Oddly News

ഭാര്യയുമായി വഴക്കിട്ട യുവാവ്‌ ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന്റെ ജനലിലൂടെ ചാടി

കോട്ടയം: ഭാര്യയുമായി വഴക്കിട്ട്‌, യുവാവ്‌ ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന്റെ ജനലിലൂടെ റോഡിലേയ്‌ക്ക് ചാടി. റോഡിലേയ്‌ക്ക് ചാടിയതിനെ തുടര്‍ന്ന്‌ സാരമായി പരുക്കേറ്റ ഇടയാഴം കറുകത്തറ മഹേഷി (47)നെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട്‌ അഞ്ചിനു എം.സി റോഡില്‍ നാട്ടകം പോളിടെക്‌നിക്കിനു മുന്നിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നു എറണാകുളത്തിനു പോകുകയായിരുന്നു കെ.എസ്‌.ആര്‍.ടി.സി ബസ്‌. ഈ ബസിനുള്ളിലാണ്‌ മഹേഷും ഭാര്യയും മക്കളും ഉണ്ടായിരുന്നത്‌.

ചങ്ങനാശേരി കഴിഞ്ഞതു മുതല്‍ മഹേഷും ഭാര്യയും തമ്മില്‍ വാക്ക്‌ തര്‍ക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോള്‍ ബസിനുള്ളില്‍ നിന്ന്‌ ഇയാള്‍ ഇറങ്ങണമെന്ന്‌ ആവശ്യപ്പെട്ടു. എന്നാല്‍, കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്‍ഡില്‍ ഇറക്കാമെന്നു ബസ്‌ ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍, ഇതിനിടെ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടുകയായിരുന്നു.

അപകടത്തില്‍ ഇദ്ദേഹത്തിന്റെ കാല്‌ ഒടിഞ്ഞു. 108 ആംബുലന്‍സ്‌ വിളിച്ചു വരുത്തി ഭാര്യ തന്നെയാണ്‌ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. അപകടത്തെ തുടര്‍ന്ന്‌ അല്‍പ നേരം നിര്‍ത്തിയിട്ട കെ.എസ്‌.ആര്‍.ടി.സി ബസ്‌ പിന്നീട്‌ യാത്ര തുടര്‍ന്നു. ചിങ്ങവനം പോലീസ്‌ സ്‌ഥലത്ത്‌ എത്തിയിരുന്നു.