ഓസ്കാര്‍ ജേതാവും സംഗീതസംവിധായകനുമായ എആര്‍ റഹ്മാന് 29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഭാര്യ സൈറ ബാനുവില്‍ നിന്ന് വേര്‍പിരിയുന്നതായി അടുത്തിടെ പ്രഖ്യാപിച്ചു. വാര്‍ത്ത ആരാധകരെ ഞെട്ടിക്കുകയും അദ്ദേഹത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള ആകാംക്ഷ ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം റഹ്മാന്റെ ആകെ ആസ്തി ഏകദേശം 1,728 കോടി രൂപയാണ്. പാട്ടില്‍ നിന്നും സ്റ്റേജ്ഷോകളില്‍ നിന്നും വന്‍തുക ഈടാക്കുന്ന റഹ്മാന് പരസ്യത്തില്‍ നിന്നും നല്ലൊരു തുക സമ്പാദിക്കുന്നുണ്ട്.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നിവയുള്‍പ്പെടെ 145-ലധികം സിനിമകള്‍ക്കായി ഗാനങ്ങളും ഒറിജിനല്‍ സ്കോറുകളും ഒരുക്കിയിട്ടുള്ള അദ്ദേഹം കേവലം ഒരു പാട്ടിന് ഏകദേശം 3 കോടി രൂപ ഈടാക്കുന്നു. സ്റ്റേജ് ഷോകള്‍ക്ക് ഫീസ് 1 മുതല്‍ 2 കോടി രൂപ വരെയാണ്. ചെന്നൈയില്‍ അതിമനോഹരമായ ഒരു ബംഗ്ലാവ് സ്വന്തമായുണ്ട്. അനേകം കിടപ്പുമുറികള്‍, മനോഹരമായ ഇന്റീരിയറുകളുള്ള വിശാലമായ ഡൈനിംഗ് ഏരിയ, വിനോദ മേഖല, അത്യാധുനിക മ്യൂസിക് സ്റ്റുഡിയോ എന്നിവ ഈ വീടിന്റെ സവിശേഷതയാണ്.
ലോസ് ഏഞ്ചല്‍സിലും ആഡംബര സ്വത്തുക്കള്‍ ഉണ്ട്, ഇവിടെ വസതിയോട് ചേര്‍ന്ന് വീട്ടില്‍ നിന്നുകൊണ്ടു തന്നെ സുഖമായി ജോലി ചെയ്യാനും റെക്കോര്‍ഡ് ചെയ്യാനും ഒരു ആധുനിക സംഗീത സ്റ്റുഡിയോയുമുണ്ട്. മുംബൈ, ലണ്ടന്‍, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എ എം മ്യൂസിക് സ്റ്റുഡിയോയുടെ ഉടമകൂടിയാണ് അദ്ദേഹം. 93.87 ലക്ഷം രൂപ വിലമതിക്കുന്ന വോള്‍വോ എസ്യുവി, 1.08 കോടി രൂപ വിലയുള്ള ജാഗ്വാര്‍, 2.86 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് എന്നിവ ആഡംബര കാറുകളുടെ പട്ടികയില്‍ പെടുന്നു.
11-ാം വയസ്സില്‍ മാസ്റ്റര്‍ ധനരാജിന്റെ നിര്‍ദേശപ്രകാരം സംഗീതയാത്ര ആരംഭിച്ച എ ആര് റഹ്മാന് പിന്നീട് മലയാളം സംഗീതസംവിധായകന് എം കെ അര്‍ജുനന്റെ ഓര്‍ക്കസ്ട്രയില്‍ ചേര്‍ന്നു. ഇളയരാജ, രമേഷ് നായിഡു തുടങ്ങിയ പ്രശസ്ത സംഗീതസംവിധായകരുമായി അദ്ദേഹം സഹകരിച്ചു. 1992-ല്‍ മണിരത്നത്തിന്റെ തമിഴ് ചിത്രമായ റോജയിലൂടെയാണ് റഹ്മാന്റെ മുന്നേറ്റം, ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന, കഴിവുള്ള, സമ്പന്നമായ സംഗീതസംവിധായകരില്‍ ഒരാളായി അദ്ദേഹം പിന്നീട് മാറി. റെക്കോര്‍ഡ് പ്ലെയര്‍ ഓപ്പറേറ്ററായി താന്‍ നേടിയ 50 രൂപയായിരുന്നു തന്റെ ആദ്യ ശമ്പളമെന്നാണ് ഒരു അഭിമുഖത്തില്‍ എ.ആര്. റഹ്മാന് വെളിപ്പെടുത്തിയത്.