Movie News

റൈഫിള്‍ ക്ലബു’ മായി ആഷിഖ്അബു തിരിച്ചുവരവിന് ; ‘അനുരാഗ് കശ്യപ്’ ആദ്യമായി മലയാളത്തിലേക്ക്

ബോളിവുഡില്‍ ശ്രദ്ധേയമായ അനേകം ചിത്രങ്ങളൊരുക്കിയ വിഖ്യാത സംവിധായകന്‍ അനുരാഗ് കശ്യപ് മലയാളത്തിലേക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് തയ്യാറെടുക്കുന്ന സംവിധായകന്‍ ആഷിക് അബുവിന്റെ ‘റൈഫിള്‍ ക്ലബി’ലൂടെയാണ് അനുരാഗ് കശ്യപിന്റെ മലയാളത്തിലേക്കുള്ള വരവ്.

‘റൈഫിള്‍ ക്ലബ്ബിന്റെ’ തിരക്കഥ എഴുതിയിരിക്കുന്നത് ‘വരത്തന്‍’ ഫെയിം സുഹാസും ഷര്‍ഫുവും ദിലീഷ് കരുണാകരനും ചേര്‍ന്നാണ്, ആകര്‍ഷകവും പുതുമയുള്ളതുമായ കഥാ സന്ദര്‍ഭം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ‘ഗാങ്സ് ഓഫ് വാസിപൂര്‍’ സിനിമയൊരുക്കിയ അനുരാഗ് കശ്യപ് വിജയ്ചിത്രം ലിയോ ഉള്‍പ്പെടെ അനേകം തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സൗബിന്‍ ഷാഹിറും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനുരാഗ് കശ്യപാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2023 നവംബറില്‍ ഒരു തമാശയില്‍ നിന്നുമാണ് അനുരാഗ് കശ്യപ് സിനിമയിലേക്ക് എത്തിയത്. 25 നും 40 നും ഇടയില്‍ പ്രായത്തിലുള്ള ഒരു നടന് വേണ്ടിയുള്ള ആഷിക് അബുവിന്റെ സോഷ്യല്‍മീഡിയ കാസ്റ്റിംഗ് കോളിനോട് അനുരാഗ് കശ്യപ് പ്രതികരിച്ചു. ”നിങ്ങള്‍ക്ക് അതിഥിവേഷം ചെയ്യാന്‍ ഒരു വടക്കേഇന്ത്യന്‍ നടനെ ആവശ്യമുണ്ടോ?” പിന്നാലെ സംവിധായകനടന്‍ ആഷിക്അബുവിന്റെ സിനിമയില്‍ എത്തുകയും ചെയ്തു.

അതേസമയം മലയാളത്തില്‍ അനുരാഗ് ആദ്യമല്ല. നേരത്തേ ഗീതു മോഹന്‍ദാസിന്റെ ‘മൂത്തോന്‍’ എന്ന ചിത്രത്തിലെ സഹനിര്‍മ്മാതാവായും നിതിന്‍ ലൂക്കോസിന്റെ ‘പക (രക്തത്തിന്റെ നദി)’യുടെ നിര്‍മ്മാണ പങ്കാളിയായതിനും പിന്നാലെയാണ് അനുരാഗ് കശ്യപിന്റെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്.

അടുത്തിടെ മോഹന്‍ലാലിന്റെ വാലിബന്‍ എന്ന കഥാപാത്രത്തിന് അനുരാഗ് കശ്യപാണ് ‘മലയ്‌ക്കോട്ടൈ വാലിബന്റെ’ ഹിന്ദി പതിപ്പിനായി ഡബ്ബ് ചെയ്തത്.