Lifestyle

നിങ്ങള്‍ ജോലിയില്‍ അരക്ഷിതനാണോ? എങ്കില്‍ സൂക്ഷിക്കുക, ആയുസിനെതന്നെ ബാധിക്കാം

ജോലിഭാരം മൂലം ഇ.വൈ. കമ്പനി ജീവനക്കാരി അന്ന സെബാസ്‌റ്റ്യന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. തൊഴിലിടങ്ങളിലെ അധികജോലി ഭാരവും പന്ത്രണ്ടും പതിന്നാലും മണിക്കൂറുകള്‍ നീളുന്ന വിശ്രമമില്ലാത്ത ജോലിയും സമ്മര്‍ദ്ദങ്ങളും ജീവനക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുക. ജോലിയിലെ അരക്ഷിതത്വം ആയുസിനെതന്നെ ബാധിക്കുമെന്ന നേരത്തേ നടത്തിയ പഠനം വീണ്ടും ചര്‍ച്ചയാവുകയാണ് ഇപ്പോള്‍.

ഒരു സ്ഥിരം ജോലി നല്‍കുന്ന മനസമാധാനം വളരെ വലുതാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ജോലി സുരക്ഷയും തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദവും ആളുകളുടെ ആയുസിനെ തന്നെ നിര്‍ണയിക്കുമെന്നായിരുന്നു പഠനം. കുറഞ്ഞ വേതനം, തൊഴിലിലെ സ്വാധിന കുറവ്, സുരക്ഷിതമല്ലാത്ത സാഹചര്യം, ജോലി നഷ്ടപ്പെടാനുള്ള സാധ്യത എന്നിവയെല്ലാം ജോലിയിലെ സുരക്ഷയുമായി ബന്ധപ്പെടുന്ന കാര്യങ്ങളാണ്.

സമ്മര്‍ദ്ദങ്ങളുടെ ഇടയിലുള്ള അനിഷ്ടകരമായ തൊഴിലില്‍ നിന്ന് കൂടുതല്‍ സുരക്ഷിതവും സമാധാനപൂര്‍ണമായ തൊഴില്‍ അന്തരീക്ഷവുമുള്ള ജോലിയിലേയ്ക്ക് മാറുന്നത് മരണസാധ്യത വരെ കുറയ്ക്കുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു. സ്വീഡനിലെ കേരാലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇത്തരത്തിലൊരു പഠനം നടന്നത്. കേരാലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എണ്‍വയോണ്‍മെന്റല്‍ മെഡിസിനിലെ അസി.പ്രൊഫസര്‍ തിയോ ബോഡില്‍ പറയുന്നത് സുരക്ഷിതമായ ഒരു തൊഴില്‍കരാര്‍ ഇല്ലാതെ ജോലിയില്‍ തുടരുകയാണ് എങ്കില്‍ നേരത്തെയുള്ള മരണത്തിന് സാധ്യത കൂടുതലാണ് എന്നാണ്.

2005 മുതല്‍ 2017 വരെയുള്ള കാലയളവില്‍ സ്വീഡനിലെ 20 നും 55 നും ഇടയില്‍ പ്രായമുള്ള 2500,00 ലക്ഷം തൊഴിലാളികളില്‍ നടന്ന പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍. സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളില്‍ ഉള്‍പ്പെട്ടവരും പിന്നീട് സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളിലേയ്ക്ക് മാറിയവരുമാണ് ഈ പഠനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അപകടകരമായ ജോലിയില്‍ നിന്ന് സുരക്ഷിതമായ ജോലിയിലേയ്ക്ക് മാറിയവരില്‍ മരണ സാധ്യത 20 ശതമാനം കുറഞ്ഞു എന്ന് പഠനം പറയുന്നു. സുരക്ഷിതമായ സാഹചര്യത്തില്‍ 12 വര്‍ഷം ജോലിയില്‍ തുടര്‍ന്നവരില്‍ മരണ സാധ്യത 30 ശതമാനം കുറഞ്ഞതായും പഠനം കണ്ടെത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *