ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് അന്നാ രേഷ്മ രാജൻ. ഏറെ വിജയം നേടിയ ആ ചിത്രത്തിലൂടെ അന്നയും ഏറെ ശ്രദ്ധേയയായി. പിന്നീട് ലാൽ ജോസ് – മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകം, സച്ചിയുടെ അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അന്ന ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും.
മഹേഷ് പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കുടുംബ സ്ത്രീ ആകുന്ന കേന്ദ്ര കഥാപാത്രത്തെയാണ് അന്നാ രേഷ്മ രാജൻ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുമുണ്ട്. പ്രവാസിയും സമ്പന്നനുമായ സണ്ണിച്ചായന്റെ ഭാര്യയാണ് സുന്ദരിയായ ക്ലാര. ഈ ദമ്പതികൾക്ക് കുട്ടികളില്ല. കുട്ടികളില്ലാത്തതും ഭാര്യയുടെ സൗന്ദര്യവും സണ്ണിച്ചായനെ സംശയ രോഗിയാക്കി. ഭാര്യയിൽ എപ്പോഴും സംശയം. ഇതിന്റെ സംഘർഷങ്ങളും രസക്കൂട്ടുകളും നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് ജോജിയും, ഉണ്ണിയും കോയയും മീരയും ഉൾപ്പെടുന്ന ഒരു സംഘം കലാകാരന്മാർ സണ്ണിച്ചായന്റെ ജീവിതത്തിൽ തികച്ചും അപ്രതീക്ഷിതമായി എത്തുന്നത്. ഇവരുടെ ആഗമനം കുടുംബത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന സാഹചര്യമായി.
നാട്ടിലാണങ്കിൽ മോഷണ പരമ്പര ഒരു വശത്ത്. അതാകട്ടെ നാട്ടിലെ പുതിയ സി.ഐ. ആയ ഗോപാൽ ചുമതലയേൽക്കുന്ന സ്റ്റേഷൻ ചുറ്റളവിലാണു മോഷണ പരമ്പര അരങ്ങേറുന്നത്. എത്ര ശമിച്ചിട്ടും സി.ഐ.ക്ക് മോഷ്ടാവിനെ കണ്ടെത്താനും കഴിയുന്നില്ല .ഇതെല്ലാം ഒരു ഘട്ടത്തിൽ ഒത്തുചേരുന്നതോടെ പുതിയ വഴിത്തിരിവുകളും അരങ്ങേറുകയായി. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന താണ് ഈ ചിത്രം.കലാഭവൻ ഷാജോണാണ് സി.ഐ. ഗോപാലിനെ അവതരിപ്പിക്കുന്നത്.
ധ്യാൻ, ജാഫർ ഇടുക്കി, പക്റു സ്നേഹാ ബാബു എന്നിവരുടെ കൂട്ടുകെട്ട് ഏറെ ചിരിയുണർത്താൻ പോന്നതാണ്. സലിം കുമാർ, ബെന്നി പീറ്റേഴ്സ്. മണിയൻപിള്ള രാജു, സാജു നവോദയ, സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര എന്നിവരും പ്രധാന താരങ്ങളാണ്.
ശ്രീകുമാർ അറയ്ക്കലാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിക്കുന്നത്.ഗാനങ്ങൾ – സിജിൽ ശ്രീകുമാർ നാടൻ പാട്ട് – മണികണ്ഠൻ. സംഗീതം – ശ്രീജു ശീധർ. ഛായാഗ്രഹണം – ലോവൽ.എസ് – എഡിറ്റിംഗ് – രാജാ മുഹമ്മദ് കലാസംവിധാനം – രാധാകൃഷ്ണൻ. കോസ്റ്റും – ഡിസൈൻ. ഭക്തൻ മങ്ങാട്. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് സജിത് ലാൽ -വിൽസൻ തോമസ് ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്
.ഫോട്ടോ- ശാലു പേയാട്.