വിനായകനും മോഹന്‍ലാലുമായിരുന്നു ജയിലര്‍ സിനിമയുടെ മലയാളി സാന്നിദ്ധ്യം. ജയിലറിന്റെ രണ്ടാംഭാഗം വരുമ്പോഴും മലയാളി സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് സിനിമ. ഇത്തവണ നടി അന്നാരാജനും നടന്‍ സുരാജ് വെഞ്ഞാറമൂടുമാണ് സിനിമയുടെ ഭാഗമാകുന്നത്. ജയിലര്‍ പോലെ ജയിലര്‍ 2 വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ എന്നത് ഇപ്പോഴും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അന്നയുടെ തമിഴ് അരങ്ങേറ്റം ഈ പ്രോജക്റ്റ് അടയാളപ്പെടുത്തും, ഒപ്പം തന്റെ ആവേശം പങ്കുവയ്ക്കാന്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ‘ബഹുമാനപ്പെട്ട സൂപ്പര്‍ സ്റ്റാറും ഇതിഹാസ നടനുമായ രജനികാന്തിനെ കാണാനുള്ള അവസരം ലഭിച്ചപ്പോള്‍ അത് വലിയ പൂര്‍ത്തീകരണത്തിന്റെ നിമിഷമായിരുന്നു. അദ്ദേഹത്തോ ടൊപ്പം പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം ഭാഗ്യമായി കരുതുന്നു.’ അന്ന എഴുതി.
ജയിലര്‍ 2 വിന്റെ ചിത്രീകരണം കോഴിക്കോട്ട് നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ പാലക്കാട്, ഷോളയൂര്‍ ഗൊഞ്ചിയൂര്‍, ആനക്കട്ടി എന്നിവിടങ്ങളിലായി 20 ദിവസ ത്തോളം സംഘം ചിത്രീകരിച്ചിരുന്നു. ജയിലറില്‍ ശക്തമായ അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട അഭിനേതാക്കളായ ശിവരാജ്കുമാര്‍, ജാക്കി ഷ്‌റോഫ് എന്നിവര്‍ ഉണ്ടാകുമോ എന്ന് വ്യക്തമല്ല.
അതേസമയം നന്ദമുരി ബാലകൃഷ്ണ സിനിമയുടെ ഭാഗങ്ങളായേക്കുമെന്ന് സൂചനയുണ്ട്. കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സിന്റെ പിന്തുണയുള്ള ജയിലര്‍ 2 വിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം വിജയ് കാര്‍ത്തിക് കണ്ണനും എഡിറ്റിംഗ് ആര്‍ നിര്‍മ്മലും നിര്‍വഹിക്കും.