ന്യൂഡല്‍ഹി: ആപ്പ് സ്റ്റോർ റാങ്കിങ്ങില്‍ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആപ്പ്. ഇന്ത്യൻ ടെക് കമ്പനിയായ സോഹോ 2021-ൽ പുറത്തിറക്കിയ ആപ്പാണ് ഇപ്പോൾ ആപ്പ് സ്റ്റോർ റാങ്കിംഗിൽ വാട്‌സ്ആപ്പിനെ പോലും പിന്നിലാക്കി കുതിക്കുന്നത്. വെറും മൂന്നു ദിവസം കൊണ്ട് പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ 100 മടങ്ങ് വർധനയുണ്ടായതായി സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു പറഞ്ഞു. ദിവസേന പുതുതായി റജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 3,000-ൽ നിന്ന് 3.5 ലക്ഷമായി ഉയർന്നു
. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആപ്പിന്റെ ഉപയോക്താക്കളായതോടെ ഇന്ത്യയുടെ സ്വന്തം ‘വാട്ട്സ്ആപ്പി’ന് പ്രിയയേറുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഏറ്റവും ഒടുവിലായി അരട്ടൈയില്‍ അംഗമായത്. ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അംഗങ്ങളായിരുന്നു.
സ്വദേശി ഉല്‍പ്പന്നം ഉപയോഗിക്കുന്നതിന്റെ വികാരത്തെ മറികടക്കാന്‍ മറ്റൊന്നുമില്ല. ഇന്ത്യയെ കൂടുതല്‍ ബന്ധിപ്പിക്കുന്ന മെയ്ഡ് ഇന്‍ ഇന്ത്യ മെസേജിങ് പ്ലാറ്റ്ഫോമായ ‘അരട്ടൈ’അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഗോയല്‍ എക്സില്‍ പോസ്റ്റ് ചെയ്തു. സംരംഭങ്ങള്‍ക്കായി ആശയവിനിമയ, സഹകരണ സോഫ്റ്റ്വേര്‍ നിര്‍മിക്കുന്നതില്‍ 10 വര്‍ഷത്തിലേറെ പരിചയമുള്ള സോഹോ കോര്‍പ്പറേഷനാണ് 2021-ല്‍ അരട്ടൈ വികസിപ്പിച്ചത്. തമിഴില്‍ അരട്ടൈ എന്ന വാക്കിന് ”കാഷ്വല്‍ ടോക്ക്” അല്ലെങ്കില്‍ ”ചിറ്റ്-ചാറ്റ്” എന്നാണ് അര്‍ഥമാക്കുന്നതെന്ന് ആപ്പ് വ്യക്തമാക്കുന്നു. ലളിതവും സുരക്ഷിതവും സൗജന്യവുമായ തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ ആപ്പാണിത്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. സന്ദേശങ്ങള്‍, മീഡിയ, ഡോക്യുമെന്റുകള്‍ എന്നിവ അയയ്ക്കാനും ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാനും സ്റ്റോറികള്‍ പങ്കിടാനും ചാനലുകള്‍ സൃഷ്ടിക്കാനും ഉപയോഗിക്കാം.
ആറാട്ടൈയുടെ പ്രത്യേകതകള്‍
1. ആറാട്ടൈ മീറ്റിങ് – ഗൂഗിൾ മീറ്റും വാട്സാപ്പും ഒന്നിൽ
വാട്സാപ്പ് പോലുള്ള ആപ്പുകൾ ഗ്രൂപ്പ് സംഭാഷണങ്ങൾക്കോ ചെറിയ വിഡിയോ കോളുകൾക്കോ അനുയോജ്യമാണെങ്കിലും, ഓൺലൈൻ മീറ്റിങ്ങുകൾക്കായി മിക്ക സ്ഥാപനങ്ങളും ഗൂഗിൾ മീറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് രണ്ടിന്റെയും മികച്ച ഗുണങ്ങൾ ഒരുമിപ്പിക്കാനാണ് അറട്ടൈയുടെ ശ്രമം. ഇതിനായി ഒരു പ്രത്യേക മീറ്റിങ്സ് വിഭാഗം തന്നെ ആപ്പിലുണ്ട്
2. ആറാട്ടൈ പോക്കറ്റ് – വിവരങ്ങൾ സൂക്ഷിക്കാൻ ഒരിടം
പ്രധാനപ്പെട്ട ഫയലുകളോ രേഖകളോ ഒരിടത്ത് സൂക്ഷിക്കുന്നതിനായി നമ്മൾ പലപ്പോഴും വാട്സാപ്പിൽ നമുക്ക് തന്നെയോ കുടുംബാംഗങ്ങൾക്കോ അയയ്ക്കാറുണ്ട്. ഈ രംഗത്ത് ഒരു പടി കൂടി കടന്നാണ് അറട്ടൈ ‘പോക്കറ്റ്’ എന്ന സൗകര്യം അവതരിപ്പിക്കുന്നത്. ആപ്പിനുള്ളിൽ വിവരങ്ങൾ സൂക്ഷിക്കാനുള്ള ഒരു സ്വകാര്യ ഇടമായി ഇത് പ്രവർത്തിക്കുന്നു
3. ലൊക്കേഷൻ ഷെയറിങ്ങിൽ പുതിയ മാറ്റം
ലൊക്കേഷൻ ഷെയറിങ് ഒരു പുതിയ ഫീച്ചറല്ല. എന്നാല്‍ ആറാട്ടൈയുടെ ലൊക്കേഷൻ ഷെയറിങ് വിഭാഗത്തിൽ ‘ലക്ഷ്യസ്ഥാനത്ത് എത്തും വരെ’ (‘Till I reach’) എന്നൊരു ഓപ്ഷൻ കാണാം. നിങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് ഇതിൽ സെറ്റ് ചെയ്താൽ, ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ നിങ്ങളുടെ ലൊക്കേഷൻ ഷെയർ ചെയ്യപ്പെടും. അവിടെ എത്തിക്കഴിഞ്ഞാൽ ലൊക്കേഷൻ ഷെയറിങ് തനിയെ നിലയ്ക്കും. അടുത്ത ദിവസത്തെ യാത്രയ്ക്കായി ലക്ഷ്യസ്ഥാനങ്ങൾ നേരത്തേ സെറ്റ് ചെയ്തു വയ്ക്കാനും സാധിക്കും.
4. മെൻഷനുകൾക്ക് പ്രത്യേക പേജ്
എല്ലാ ചാറ്റുകളും ഗ്രൂപ്പുകളും പരിശോധിച്ച് നമ്മളെ എവിടെയൊക്കെ മെൻഷൻ ചെയ്തു എന്ന് കണ്ടെത്താൻ മിക്കവർക്കും സമയം കിട്ടാറില്ല. സോഹോ ഈ പ്രശ്നം മനസ്സിലാക്കിയിട്ടുണ്ട്. അറട്ടൈയിൽ ‘മെൻഷനുകൾക്ക്’ മാത്രമായി ഒരു പ്രത്യേക പേജ് തന്നെയുണ്ട്. ഏത് ചാറ്റിലോ ഗ്രൂപ്പിലോ ആകട്ടെ, നിങ്ങളെ മെൻഷൻ ചെയ്ത എല്ലാ സന്ദേശങ്ങളും ഇവിടെ ഒരുമിച്ച് കാണാം.
5. വിവിധ ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം
സ്മാർട് ഫോൺ, ടാബ്‌ലറ്റ്, ഡെസ്ക്ടോപ്പ് എന്നിവയുൾപ്പെടെ ഒരേസമയം അഞ്ച് ഉപകരണങ്ങളിൽ വരെ ഉപയോഗിക്കാനുള്ള സൗകര്യം (മൾട്ടി ഡിവൈസ് സപ്പോർട്ട്) മറ്റ് ചാറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള സംഭാഷണങ്ങൾ അറട്ടൈയിലേക്ക് കൊണ്ടുവരാനും (ഇംപോർട്ട്) സാധിക്കും.
ആപ്പ് വഴി നടത്തുന്ന എല്ലാ കോളുകളും ഇന്റര്‍നെറ്റ് വഴിയായതിനാല്‍, അവയ്ക്ക് നിരക്ക് ഈടാക്കില്ല. രഹസ്യ ചാറ്റ് സവിശേഷത ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ അയയ്ക്കുന്ന എല്ലാ സന്ദേശങ്ങള്‍ക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നല്‍കുന്നതായും ആപ്പ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.




