Oddly News

കുതിരക്കുഞ്ഞിനെ ഓമനിക്കാൻചെന്ന ബാലനെ തൊഴിച്ചിട്ട് തള്ളക്കുതിര, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മനുഷ്യനുമായി ഏറ്റവും അധികം ആത്മബന്ധം പുലർത്തുന്നവയാണ് വളർത്തുമൃഗങ്ങൾ. യജമാനന്മാരോടുള്ള അവയുടെ ആത്മാർത്ഥ സ്നേഹവും കരുതലും രസകരമായ ചേഷ്ടകളും പലപ്പോഴും ഏറെ കൗതുകത്തോടെയാണ് നാം നോക്കികാണുന്നത്. എന്നാൽ എത്രയൊക്കെ അടുപ്പം പുലർത്തിയാലും, സ്നേഹം പ്രകടനം നടത്തിയാലും ഇവ മനുഷ്യരിൽ നിന്നും ഏറെ വ്യത്യസ്തരാണെന്നുള്ള കാര്യം നാം മറന്നുപോകരുത്. കാരണം ഇവക്കുള്ളിൽ നമുക്ക് പോലും മനസിലാക്കാൻ കഴിയാത്ത അക്രമ സ്വഭാവം ഒളിഞ്ഞിരിപ്പുണ്ട്. അവയ്ക്ക് മാനസികമായി വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള മനുഷ്യന്റെ പെരുമാറ്റ സമയങ്ങളിൽ ആവും ഇവ ഈ അക്രമണ സ്വഭാവം പുറത്തെടുക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഇവയുമായി അകലം പാലിക്കപ്പെടേണ്ടത്തിന്റെ ആവശ്യകത എടുത്തുകാട്ടുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ.

ഏറെ സ്നേഹത്തോടെ ഒരു കുതിരക്കുഞ്ഞിനെ ഓമനിക്കാൻ ചെന്ന ബാലനെ അപ്രതീക്ഷിതമായി തള്ള കുതിര തിരിഞ്ഞാക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു ഇത്. @Wildlife Uncensored എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുതിരക്കുഞ്ഞിനെ ഓമനിക്കാൻ ചെന്ന കുട്ടിക്കും അതിനു സമീപത്തായി നിൽക്കുന്ന നായക്കും കുതിരയുടെ ആക്രമണം നേരിടേണ്ടി വന്നതാണ് വീഡിയോയിൽ കാണുന്നത്.

വീഡിയോയുടെ തുടക്കത്തിൽ ഒരു കുട്ടി കുതിരക്കുഞ്ഞിന്റെ അടുത്തേയ്ക്ക് വരുന്നതും കൈ നീട്ടി അതിനെ തലോടാൻ ശ്രമിക്കുന്നതുമാണ് കാണുന്നത്. എന്നാൽ പെട്ടന്നാണ് അത് സംഭവിച്ചത്. കുട്ടിക്ക് സമീപത്തായി നിൽക്കുന്ന തള്ള കുതിര തിരഞ്ഞുവന്ന് കുട്ടിയെ ആക്രമിക്കുന്നതാണ് കാണുന്നത്. കുതിരയുടെ ഭാവമാറ്റത്തിൽ വിറച്ചുപോയ കുട്ടി വേഗം തന്നെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മനുഷ്യർക്കിടയിൽ ജീവിക്കുമ്പോഴും തങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രകോപനങ്ങൾ ഉണ്ടായാൽ മൃഗങ്ങൾ തങ്ങളുടെ അക്രമണ സ്വഭാവം പുറത്തെടുക്കും എന്ന് ഓർമിപ്പിക്കുകയാണ് ഈ സംഭവം.

കുട്ടി അത്ഭുതകരമായി രക്ഷപെട്ടെങ്കിലും കുതിരയുടെ ആക്രമണത്തിൽ കുടുങ്ങിപ്പോയത് ഇവർക്ക് സമീപം നിന്ന നായ ആയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ പ്രകോപിതനായ കുതിരയുടെ ചവിട്ടുമുഴുവൻ ഏറ്റുവാങ്ങുന്നത് നായയാണ്. ഇതിനിടയിൽ നായ രക്ഷപെടാൻ ശ്രമം നടത്തുന്നതും വീഡിയോയിൽ കാണാം.

വീഡിയോ കണ്ട് നിരവധി ആളുകൾ കുതിരയുടെ ആക്രമണത്തിൽ ഞെട്ടിത്തരിച്ചപ്പോൾ മറ്റുചിലർ നായയുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ എത്ര സൂക്ഷ്മതയുള്ളതാണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. പ്രത്യേകിച്ചും ചില സമയത്തുള്ള നമ്മുടെ ആവേശങ്ങൾ ഒരു പക്ഷെ വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് ഊന്നിപറയുകയാണ് ഈ വൈറൽ ദൃശ്യങ്ങൾ.

നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് അഭിപ്രായങ്ങളുമായി എത്തിയത്. മൃഗങ്ങളുമായുള്ള ഇടപെടലുകളുടെ പ്രവചനാതീതമായ സ്വഭാവത്തെക്കുറിച്ചും അവയെ സുരക്ഷിതമായി എങ്ങനെ കൈകാര്യം ചെയ്യണമെന്നുമുള്ള ഓർമപ്പെടുത്തലാണ് ഈ സംഭവം. അതോടൊപ്പം മൃഗങ്ങളുടെ സ്വകാര്യത എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടെന്നും വീഡിയോ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *