Lifestyle

നിങ്ങള്‍ ഒരു നല്ല സുഹൃത്താണോ ? സ്വയം വിലയിരുത്താം

സൗഹൃദത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരുന്ന, എന്തും ഏതും സുഹൃത്തിനോട് തുറന്നുപറഞ്ഞ് മനസിലെ ഭാരം ഇറക്കിവയ്ക്കുകയും സന്തോഷങ്ങളില്‍ ഉറക്കെ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന കൂട്ടുകെട്ടുകള്‍ അവസാനിച്ചുവോ? ആത്മാര്‍ഥതയും ആഴവുമുള്ള ബന്ധങ്ങള്‍ നമുക്കിടയില്‍നിന്ന് അപ്രത്യക്ഷമാവുകയാണോ?

സൗഹൃദമെന്നാല്‍ ഒരു ഹൃദയ വികാരമാണ്. നമ്മെ ആശ്വസിപ്പിക്കുന്ന, ഇഷ്ടപ്പെടുന്ന, സന്തോഷിപ്പിക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിത്തരുന്ന ഒരു സുഹൃത്ത് അടുത്തോ അകലെയോ ഉണ്ടെങ്കില്‍ അതാണ് ഏറ്റവും നല്ല സൗഹൃദം.

പുതിയ കുട്ടികളതിനെ വേവ്ലങ്ത് എന്നൊക്കെ പറയും. എത്ര അകലെയാണെങിലും നമ്മുടെ കൂടെയുണ്ടെന്ന തോന്നല്‍ നല്‍കി നമ്മെ ചേര്‍ത്തുനിര്‍ത്തുന്ന ആ ഊഷ്മള ബന്ധത്തിന് പകരംവയ്ക്കാനൊരു ബന്ധവുമില്ല.

മനസറിയാനാവുക

നല്ല സുഹൃത്തിന് മറ്റൊരാളുടെ മുഖം വാടിയാല്‍ പോലും തിരിച്ചറിയാനാവും. ഇന്നെന്താ മുഖത്തൊരു സന്തോഷമില്ലാത്തത്, എന്തെങ്കിലും വിഷമമുണ്ടോ എന്നവര്‍ ചോദിച്ചിരിക്കും.

ആവശ്യങ്ങള്‍ക്കായി മാത്രം ഒരാളെ ഫോണ്‍വിളിക്കുകയോ കാണാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ ഒരിക്കലും നല്ല സുഹൃത്തല്ല. സുഹൃത്തിനൊരു പ്രശ്നം വരുമ്പോള്‍ അവനെ അല്ലെങ്കില്‍ അവളെ വിളിക്കണോ, വിളിച്ചാല്‍തന്നെ എന്ത് പറയും എന്നോര്‍ത്ത് മടിച്ചുനില്‍ക്കരുത്.

എന്നും കൂടെയുണ്ടാവും

ഒരു നല്ല സുഹൃത്ത് എപ്പോഴും നമ്മുടെ കൂടെയുണ്ടാവും. ആ ഉറപ്പുതന്നെയാണ് സുഹൃത് ബന്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ആപത്തില്‍ കൂടെനില്‍ക്കാതെ സന്തോഷം വരുമ്പോള്‍ മാത്രം തേടിയെത്തുന്ന സുഹൃത്തുക്കളെ വിശ്വസിക്കുകയുമരുത്.

നല്ല സുഹൃത്ത് മറ്റുള്ളവര്‍ക്ക് എപ്പോഴും മാര്‍ഗ്ഗനിര്‍ദേശം നല്‍കുകയും, സുഹൃത്തിന്റെ നല്ല വശങ്ങള്‍ക്കൊപ്പം അവന്റെ തെറ്റുകളും കണ്ടെത്തുകയും അത് തുറന്നു പറയുകയും ചെയ്യും.

ജീവിതാന്ത്യം വരെയുളള സൗഹൃദം

യഥാര്‍ഥ സൗഹൃദം ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്നതാവണം. സുഹൃത്തുക്കളെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കണം. നല്ല സുഹൃത്തുക്കള്‍ വിശ്വസ്തരായിരിക്കും.

അതുപോലെ സത്യസന്ധതയും നേരും ഉള്ളവര്‍ക്കേ യഥാര്‍ഥ സുഹൃത്താകാന്‍ കഴിയൂ. സഹായിക്കാനുള്ള സന്‍മനസ്, അസൂയയും ഏഷണിയും കൊണ്ടുനടക്കാതിരിക്കല്‍, വൈകാരികമായ പക്വത ഇവയെല്ലാം ഒത്തിണങ്ങിയവനാകണം.

എല്ലാവരും വ്യത്യസ്ത ചിന്താഗതിക്കാരാണ്. വ്യത്യസ്തമായ ആശയങ്ങളുമുള്ളവര്‍. അതുകൊണ്ടുതന്നെ പല കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. പരസ്പരം യോജിപ്പില്ലാത്ത കാര്യങ്ങളുണ്ടാവാം.

എന്നാല്‍ സ്വന്തം അഭിപ്രായങ്ങളില്‍ ഉറച്ചുനിന്ന് സുഹൃത്തിനെ വിമര്‍ശിക്കാന്‍ ശ്രമിക്കാതെ മറ്റുള്ളവരുടെ വശത്തുനിന്നുകൊണ്ടും കാര്യങ്ങളെ കാണാന്‍ കഴിയണം. ഒരിക്കലും ഒരാളെ താഴ്ത്തിക്കെട്ടി സംസാരിക്കാന്‍ പാടില്ല. അതുപോലെ സുഹൃത്ത് പറഞ്ഞ തമാശയെ തമാശയായിത്തന്നെ എടുക്കുക.