബങ്ങള്‍ വിദേശത്ത് താമസിക്കുന്നു.