Health

നിങ്ങള്‍ മദ്യാസക്തനാണോ? തിരിച്ചറിയാം, മുക്തിനേടാന്‍ മാര്‍ഗമുണ്ട്

വല്ലപ്പോഴുമൊരിക്കില്‍ അല്‍പം മദ്യപിക്കുന്നവര്‍ക്ക് മദ്യാസക്തി ഉണ്ടാകണമെന്നില്ല. പക്ഷേ, ഇതൊരു തുടക്കമാകാം. ക്രമേണ പതിവായി മദ്യപിക്കാനുള്ള ആഗ്രഹം ഉണ്ടാകും. അവസാനം മദ്യം ഉപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുന്നു. ഇവര്‍ കഴിക്കുന്ന മദ്യത്തിന്റെ അളവ് സ്വയം നിയന്ത്രിക്കാന്‍ സാധിച്ചെന്നു വരില്ല. ഇങ്ങനെ സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയില്‍ മാനസികമായ വൈകല്യങ്ങള്‍ പ്രകടമാകുന്നു. മദ്യപാനശീലമുള്ള എല്ലാവരും മദ്യാസക്തിയിലേക്ക് വീണുപോവില്ല. അതേസമയം മദ്യത്തോടുള്ള അമിതതാല്‍പര്യം കുറയ്ക്കാനുള്ള മാനസികമായ കരുത്തില്ലാത്തവര്‍ ക്രമേണ മദ്യാസക്തിയിലേക്ക് വഴുതിവീഴാനിടയുണ്ട്.

മനസിനെ കീഴടക്കുമ്പോള്‍

ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്ഡ് ബിഹേവിറിയില്‍ ചെയ്ഞ്ചസ്, ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്ഡ് സൈക്കോസിസ് എന്നിങ്ങനെ മദ്യപാനം മൂലമുള്ള മാനസികപ്രശ്‌നങ്ങളെ രണ്ടായി തിരിക്കാം. മദ്യം കഴിക്കുന്ന സമയത്തു മാത്രം കാണുന്ന മാനസികപ്രശ്‌നങ്ങളാണ് ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്ഡ് ബിഹേവിറിയില്‍ ചെയ്ഞ്ചസ്. മദ്യത്തിന്റെ ലഹരിയുള്ളപ്പോഴും ഇല്ലാത്തപ്പോഴും പ്രശ്‌നങ്ങള്‍ ഉള്ളവരാണ് ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്ഡ് സൈക്കോസിസ്. ഇവര്‍ കൂടുതല്‍ അപകടകാരികളാണ്. മദ്യത്തിന്റെ ഉപയോഗത്തിലൂടെ ഇവര്‍ക്ക് അടിസ്ഥാനപരമായി ഉണ്ടായിരുന്ന മാനസിക പ്രശ്‌നം ഗുരുതരമായ മാനസിക രോഗമായി മാറുന്നു. മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതാണ് ഇതിനു കാരണം.

താറുമാറാകുന്ന ഓര്‍മ്മകള്‍

മദ്യപിക്കുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നു. അപ്പോള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും മദ്യത്തിന്റെ ലഹരി വിട്ടൊഴിയുമ്പോള്‍ അയാള്‍ക്ക് ഓര്‍മ ഉണ്ടായിരിക്കുകയില്ല. എല്ലാവരിലും മദ്യം ഒരേ രീതിയിലായിരിക്കില്ല തലച്ചോറിനെ ബാധിക്കുന്നത്. അതിനാല്‍ ചിലരില്‍ മാത്രം ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. പെരുമാറ്റ വൈകല്യങ്ങളില്‍ തുടങ്ങി ഘട്ടം ഘട്ടമായാണ് മാനസിക വിഭ്രാന്തിയില്‍ എത്തിചേരുന്നത്. തന്നെ ആരെങ്കിലും ആക്രമിക്കാന്‍ വരുന്നതായി തോന്നുക, കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി തോന്നുക, ആരെങ്കിലും കൊല്ലാന്‍ വരുന്നതായി തോന്നുക തുടങ്ങിയ മിഥ്യാധാരണകള്‍ ഇവരില്‍ പ്രകടമായിരിക്കും. പെരുമാറ്റവൈകല്യങ്ങള്‍, ഓര്‍മക്കുറവ്, ഉത്തരവാദിത്തത്തില്‍നിന്നു ഒഴിഞ്ഞു നില്‍ക്കുക എന്നീ പ്രശ്‌നങ്ങളും ഉണ്ടാകാം.

തിരിച്ചറിയാം മദ്യാസക്തി

  • മദ്യപാനംമൂലം കുടുംബത്തിലോ സമുഹത്തിലോ പ്രശ്‌നങ്ങള്‍ ഉണ്ടാകുക.
  • മദ്യപാനം സ്വയം നിയന്ത്രിക്കാന്‍ കഴിയാതെവരിക
  • ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞ് മാറുക. (കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കാതിരിക്കുക, ജോലിക്കുപോകാതിരിക്കുക)
  • മദ്യപാനത്തെ തുടര്‍ന്നെത്തുന്ന വിഷാദം, സംശയം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍.
  • മദ്യം കഴിച്ചില്ലെങ്കില്‍ ശാരീരിക പ്രശ്‌നങ്ങളോ വിറയലോ ഉണ്ടാകുക.

