Sports

ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ക്രിക്കറ്റില്‍ സ്വര്‍ണ്ണം; അഞ്ചു വര്‍ഷത്തിനിടയില്‍ നാലാം ഫൈനല്‍, രണ്ടു കിരീടം

ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ സ്വര്‍ണ്ണം നേടിയത് ഇന്ത്യന്‍ വനിതാടീം വീണ്ടും ചരിത്രമെഴുതി. അഞ്ചു വര്‍ഷമായി കളിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലെല്ലാം വെന്നിക്കൊടി പാറിക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തുടര്‍ച്ചയായി കളിക്കുന്ന നാലാം ഫൈനലും രണ്ടാമത്തെ കപ്പുമാണ്.

ശ്രീലങ്കയെ ഫൈനലില്‍ 19 റണ്‍സിനായിരുന്നു തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വുമണ്‍സ് ടീം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയത്. 2017 ല്‍ ഏകദിന ലോകകപ്പില്‍ ഫൈനലില്‍ കടന്ന ഇന്ത്യയുടെ പെണ്‍പുലികള്‍ 2020 ല്‍ ടി20 ലോകകപ്പിലും ഫൈനല്‍ കളിച്ചു. അതിന് ശേഷം കഴിഞ്ഞ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റില്‍ സ്വര്‍ണ്ണമെഡല്‍ നേട്ടം നടത്തി. ഒടുവില്‍ ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണം നേടി.

ഇരു ടീമിനും ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഫൈനലായിരുന്നു നടന്നത്. ഇന്ത്യയെ കുറഞ്ഞ സ്‌കോറിന് പുറത്താക്കി ശ്രീലങ്ക കലാശക്കളിയില്‍ നേട്ടം കൊയ്യുമെന്ന തോന്നല്‍ ജനിപ്പിച്ചെങ്കിലും ശ്രീലങ്കന്‍ ടീമിനെ 100 റണ്‍സ് പോലും എടുപ്പിക്കാതെ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 116 റണ്‍സിന് പുറത്തായപ്പോള്‍ ശ്രീലങ്ക 97 റണ്‍സിന് പുറത്തായി. ടൈറ്റസ് സാധുവിന്റെ ഉജ്വല ബൗളിംഗായിരുന്നു ടീമിനെ വിജയത്തിലേക്ക് നയിച്ചത്. നാലു ഓവറില്‍ ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

സ്മൃതി മന്ദന നേടിയ 46 റണ്‍സും ജെമീമാ റോഡ്രിഗ്രസ് നേടിയ 42 റണ്‍സുമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്്. ഇന്ത്യയ്ക്കും ബാറ്റിംഗ് തകര്‍ച്ചയുണ്ടായി. 89 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടമായിടത്ത് നിന്നും അവസാന അഞ്ച് ഓവറില്‍ 27 റണ്‍സിന് ആറു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ശ്രീലങ്ക ഒരു ഘട്ടത്തില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു. എന്നാല്‍ ഹഷീനി പെരേരയുടേയും നീലാക്ഷി ഡിസില്‍വയുടേയും 36 റണ്‍സ് കൂട്ടുകെട്ട് ലങ്കയെ സുരക്ഷിതമാക്കുമെന്ന് കരുതി. എന്നാല്‍ രാജേശ്വരി ഗെയ്ക്ക്‌വാദ് ഈ കൂട്ടുകെട്ട് പൊളിച്ചതോടെ ബാക്കിയെല്ലാം ചടങ്ങായി.