ശങ്കര്‍ സംവിധാനം ചെയ്ത ജന്റില്‍മേന്‍, കാതലന്‍, മി.റോമിയോ, ലവ് ബേര്‍ഡ്‌സ്, മിന്‍സാര കനവ് തുടങ്ങി വന്‍ ഹിറ്റുകളാണ് എ.ആര്‍.റഹ്മാന്‍ പ്രഭുദേവ കൂട്ടുകെട്ടിലൂടെ പിറന്നത്. പാട്ടുകളും ഗാനരംഗവും ഒരുപോലെ വമ്പന്‍ ഹിറ്റുകളുമായി. നീണ്ട കാല്‍ നൂറ്റാണ്ടിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. പ്രൊജക്ടില്‍ മലയാളിതാരങ്ങളും യുവനടന്മാരുമായി അജു വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകനും അഭിനയിക്കുന്നുണ്ട്.
നവാഗതനായ മനോജ് എം എസ് സംവിധാനം ചെയ്ത ചിത്രത്തില്‍ യോഗി ബാബു, ഡോ. സന്തോഷ് ജേക്കബ്, സുസ്മിത നായക്, മൊട്ട രാജേന്ദ്രന്‍, ലൊല്ലു സഭാ മനോഹര്‍, സിങ്കം പുലി, ലൊല്ലു സഭാ സ്വാമിനാഥന്‍, റെഡിന്‍ കിംഗ്സ്ലി എന്നിവരും അഭിനയിക്കുന്നു. ചിത്രം നിര്‍മ്മിക്കുന്ന ബിഹൈന്‍ഡ്വുഡ്സ് ആണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ഛായാഗ്രാഹകന്‍ അനൂപ് ഷൈലജയും എഡിറ്റര്‍ റെയ്മണ്ട് ഡെറിക്ക് ക്രിസ്റ്റയും ചിത്രത്തിന്റെ സാങ്കേതിക സംഘത്തിന്റെ ഭാഗമാണ്, അത് ഉടന്‍ തിയറ്ററുകളിലെത്തും.
അര്‍ജുന്‍ സര്‍ജ നായകനായി ശങ്കര്‍ സംവിധാനം ചെയ്ത ജെന്റില്‍മാനിലെ ‘ചിക്പുക് റെയിലേ’ ആയിരുന്നു അവരുടെ ആദ്യ സഹകരണം. പിന്നാലെ പ്രഭൂദേവ നായകനായ കാതലനിലെ പാട്ടുകള്‍ തരംഗമാകുകയും ചെയ്തു. ‘ടേക്ക് ഇറ്റ് ഈസി ഒര്‍വസി’, ‘മുക്കാല’ തുടങ്ങിയ ഗാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആല്‍ബം ആളുകളെ ഇപ്പോഴും രസിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിന് ശേഷം അജ്ഞാതമായ കാരണങ്ങളാല്‍, ഇരുവരും വര്‍ഷങ്ങളോളം സഹകരിച്ചിരുന്നില്ല. പ്രഭുദേവ ഇപ്പോള്‍ വിജയ്യുടെ ഗോട്ടിന്റെ ചിത്രീകരണത്തിലാണ്.