Movie News

അന്തരിച്ച ഷാഹുല്‍ഹമീദിനെയും ബാംബാബാക്യയേയൂം പാടിച്ച് റഹ്മാന്‍; ലാല്‍സലാമില്‍ ഇവരുടെ എഐ പാട്ടുകള്‍

മരിച്ചുപോയ ഗായകരുടെ ശബ്ദത്തില്‍ പുതിയ പാട്ടുമായി വിഖ്യാത സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്‍. സംഗീതസംവിധായകന്റെ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള അന്തരിച്ച പാട്ടുകാരന്‍ ഷാഹുല്‍ ഹമീദിനെയും ബാംബ ബക്യയുടേയും പാട്ടുകളാണ് റഹ്മാന്‍ തിരികെ കൊണ്ടുവരുന്നത്. രജനീകാന്തിന്റെ മകള്‍ ഐശ്വര്യാരജനീകാന്തിന്റെ പുതിയ സിനിമയായ ലാല്‍സലാമിലാണ് ഇരുവരുടേയും പാട്ടുകള്‍ വരുന്നത്.

മരിച്ച ഗായകരുടെ മാന്ത്രികശബ്ദങ്ങള്‍ റഹ്മാന്‍ തിരികെ കൊണ്ടുവരുന്നത് എഐയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്താലാണ്. രജനികാന്തിന്റെ സിനിമയില്‍ ഇവരുടെ ശബ്ദം റഹ്മാന്‍ ഉപയോഗിക്കും. ഇക്കാര്യത്തില്‍ അന്തരിച്ച ഗായകരുടെ കുടുംബത്തോട് അനുവാദം തേടിയെന്നും അതിനുള്ള പ്രതിഫലം അയച്ചിട്ടുണ്ടെന്നും റഹ്മാന്‍ വെളിപ്പെടുത്തി. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാല്‍ സലാം ഫെബ്രുവരി 9 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഒരുപക്ഷേ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സംഗീതജ്ഞന്‍ ഒരു സിനിമയ്ക്ക് വേണ്ടി അന്തരിച്ച രണ്ട് ഗായകരുടെ ശബ്ദം പുനഃസൃഷ്ടിക്കുന്നത്. എഐ വോയ്സ് മോഡലുകള്‍ ഉപയോഗിച്ചാണ് ശബ്ദങ്ങളെ തിരികെ കൊണ്ടുവന്നത്.

സംഗീതസംവിധായകന്‍ എഴുതി, ”ഞങ്ങള്‍ അവരുടെ കുടുംബാംഗങ്ങളില്‍ നിന്ന് അനുവാദം വാങ്ങി, അവരുടെ വോയ്സ് അല്‍ഗോരിതം ഉപയോഗിച്ചതിന് അര്‍ഹമായ പ്രതിഫലം അയച്ചു … ഞങ്ങള്‍ അത് ശരിയായി ഉപയോഗിച്ചാല്‍ സാങ്കേതികവിദ്യ ഒരു ഭീഷണിയും ശല്യവുമല്ല…” റഹ്മാന്‍ കുറിച്ചു. ബാംബാ ബക്യയും ഷാഹുല്‍ ഹമീദും എആര്‍ റഹ്മാനുമായി ചേര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് നമ്പറുകള്‍ സൃഷ്ടിച്ചവരാണ്. 1997ല്‍ ഷാഹുല്‍ ഹമീദ് വാഹനാപകടത്തില്‍ മരിച്ചപ്പോള്‍, 2022ല്‍ ബംബാ ബക്യ ഹൃദയസ്തംഭനം മൂലം മരിച്ചു.

റഹ്മാന്റെ തീരുമാനം ഇന്റര്‍നെറ്റിനെ ഭിന്നിപ്പിച്ചിരിക്കുകയാണ്. കുടുംബങ്ങളുടെ അനുവാദം തേടിയ റഹ്മാനെ പലരും അഭിനന്ദിച്ചപ്പോള്‍, മറ്റുള്ളവര്‍ അതിനെ ‘സദാചാരവിരുദ്ധം’ എന്ന് വിശേഷിപ്പിച്ചു. ഐശ്വര്യ രജനികാന്തിന്റെ ലാല്‍ സലാം ഒരു സ്പോര്‍ട്സ് ഡ്രാമയാണ്, വിക്രാന്ത്, വിഷ്ണു വിശാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ രജനികാന്തിന് വിപുലമായ അതിഥി വേഷമുണ്ട്.