അപാർട്മെന്റിന് തീപിടിച്ചതിനു പിന്നാലെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു താഴേക്ക് ചാടി യുവാവ്. ഏപ്രിൽ 29 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഗുജറാത്തിലെ അഹമ്മദാബാദിലെ ഹൻസോൾ ഏരിയയിലെ ഇന്ദിരാ പാലത്തിന് സമീപമുള്ള ഓർക്കിഡ് അപ്പാർട്ടുമെൻ്റുകളിൽ ആണ് വൻ തീപിടുത്തമുണ്ടായത്. തീയിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയാണ്. വീഡിയോയിൽ ഗുജറാത്തിലെ ഓർക്കിഡ് അപ്പാർട്ട്‌മെൻ്റിൻ്റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ ഒരാൾ നിൽക്കുന്നതും പിന്നീട് ഇയാൾ താഴോട്ട് ചാടുന്നതുമാണ് കാണുന്നത്. ഈ സമയം താഴെ നിരവധി ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും പരിഭ്രാന്തിയിൽ ആകുന്നതും കാണാം.
ഫ്ലാറ്റ് 404 ലെ ഒരു എസി യൂണിറ്റിൽ ആരംഭിച്ച തീ പെട്ടെന്ന് ഉയർന്ന നിലകളിലേക്ക് പടരുകയായിരുന്നു. സംഭവത്തിൽ നാല് താമസക്കാർക്ക് പരിക്കേൽക്കുകയും 27 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. കനത്ത പുക കെട്ടിടത്തിൽ വ്യാപിച്ചതോടെ താമസക്കാർ രക്ഷപ്പെടാൻ നെട്ടോട്ടമോടുകയായിരുന്നു എന്ന് ദൃസാക്ഷികൾ വ്യക്തമാക്കി.സംഭവത്തിൽ അഗ്നിശമന സേനാംഗങ്ങളിൽ, ചിലർക്ക് ചെറിയ പൊള്ളലേറ്റിരുന്നു. എങ്കിലും പ്രതികരണം വൈകിയതിനും ഉയർന്ന റെസ്ക്യൂ ഗിയറുകളുടെ അഭാവത്തിനും ഇവർക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പരിക്കേറ്റവരെ അപ്പോളോയിലും അസർവയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.