Lifestyle

ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണോ? നിങ്ങൾ അമിതമായി വെള്ളം കുടിക്കുന്നുണ്ടോ? പൾമണോളജിസ്റ്റ് പറയുന്നു

വെള്ളം കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, എന്നിരുന്നാലും, കൂടുതൽ വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ദോഷകരമാണ്.

8 ഗ്ലാസ് വെള്ളം കുടിക്കുക എന്ന നിയമമാണ് സാധാരണയായി ആളുകൾ പിന്തുടരുന്നത്. നിർജ്ജലീകരണം അഥവാ ഡീഹൈഡ്രേഷൻ ഒഴിവാക്കാനുള്ള ഒരു വഴിയാണിത്. എന്നാൽ എല്ലാ കാര്യങ്ങളിലുമെന്നപോലെ വെള്ളം കുടിക്കുന്നതിനും ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്. ശരീരത്തിൽ ജലാംശം കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

ചെന്നൈ വിഎസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റായ ഡോ. ഇളകിയ മതിമാരൻ എച്ച്ടി ലൈഫ്സ്റ്റൈലിനോട് പറഞ്ഞതനുസരിച്ച്, അമിതമായി വെള്ളം കുടിക്കുമ്പോൾ കിഡ്നിയാണ് ആദ്യം പ്രശ്‌നത്തിലാവുന്നത്. “അമിതമായി വെള്ളം കുടിക്കുന്നതിനെ ഹൈപ്പർ ഹൈഡ്രേഷൻ അല്ലെങ്കിൽ വാട്ടർ ഇൻടോക്സിക്കേഷൻ എന്നും പറയാം. കിഡ്നിക്ക് ഒരു മണിക്കൂറിൽ ഒരു ലിറ്റർ വെള്ളം മാത്രമേ ശുദ്ധീകരിക്കാൻ കഴിയൂ. അതിനാൽ, ഈ പരിധി കടന്ന് വെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ ജലാംശം കൂടുന്നു,” ഡോ. മതിമാരൻ പറഞ്ഞു.

മറ്റെന്തൊക്കെ അപകടങ്ങളാണ് ഉള്ളത്?

കിഡ്നിക്ക് അമിതഭാരം നൽകുന്നതിനുപുറമെ, ശരീരത്തിൽ ജലാംശം കൂടുമ്പോൾ സോഡിയത്തിന്റെ അളവ് പെട്ടെന്ന് കുറയുമെന്ന് ഡോ. മതിമാരൻ വെളിപ്പെടുത്തി. ഇതിനെ ഹൈപ്പോനാട്രീമിയ എന്ന് വിളിക്കുന്നു. വയറുവീർക്കൽ, തലച്ചോറിന് ഒരുതരം മരവിപ്പ്, ഓക്കാനം എന്നിവയാണ് രോഗികൾക്ക് ആദ്യം അനുഭവപ്പെടുന്ന ലക്ഷണങ്ങൾ. ഈ അസന്തുലിതാവസ്ഥ ഗൗരവമായി കാണേണ്ടതുണ്ട്. കാരണം ഇത് സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും, കൂടാതെ ഹൈപ്പോനാട്രീമിയയുടെ ഗുരുതരമായ കേസുകൾ അപസ്മാരത്തിലേക്കും മറ്റ് പ്രധാന മെഡിക്കൽ എമർജൻസിയിലേക്കും നയിക്കുമെന്നും ഡോ. മതിമാരൻ ചൂണ്ടിക്കാട്ടി.

കൂടുതൽ അപകടസാധ്യതയുള്ളവരെക്കുറിച്ചും ഡോക്ടർ പറഞ്ഞു, “കൂടുതൽ വെള്ളം കുടിക്കുന്നത് എപ്പോഴും നല്ലതാണെന്ന ധാരണ തെറ്റാണ്. കഠിനാധ്വാനം ചെയ്യുന്ന കായികതാരങ്ങൾ, കിഡ്‌നി അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവർ, കൂടാതെ അമിതമായി വെള്ളം കുടിക്കുന്ന ശീലമുള്ള ആരോഗ്യവാന്മാരായ വ്യക്തികൾപോലും ഈ അപകടസാധ്യതയിലാണുള്ളത്.

“എപ്പോൾ വെള്ളം കുടിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം?

ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുക എന്ന നിയമം കണ്ണടച്ച് പിന്തുടരേണ്ടതില്ല. ശരീരഭാരം, ഭക്ഷണക്രമം, മൂത്രത്തിന്റെ നിറം തുടങ്ങിയ പല ഘടകങ്ങളെയും ജലാംശം ആശ്രയിച്ചിരിക്കുന്നു.

നിങ്ങളുടെ പ്രായം, ശരീരഭാരം, പ്രവർത്തനങ്ങൾ, ഭക്ഷണക്രമം, നിങ്ങൾ താമസിക്കുന്ന കാലാവസ്ഥ എന്നിവയ്ക്കനുസരിച്ച് ജലാംശത്തിന്റെ ആവശ്യം വ്യത്യാസപ്പെട്ടിരിക്കും. പഴങ്ങൾ, പച്ചക്കറികൾ, സൂപ്പ്, കൂടാതെ ചായ അല്ലെങ്കിൽ കാപ്പി എന്നിവപോലും നിങ്ങളുടെ ജലാംശത്തിന് സംഭാവന ചെയ്യുന്നു.

ഉദാഹരണത്തിന്, ഒരു ചൂടുള്ള ദിവസത്തിൽ ഒരു തണ്ണിമത്തൻ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ വളരെയധികം സഹായിക്കുന്നു. നിങ്ങൾക്ക് ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുക. നിർബന്ധിച്ച് ഒരു സമയക്രമം ഉണ്ടാക്കരുത്. നിങ്ങളുടെ മൂത്രത്തിന്റെ നിറം ശ്രദ്ധിക്കുക; ഇളം മഞ്ഞയാണെങ്കിൽ സാധാരണയായി പ്രശ്നമില്ല. നിങ്ങൾ വളരെയധികം വിയർക്കുന്നുണ്ടെങ്കിൽ, വെള്ളം മാത്രമല്ല ഉപ്പുംകൂടി ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ എപ്പോഴും വൈദ്യോപദേശം തേടണം.