Featured Health

പ്രായം നാല്‍പ്പതു കഴിഞ്ഞോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യകരമായ ജീവിതം ഉറപ്പ്

ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ വികസ്വര- വികസിത രാജ്യങ്ങളിലെല്ലാംതന്നെ മനുഷ്യരുടെ ജീവിതദൈര്‍ഘ്യം കൂടിവരികയാണ്‌. ആയതിനാല്‍ പ്രായമായവരിലെ പ്രശ്‌നങ്ങളും കൂടിവരുന്നു. നാല്‍പതു വയസിനു മുകളില്‍ 60 വയസുള്ളവരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന നോക്കാം. കുടുംബഭാരം പേറുന്നവരാണ്‌ ഈ വിഭാഗത്തില്‍ വരുന്ന ഭൂരിഭാഗം പേരും. അധ്വാനിച്ച്‌ കുടുംബം പോറ്റുന്ന വിഭാഗം. ഈ വിഭാഗത്തിന്റെ പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

ഹൈപ്പര്‍ടെന്‍ഷന്‍ (അമിതരക്‌തസമ്മര്‍ദ്ദം):

ഈ വിഭാഗക്കാരിലെ പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണ്‌ അധികരക്‌തസമ്മര്‍ദ്ദം. ഈ വിഭാഗത്തില്‍ ഏകദേശം 30-നും 40-നും ശതമാനത്തിനിടയില്‍ ഈ പ്രശ്‌നം കാണപ്പെടുന്നു. ഇതുമൂലം ക്ഷീണം, തലചുറ്റല്‍, തലവേദന, ജോലിയില്‍ ശ്രദ്ധക്കുറവ്‌ മുതലായവ ഉണ്ടാകാം. മിക്കവരിലും പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകാതെയുമിരിക്കാം. ശ്രദ്ധിക്കാതെപോയാല്‍ ഗുരുതരപ്രത്യാഘാതങ്ങള്‍ക്കു വഴിവയ്‌ക്കുന്ന അസുഖമാണ്‌ ഹൈപ്പര്‍ടെന്‍ഷന്‍.

ഉദാഹരണത്തിനു പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവ. ആയതിനാല്‍ ഈ പ്രായക്കാര്‍ ആറുമാസത്തിലൊരിക്കലെങ്കിലും പ്രഷര്‍ നോക്കിക്കേണ്ടതാണ്‌. ആഹാരത്തിലെ ഉപ്പും കൊഴുപ്പും നിയന്ത്രിക്കുകയും വേണം. ചിട്ടയായ ശാരീരികവ്യായാമവും പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുന്നതും പ്രഷര്‍ കുറയ്‌ക്കാന്‍ സഹായകമാണ്‌. പ്രഷര്‍ ഉണ്ടായാല്‍ എല്ലാമാസവും ഡോക്‌ടറെക്കണ്ട്‌ ആവശ്യമായ ചികിത്സ തേടേണ്ടതാണ്‌.

പ്രമേഹം:

മുതിര്‍ന്നവരില്‍ കണ്ടുവരുന്ന പ്രമേഹം സാധാരണ ആരംഭിക്കുന്നതു ഈ പ്രായത്തിലാണ്‌. ആയതിനാല്‍ ആറുമാസത്തിലൊരിക്കല്‍ ഷുഗര്‍ടെസ്‌റ്റു ചെയ്യേണ്ടതാണ്‌. അമിതമധുരം, അധികഭക്ഷണം എന്നിവ ഒഴിവാക്കിയും സ്‌ഥിരമായ വ്യായാമത്തിലൂടെയും പ്രമേഹം ഉണ്ടാകുന്നതു ഒരുപരിധിവരെ തടയാം. പ്രമേഹം തുടങ്ങിയാല്‍ ഡോക്‌ടറുടെ നിര്‍ദേശമനുസരിച്ച്‌ തുടര്‍പരിശോധനകളും ചികിത്സയും ആവശ്യമാണ്‌.

ഹൃദയാഘാതം:

ഹാര്‍ട്ടറ്റാക്ക്‌ ഏറ്റം കൂടുതല്‍ ഈ വിഭാഗക്കാരിലാണ്‌. നെഞ്ചുവേദന, ശ്വാസംമുട്ട്‌, നെഞ്ചിടിപ്പ്‌ മുതലായവ ലഘുവായി തള്ളിക്കളയാതെ ഡോക്‌ടറുടെ ഉപദേശം തേടേണ്ടതാണ്‌.

അസ്‌ഥി/ സന്ധിരോഗങ്ങള്‍:

സന്ധിവാതം മുതലായവ ഏറ്റവും കൂടുതലായി കാണപ്പെടുന്നതു ഈ പ്രായക്കാരിലാണ്‌. ഈ പ്രായക്കാരായ സ്‌ത്രീകളില്‍ ആര്‍ത്തവവിരാമത്തോടുകൂടി അസ്‌ഥികളിലെ കാല്‍സ്യം കുറയുകയും അസ്‌ഥികള്‍ മൃതുവാകുകയും തദ്വാരാ അസ്‌ഥി സന്ധിവേദനയും അസ്‌ഥി ഒടിയാനുള്ള സാധ്യതയും കൂടുകയും ചെയ്യും. ആയതിനാല്‍ നടുവേദന, പുറംവേദന, മുട്ടുവേദന മുതലായവ അനുഭവപ്പെട്ടാല്‍ ഡോക്‌ടറെ കണ്ട്‌ വേണ്ട പരിശോധനകളും ചികിത്സയും മുന്‍കരുതലുകളും എടുക്കേണ്ടതാണ്‌.

ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍:

പ്രധാനമായും ശ്വാസതടസം, ക്രോണിക്‌ ബ്രോങ്കൈറ്റിസ്‌ തുടങ്ങിയവ മധ്യവയസ്‌കരിലാണ്‌ അധികവും കാണപ്പെടുക. പുകവലി ശീലം ഉപേക്ഷിക്കേണ്ടതും എന്നിട്ടും ചുമ, കഫം, ശ്വാസതടസം ഇവ അനുഭവപ്പെട്ടാല്‍ ഡോക്‌ടറുടെ ഉപദേശം തേടേണ്ടതാണ്‌.

കാഴ്‌ചസംബന്‌ധമായ അസുഖങ്ങള്‍:

വെള്ളെഴുത്ത്‌, തിമിരം തുടങ്ങിയ അസുഖങ്ങള്‍ ആരംഭിക്കുന്നത്‌ പ്രധാനമായും ഈ പ്രായക്കാരില്‍ ആണ്‌. അതിനാല്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക, കാഴ്‌ച കുറയുക മുതലാവയുണ്ടായാല്‍ കണ്ണുഡോക്‌ടറെ കണ്ടു വേണ്ട ചികിത്സകള്‍ ചെയ്യേണ്ടതാണ്‌.

കേള്‍വിക്കുറവ്‌:

കേഴ്‌വിക്കുറവു തോന്നുന്നതും മദ്ധ്യവയസ്‌കരില്‍ അസാധാരണം അല്ലാത്ത അസുഖങ്ങളില്‍ ഒന്നാണ്‌. ആയതിനാല്‍ കേഴ്‌വിക്കുറവ്‌, ചെവിയില്‍ മുഴക്കം, ചെവി അടഞ്ഞപോലെ തോന്നുക ഇവയിലേതെങ്കിലും തോന്നിയാല്‍ ഡോക്‌ടറെ കാണേണ്ടതാണ്‌.

കാന്‍സറുകള്‍:

കാന്‍സറുകളുടെ സിംഹഭാഗവും മധ്യവയസ്‌കരിലും മുതിര്‍ന്ന പൗരന്മാരിലും അതിനു മുകളിലോട്ടുമാണ്‌ കാണപ്പെടുന്നത്‌. ആകയാല്‍ അകാരണക്ഷീണം, ശരീരഭാരം കുറയുക, വിശപ്പില്ലായ്‌മ, മുഴകള്‍ കാണപ്പെടുക മുതലായവ ഇതിന്റെ ലക്ഷണമാകാം. ആയതിനാല്‍ ഇതിലേതെങ്കിലും തോന്നിയാല്‍ ഡോക്‌ടറെ സമീപിക്കേണ്ടതാണ്‌.

ലൈംഗികപ്രശ്‌നങ്ങള്‍:

ഈ പ്രായക്കാരിലെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്‌ ലൈംഗികപ്രശ്‌നങ്ങള്‍. സ്‌ത്രീകളില്‍ അതു പ്രത്യേകിച്ചു പ്രകടവുമാണ്‌. അതിനു കാരണം ആര്‍ത്തവവിരാമവും അതിനോടനുബന്ധിച്ചുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളുമാണ്‌. അമിതമായ ക്ഷീണം, വിയര്‍പ്പ്‌, നെഞ്ചിടിപ്പ്‌, ഉറക്കക്കുറവ്‌, ശ്രദ്ധക്കുറവ്‌, ആധി, ആകുലത, ലൈംഗികതയിലെ ഉത്സാഹക്കുറവ്‌, സ്‌തനങ്ങളുടെ ശോഷണം മുതലായവ. ഇവ അസഹ്യമായാല്‍ ഒരു ഗൈനക്കോളജിസ്‌റ്റിന്റെ സേവനം തേടേണ്ടതാണ്‌.

പുരുഷന്മാരിലും ചില ലൈംഗികവ്യതിയാനങ്ങള്‍ ഉണ്ടാകാറുണ്ട്‌. ലൈംഗികതയിലെ ഉത്സാഹക്കുറവ്‌, ലൈംഗികാവയവങ്ങളുടെ ശോഷണം, ഉദ്ധാരണക്കുറവ്‌ തുടങ്ങിയവ.

മസ്‌തിഷ്‌കരോഗങ്ങള്‍:

സാധാരണയായി കണ്ടുവരുന്ന മസ്‌തിഷ്‌കരോഗം പാര്‍ക്കിന്‍സണാണ്. ഇവയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്‌ടറുടെ സേവനം കൂടിയേ തീരൂ. ചിട്ടയായ വ്യായാമവും ലളിതഭക്ഷണവും ശീലമാക്കിയാല്‍ ഒരളവുവരെ ഈ പ്രശ്‌നം പരിഹരിക്കാം.

മാനസിക പ്രശ്‌നങ്ങള്‍:

വളരെ മാനസികപിരിമുറുക്കങ്ങള്‍ ഉണ്ടാകാന്‍ സാഹചര്യങ്ങളുള്ള കാലയളവാണിത്‌. ഉദാഹരണത്തിനു സാമ്പത്തികപ്രശ്‌നങ്ങള്‍, മക്കളുടെയും ബന്ധുക്കളുടെയും പ്രശ്‌നങ്ങള്‍, ജോലിയില്‍നിന്നും വിരമിക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവ. മാനസികപ്രശ്‌നങ്ങള്‍ നിയന്ത്രണാതീതമായാല്‍ ഡോക്‌ടറെ കാണേണ്ടതാണ്‌.