ചികിത്സ എങ്ങനെ

ഒരു പനിവന്നാല്‍ മരുന്ന് നല്‍കുമ്പോള്‍ രോഗം മാറുന്നു. ഇവിടെ രോഗത്തിനാണ് ചികിത്സ. രോഗിക്കല്ല. എന്നാല്‍ മദ്യപാന രോഗികളില്‍ നേരെ തിരിച്ചാണ് ചികിത്സ. മദ്യത്തിന് അടിമപ്പെട്ട വ്യക്തി അതില്‍നിന്നു പിന്‍മാറാനുള്ള മാനസികമായ തയാറെടുപ്പ നടത്തിയാല്‍ മാത്രമേ ചികിത്സ പൂര്‍ണ ഫലപ്രദമാകുകയുള്ളൂ. മരുന്നുകളേക്കാള്‍ രോഗിയുടെ സഹകരണമാണ് ചികിത്സയുടെ അടിസ്ഥാനം. മരുന്നുകളിലൂടെ മദ്യത്തോടുള്ള ആസക്തി കുറയ്ക്കാന്‍ കഴിയില്ല. എന്നാല്‍ കടുത്ത പ്രശ്‌നങ്ങളുള്ള രോഗികളെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാവുന്നതാണ്. ഒരുമാസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടിവരാം. ശരീരത്തില്‍ പ്രവേശിച്ച ഇഥൈല്‍ ആല്‍ക്കഹോളിന്റെ തോത് കുറയ്ക്കാന്‍ മരുന്നുകള്‍ നല്‍കുന്നു. ഇത് രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കാം.

കൗണ്‍സലിങ്

കൗണ്‍സലിങാണ് മദ്യപാന ചികിത്സയിലെ പ്രഥമ ഘട്ടം. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കൗണ്‍സലിങ്ങിലൂടെ രോഗിയെ പറഞ്ഞു മനസിലാക്കുന്നു. ഒറ്റയ്ക്കുള്ള കൗണ്‍സലിങ് കുടുബാംഗങ്ങളോത്തുള്ള കൗണ്‍സലിങ്, ബിഹേവിയറല്‍ തെറാപ്പി എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ഏകദേശം ഒരു വര്‍ഷത്തോളം തുടര്‍ കൗണ്‍സിലിംഗ് നടത്തുന്നതും നല്ലതാണ്. ചികിത്സയ്ക്കു ശേഷം പൂര്‍ണമായും മദ്യപാനത്തില്‍നിന്ന് മോചിതനായാലും ചിലപ്പോള്‍ സാഹചര്യങ്ങള്‍ ഒത്തുവരുമ്പോള്‍ അല്‍പമൊന്നു കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് പലരും കരുതും. കൂട്ടുകാരുടെ നിര്‍ബന്ധവും കൂടിയാകുമ്പോള്‍ അതിന് ആക്കം വര്‍ധിക്കും. എപ്പോള്‍ വേണമെങ്കിലും നിര്‍ത്താമെന്നു കരുതി വീണ്ടും മദ്യത്തിന്റെ ലഹരിയില്‍ വീണുപോയാല്‍ നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് എളുപ്പമല്ല. ഇതുതന്നെയാണ് മദ്യപാന ചികിത്സയില്‍ ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളിയും.

വഴി മാറിനടക്കാം

വിഷാദം, ആത്മഹത്യ, കുടുംബപ്രശ്‌നങ്ങള്‍, സംശയരോഗം, ഉത്കണ്ഠ എന്നീ മാനസികപ്രശ്‌നങ്ങളിലും മദ്യത്തിന്റെ പങ്ക് വലുതാണ്. കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രധാന പ്രേരണ ഘടകമായും മദ്യം മാറുന്നു. കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നതില്‍ മദ്യത്തിനുള്ള പങ്ക് ചെറുതല്ല. ബന്ധുക്കളുടെ മരണം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെയുള്ള മാനസിക പ്രശ്‌നങ്ങള്‍ ശക്തമാകുമ്പോഴാണ് പലരും മദ്യത്തെ കൂട്ടുപിടിക്കുന്നത്. മദ്യപാനത്തിലേക്കു നയിക്കുന്ന പ്രേരക ഘടകങ്ങളില്‍നിന്ന് അകന്നുനില്‍ക്കുകയെന്നതാണ് പ്രധാനം. മദ്യപിക്കണമെന്ന് തോന്നുമ്പോള്‍ ആ ചിന്തകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എന്തെങ്കിലും വിമനാദങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്.
സംശയരോഗമാണ് മദ്യപാനരോഗികളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്‌നം. മദ്യത്തിന്റെ അമിത ഉപയോഗം മൂലം തലച്ചോറിനുണ്ടാകുന്ന ചില തകരാറുകളാണ് ഇതിനു കാരണം. മദ്യത്തിന്റെ അമിത ഉപയോഗംമൂലംഉണ്ടാകുന്ന ലൈംഗികശേഷിക്കുറവും കുടുംബന്ധങ്ങളെ തകര്‍ക്കാം.

വെറുക്കരുത് ചേര്‍ത്തു നിര്‍ത്താം

  • മറ്റുരോഗികളെപ്പോലെ മദ്യപാന രോഗിയ്ക്കും കരുതലോടെയുള്ള പരിചരണവും ശ്രദ്ധയും ആവശ്യമാണ്.
  • രോഗിയെ കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • ക്ഷമയോടുകൂടി അവരോട് ഇടപഴകണം.
  • മദ്യപാനം നിര്‍ത്തിയ ആള്‍ വീണ്ടും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക.
  • ആശ്വാസവചനങ്ങളിലൂടെ രോഗിയ്ക്കു പിന്തുണ നല്‍കി. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ സഹായിക്കുക.