Movie News

നയന്‍താരയുടെ ‘അന്നപൂരണി’ വീണ്ടും വിവാദത്തില്‍ ; ലവ് ജിഹാദും ശ്രീരാമനെ അപമാനിച്ചെന്നും ആക്ഷേപിച്ച് കേസ്

നയന്‍താരയുടെ എഴുപത്തിയഞ്ചാം ചിത്രമായ ‘അന്നപൂരണി’ പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങള്‍ പിന്തുടരുകയാണ്. സിനിമ പുറത്തുവന്ന് പ്രേക്ഷകപ്രീതി സമ്പാദിച്ചുകൊണ്ടു മുന്നേറിയിട്ടും സിനിമയുടെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സിനിമയ്ക്ക് എതിരേ ‘ലവ് ജിഹാദ്’ ആരോപണമാണ് ഏറ്റവും പുതിയതായി ഉണ്ടായിരിക്കുന്നത്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയില്‍ മുംബൈയിലെ എല്‍ടി മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി കിട്ടിയിരിക്കുകയാണ്.

ലവ് ജിഹാദിനൊപ്പം സിനിമയില്‍ മതവികാരം വ്രണപ്പെടുത്തുന്ന ഡയലോഗും ഉണ്ടെന്നാണ് ആക്ഷേപം. സിനിമയില്‍ ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നു എന്ന നായകന്‍ ജയ് ആകാശിന്റെ ഡയലോഗിനെതിരേയാണ് ആക്ഷേപം. സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്‌ളിക്‌സില്‍ പ്രീമിയര്‍ ചെയ്യുന്നതിന് മുമ്പ് സിനിമയുടെ ‘അന്നപൂരണി’ എന്ന പേര് തന്നെ വിവാദമായിരുന്നു. ഹിന്ദു ഐടി സെല്‍ പേരിനെതിരേ ആദ്യം മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു. സിനിമ വാല്‍മീകിയുടെ രാമായണത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും ശ്രീരാമനെ വിമര്‍ശിക്കുന്നതായും ഐടി സെല്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഷെഫ് ആകാന്‍ മോഹിക്കുന്ന ഒരു ഹിന്ദുക്ഷേത്രത്തിലെ പൂജാരിയുടെ മകളായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. ഇവര്‍ക്ക് മാംസാഹാരം പാകം ചെയ്യുന്നതടക്കം നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് സിനിമ കാണിക്കുന്നത്. സിനിമയിലെ നായികയായ ഈ ഹിന്ദുപെണ്‍കുട്ടി ഒരു പാചകമത്സരത്തില്‍ ഇസ്‌ളാമിക നമസ് ചെയ്യുന്നതും തല ഒരു ഷാള്‍ ഇട്ട് മൂടുന്നതും സിനിമയില്‍ കാണിക്കുന്നുണ്ട്. ഉണ്ടാക്കുന്നതിന് മുമ്പ് നമസ് ചെയ്താല്‍ ബിരിയാണി കൂടുതല്‍ രുചികരവും പ്രത്യേകതയുള്ളതുമാകുമെന്ന് കോളേജിലെ കൂട്ടുകാര്‍ പറയുന്നത് കേട്ടാണ് ഇങ്ങിനെ ചെയ്യുന്നത്.

ഈ രംഗമാണ് ഇപ്പോള്‍ പുതിയതായി പ്രശ്‌നമായിരിക്കുന്നത്. ഈ രംഗങ്ങള്‍ മതവികാരം മുറിപ്പെടുത്തുന്നു എന്നും പറയുന്നു. നയന്‍താരയുടെ എഴുപത്തഞ്ചാമത്തെ സിനിമയാണ് ഇത്. നിലേഷ്‌കൃഷ്ണ സംവിധാനം ചെയ്ത സിനിമയില്‍ ജെയ് ആകാശ്, സത്യരാജ് എന്നിവരും നയന്‍സിനൊപ്പം പ്രധാന വേഷയത്തിലുണ്ട്. സിനിമ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ഇതുവരെ തീയേറ്ററില്‍ അഞ്ചുകോടി നേടി കുതിക്കുകയാണ് സിനിമ. 2023 ഡിസംബര്‍ 1 ന് റിലീസ് ചെയ്ത സിനിമ ഇപ്പോള്‍ ഒടിടിയിലും എത്തിയിട്ടുണ്ട്.