സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ ഒരു മാരത്തോണ്‍ ഓടാന്‍ താല്‍പ്പര്യമുണ്ടോ? പരുക്കന്‍ പര്‍വ്വതങ്ങളുടെയും മനോഹരമായ താഴ്‌വാരങ്ങളുടേയും പ്രകൃതി ഭംഗി ആസ്വദിച്ചുള്ള ഓട്ടത്തിലേക്ക് ലോകത്തുടനീളമുള്ള സാഹസീകരായ വിനോദസഞ്ചാരികളെ ക്ഷണിക്കുന്നത് അരുണാചല്‍ പ്രദേശാണ്.
ഒക്‌ടോബര്‍ 1 ന് സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ നില്‍ക്കുന്ന അരുണാചലിലെ തവാങ്ങിലാണ് പരിപാടി. ഇന്ത്യന്‍ സൈന്യവും അരുണാചല്‍ പ്രദേശ് സര്‍ക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഇന്ത്യയില്‍ ആദ്യ സംഭവമാണ്. രാജ്യത്തുടനീളമുള്ള നിരവധി മാരത്തണ്‍ ഓട്ടക്കാര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ. ഈ അസാധാരണ അവസരം പാഴാക്കാതിരിക്കാന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ആഹ്വാനം ചെയ്യുന്നു.
തവാങ് മാരത്തണിന്റെ പ്രധാന ലക്ഷ്യം സാഹസിക കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്തെ ടൂറിസം മെച്ചപ്പെടുത്തുന്ന ഒരു മാരത്തണ്‍ പാത നിര്‍മ്മിക്കുകയുമാണ്. ഡോണ്‍-ലൈറ്റ് പര്‍വതങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലമാണ് അരുണാചല്‍ പ്രദേശ്.
തവാങ് മാരത്തണില്‍ ഫുള്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ ഇവന്റ്, 5 കിലോമീറ്റര്‍ ഓട്ടം എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ പ്രധാന കേന്ദ്ര സായുധ പോലീസ് സേനകള്‍ എന്നിവരും പങ്കെടുക്കും.