Celebrity

‘നായികയാക്കാം പക്ഷേ നിര്‍മ്മാതാവിനൊപ്പം കിടക്കണം’; 19 വയസിലെ അനുഭവം പങ്കുവച്ച് അങ്കിതാ ലോഖണ്ഡേ

സിനിമയില്‍ നായികയാകാന്‍ കൊതിച്ചിരുന്ന കാലത്ത് ഒരു സിനിമയിലെ നായികയാകുന്നതുമായി ബന്ധപ്പെട്ട് കാസ്റ്റിംഗ് കൗച്ചിംഗിന് ഇരയാകേണ്ടി വന്നതായി ബോളിവുഡ് നടി അങ്കിതാ ലോഖണ്ഡേ. 19 വയസ്സുള്ളപ്പോള്‍ സിനിമയില്‍ കരാര്‍ ഒപ്പിടാന്‍ പോകുമ്പോള്‍ നിര്‍മ്മാതാവിനൊപ്പം കിടക്കണം എന്നാവശ്യപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇനി ഒരിക്കലും സിനിമയിലേക്ക് ഇല്ല എന്ന് തീരുമാനം എടുത്തിരുന്നതായും നടി പറഞ്ഞു. ഹൗട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി താന്‍ നേരിട്ട അനുഭവം പങ്കുവെച്ചത്. ചിത്രത്തിനായുള്ള തന്റെ സൈനിംഗ് തുക ലഭിക്കാന്‍ പോയപ്പോള്‍ ‘നിര്‍മ്മാതാവിനൊപ്പം ഉറങ്ങണം’ എന്ന് തന്നോട് പറഞ്ഞതായി അങ്കിത പങ്കുവെച്ചു.

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അങ്കിത പറയുന്നു ”ഒരു തെന്നിന്ത്യന്‍ സിനിമയ്ക്കായി ബോംബെയില്‍ വച്ചാണ് ഇത് സംഭവിച്ചത്. ഞാന്‍ പങ്കെടുത്ത ഒരു ഓഡീഷനില്‍ നിന്നും ‘നിങ്ങളെ തിരഞ്ഞെടുത്തു’ എന്ന് എനിക്ക് ഒരു കോള്‍ വന്നു. ‘ശരി, ഞാന്‍ വരുന്നു’ എന്ന് ഞാന്‍ മറുപടി നല്‍കി. എനിക്ക് പോകേണ്ടിവരുമെന്നും ഒപ്പം ഒപ്പിടുകയും ചെയ്യുമെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. ‘ഞാന്‍ സിനിമയില്‍ ഒപ്പിടാന്‍ പോകുന്നു, ഒപ്പിടുന്ന തുക എനിക്ക് ലഭിക്കും, എന്നിരുന്നാലും എന്റെയുള്ളില്‍ ഒരു സംശയം കിടന്നു. ഇത് എങ്ങനെ ഇത്ര എളുപ്പത്തില്‍ സംഭവിച്ചു എന്നും അത് അത്ര നല്ല വിധിയാണോ എന്നും ഒരു ഉത്ക്കണ്ഠ ഉണ്ടാകുകയും ചെയ്തു. അവിടെ ചെന്നപ്പോള്‍ കോ-ഓര്‍ഡിനേറ്ററോട് പുറത്ത് കാത്തുനില്‍ക്കാന്‍ പറഞ്ഞിട്ട് എന്നെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചു.

‘നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യണം’ എന്ന് അവര്‍ പറഞ്ഞു. അന്ന് എനിക്ക് 19 വയസ്സായിരുന്നു. നായികയാകാനും സിനിമയുടെ ഭാഗമാകാനും ഏറെ കൊതിച്ചിരുന്ന കാലം കൂടിയായിരുന്നു.” നടി പറഞ്ഞു.എന്നാല്‍ താന്‍ അല്‍പ്പം കൂടി മിടുക്ക് കാട്ടിയെന്ന് താരം പറഞ്ഞു ” എന്തു വിട്ടുവീഴ്ചയാണ്. ഞാന്‍ നിങ്ങളുടെ നിര്‍മ്മാതാക്കളായ ഫിനാന്‍സര്‍മാര്‍ക്കൊപ്പം ഒരു പാര്‍ട്ടിക്ക് പോകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?’ ഞാന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു ‘നിങ്ങള്‍ നിര്‍മ്മാതാവിന്റെ കൂടെ കിടക്കണം.’ ഉടന്‍ എഴുന്നേറ്റുകൊണ്ട് ഞാന്‍ പറഞ്ഞു, ”നിങ്ങളുടെ നിര്‍മ്മാതാവിന് കഴിവ് അല്ല ആവശ്യം. അദ്ദേഹത്തിന് വേണ്ടത് കൂടെ ഉറങ്ങാന്‍ ഒരു പെണ്‍കുട്ടിയാണ്. എന്നാല്‍ ഞാന്‍ അങ്ങനെയല്ല.” ഇത്രയും പറഞ്ഞശേഷം ഞാന്‍ പോകാന്‍ എഴുന്നേറ്റു. ഉടന്‍ അയാള്‍ പറഞ്ഞു. ‘ഞാന്‍ നിങ്ങളെ സിനിമയില്‍ എടുക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഞാന്‍ പരമാവധി ശ്രമിക്കും.’ ”നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യൂ. എനിക്ക് ഇപ്പോള്‍ നിങ്ങളുടെ സിനിമ ചെയ്യാന്‍ താല്‍പ്പര്യമില്ല.” ഞാന്‍ തീര്‍ത്തു പറഞ്ഞു.

ഈ രീതിയില്‍ ഒരാള്‍ എന്നോട് ചോദിച്ചല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് എന്നോട് പുച്ഛം തോന്നി. അന്ന് ഞാന്‍ തീരുമാനിച്ചു. ഇത് വൃത്തികെട്ടതാണ്. ഇനി സിനിമ ചെയ്യാന്‍ പോകുന്നില്ല. സിനിമ എനിക്ക് വേണ്ട എന്ന്. ” നടി പറഞ്ഞു.

2019 ല്‍ കങ്കണ റണാവത്തിന്റെ ‘മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിലൂടെയാണ് അങ്കിതയുടെ സിനിമാ അരങ്ങേറ്റം. പിറ്റേവര്‍ഷം അവള്‍ ബാഗി 3 ല്‍ അഭിനയിച്ചു. വരാനിരിക്കുന്ന സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയ്ക്കൊപ്പം അഭിനയിക്കും. ഏക്താ കപൂറിന്റെ പവിത്ര റിഷ്ട എന്ന ചിത്രത്തിലൂടെയാണ് അങ്കിത ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ചത്. സുശാന്ത് സിംഗ് രാജ്പുതിന്റെ നായികയായി അര്‍ച്ചന ദേശ്മുഖ് എന്ന കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിച്ചത്. ജാലക് ദിഖ്ല ജാ 4, കോമഡി സര്‍ക്കസ് കാ നയാ ദൗര്‍ എന്നിവയില്‍ അവര്‍ പങ്കെടുത്തു. സച്ചിന്‍ ഷ്രോഫിനൊപ്പം ഏക് തി നായ്കയ്ക്ക് വേണ്ടി അവര്‍ രണ്ട് എപ്പിസോഡുകള്‍ ചെയ്തു.