Movie News

ആര്യന്‍ ഖാന്റെ സിനിമയുടെ ആദ്യപ്രദര്‍ശനം, താരമായത് ലാരിസ ; ഇരുവരും പ്രണയത്തിലെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ സിനിമാരംഗത്തേക്ക് ഇറങ്ങുന്നത് അനേകം ആരാധകരെയാണ് ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ആര്യന്‍ ഖാന്റെ ആദ്യ നെറ്റ്ഫ്‌ലിക്‌സ് ഷോയായ ദി ബാഡ്‌സ് ഓഫ് ബോളിവുഡ് റിലീസ് ചടങ്ങ് നടന്ന മുംബൈയിലെ വേദിയില്‍ പക്ഷേ താരമായത് നടി ലാരിസ ബോണേസിയാണ്.

ബുധനാഴ്ച രാത്രി മുംബൈയിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ താരങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിലായിരുന്നു സിനിമയുടെ പ്രീമിയര്‍ നിര്‍മ്മാതാക്കള്‍ സംഘടിപ്പിച്ചിരുന്നത്. രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട്, തമന്ന, വിക്കി കൗശല്‍, കാജോള്‍-അജയ് ദേവ്ഗണ്‍, മാധുരി ദീക്ഷിത്-ശ്രീറാം നെനെ തുടങ്ങിയവര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്തു.

എന്നാല്‍ ചടങ്ങില്‍ ലാരിസയുടെ സാന്നിദ്ധ്യമായിരുന്നു ശ്രദ്ധേയം. ആര്യന്‍ ഖാന്റെ കാമുകിയാണ് ലാരിസ എന്ന ഗോസിപ്പുകളാണ് ഇതിന് കാരണം. ആര്യനും ലാരിസ ബോണേസിയും ഒരുമിച്ച് പോസ് ചെയ്യാതെ വെവ്വേറെ എന്‍ട്രികള്‍ നല്‍കിയിട്ടും പാപ്പരാസികള്‍ വിട്ടില്ല. ആര്യന്‍ ഖാന്‍ കറുത്ത വസ്ത്രം ധരിച്ചപ്പോള്‍, ലാരിസ ബോണേസി ഒരു ഓഫ്-ഷോള്‍ഡര്‍ കറുത്ത ഗൗണില്‍ പ്രത്യക്ഷപ്പെട്ടു.

ലാരിസ അറിയപ്പെടുന്ന ഒരു ബ്രസീലിയന്‍ മോഡലാണ്. ബോളിവുഡില്‍ നിറസാന്നിദ്ധ്യവുമാണ്. ഇരുവരും പലതവണ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ആര്യന്‍ അവളുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ആരംഭിച്ചത്.