Health

മൂക്കിന്‍ തുമ്പത്തോ ദേഷ്യം ? കോപം തോന്നുമ്പോള്‍ എന്തുചെയ്യണം? എന്തു ചെയ്യരുത്?

ദേഷ്യം വന്നാല്‍ പിന്നെ കണ്ണുകാണില്ല, വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയും. ഇങ്ങനെയാണ് പലരും. വളരെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണോ നിങ്ങളുടേത്? ദേഷ്യം വന്നാല്‍ ചെയ്യുന്നതും പറയുന്നതും നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നോ? കോപത്തെ മെരുക്കാന്‍ മാനസികാരോഗ്യ വിദഗ്ദര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍ അറിയുക.

ദേഷ്യം വരുന്നത് സാധാരണം തന്നെ. എന്നാല്‍ അമിത കോപം അത്ര നന്നല്ല. ഇച്ഛാഭംഗം, വിഷാദം, അപകര്‍ഷതാബോധം, ഉത്കണ്ഠ, നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ അങ്ങനെ അമിത ദേഷ്യത്തിന്റെ കാരണങ്ങള്‍ പലതാവാം. അതുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കേണ്ട രീതിയും വ്യത്യസ്തമാണ്.

നാവിനെ അടക്കുക

പറഞ്ഞ വാക്കും എയ്ത അമ്പും തിരിച്ചെടുക്കാനാവില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. ദേഷ്യം വരുമ്പോള്‍ മാനസിക നിയന്ത്രണമില്ലാതെ പറയുന്ന കാര്യങ്ങള്‍ പിന്നീട് പ്രശ്നം കൂടുതല്‍ വഷളാക്കും. അതിനാല്‍ ദേഷ്യം തോന്നുമ്പോള്‍ കഴിവതും സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ദേഷ്യപ്പെടുമ്പോള്‍ നാളിതുവരെയുള്ള സ്നേഹത്തിനും സൗഹൃദത്തിനും യാതൊരു പ്രാധാന്യവും കൊടുക്കതെയാവും പലരോടും പലതും പറയുക. ബന്ധങ്ങള്‍ ശിഥിലമാകാന്‍ ഇതിനേക്കാള്‍ കൂടുതല്‍ മറ്റെന്തു വേണം? അതുകൊണ്ട് നാവിനെ നിയന്ത്രിക്കാന്‍ ശീലിക്കുക.

മാനസിക നിയന്ത്രണം

മനസ്സിനെ നിയന്ത്രിക്കുവാന്‍ സാധിച്ചാല്‍ എല്ലാം കഴിയുമ്പോള്‍ ഒന്നും വേണ്ടായിരുന്നു എന്ന തോന്നല്‍ ഒഴിവാക്കാം. കാര്യങ്ങള്‍ മനസ്സിലാക്കി സാഹചര്യങ്ങള്‍ കണക്കിലെടുത്തു മാത്രം പ്രതികരിക്കുക. ഇത് ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കേണ്ട ഒരു ശീലമാണ്. ദേഷ്യം വരുമ്പോള്‍ കണ്ണടച്ച് ദീര്‍ഘനിശ്വാസം എടുത്തശേഷം ബീകൂള്‍ എന്ന് മനസിരുത്തി പലവട്ടം ഉരുവിടുന്നത് ദേഷ്യം നിയന്ത്രിക്കാന്‍ സഹായിക്കും. ദേഷ്യം തോന്നുന്നവരോടൊത്ത് ഒരുമിച്ചു ആസ്വദിച്ച നല്ല നിമിഷങ്ങള്‍ ഓര്‍ക്കുക, നൂറു തൊട്ടു താഴേക്കു എണ്ണുക, കണ്ണടച്ച് ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുക തുടങ്ങിയ വിദ്യകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.

സ്വയം ചിന്തിക്കാം

എപ്പോഴാണ്, ആരോടാണ്, എന്തിനാണ് ദേഷ്യം തോന്നുന്നത്? എങ്ങിനെയാണ് ദേഷ്യം വരുമ്പോള്‍ പ്രതികരിക്കുക? ഇത് മാനസികാരോഗ്യത്തെയും ശാരീരികരോഗ്യത്തെയും ബാധിക്കുന്നുണ്ടോ? മറ്റുള്ളവരുടെ പ്രതികരണമെന്താണ്? അമിത കോപം മൂലം ബന്ധങ്ങള്‍ ശിഥിലമാകുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നത് പലപ്പോഴും സ്വയം വിലയിരുത്തുവാനും അതനുസരിച്ച് സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനും സഹായിക്കുന്നതാണ്.

ശരീര ഭാഷ ശ്രദ്ധിക്കാം

എല്ലാം മനസ്സിലൊതുക്കി ഒന്നും മിണ്ടാതെയിരുന്നാലും ചിലപ്പോള്‍ രക്ഷയില്ലെന്ന് വരാം. കാരണം ശരീരഭാഷ ചിലപ്പോള്‍ ചതിച്ചേക്കാം. സംസാരിക്കാതെയിരിക്കുക, ചിരിക്കാതിരിക്കുക, വെറുതെ നടക്കുക, കതകു വലിച്ചടയ്ക്കുക, വെറുതെ കിടക്കുക, ഉത്തരമായി മൂളുക മാത്രം ചെയ്യുക അങ്ങനെ പലതും ദേഷ്യം വരുമ്പോള്‍ ചെയ്തേക്കാം. എന്നാല്‍ ഇതൊക്കെ ഒഴിവാക്കി ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ പെരുമാറുന്നിടത്താണ് മിടുക്ക്. ഇയാള്‍ എന്തേ പ്രതികരിച്ചില്ല എന്ന മറ്റുള്ളവരുടെ അമ്പരപ്പ് ഒന്ന് ആസ്വദിക്കുകയുമാവാം.

സന്തോഷം കണ്ടെത്തുക

മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക വഴി വേഗത്തില്‍ മനസ്സിനെ കീഴ്പ്പെടുത്തുവാന്‍ സാധിക്കും. ജീവിതത്തെ ഈസിയായി കാണുന്നവര്‍ക്കും നര്‍മ്മബോധമുള്ളവര്‍ക്കും ഇത് വളരെ എളുപ്പമാണ്. ഗുരുതരമായ പ്രശ്നങ്ങളെ പ്പോലും ലാഘവത്തോടെ നേരിടാന്‍ ഇത് സഹായിക്കും. ഒരല്‍പ്പം ദേഷ്യം തോന്നിയാലും അത് വളര്‍ത്തിയെടുത്തു പ്രശ്നങ്ങള്‍ വഷളാക്കാതെയിരിക്കാന്‍ സന്തോഷമുള്ള ഒരു മനസ്സ് ഉണ്ടാവേണ്ടതാണ്.

പരിഹാരം കണ്ടെത്തുക

ശാന്തമായി പ്രതികരിക്കുവാനും പ്രകോപനത്തിനടിമപ്പെടാതിരിക്കുവാനും കഴിഞ്ഞാല്‍ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക. ദേഷ്യത്തോടെയിരിക്കുമ്പോള്‍ ഒരിക്കലും തീരുമാനങ്ങള്‍ എടുക്കുകയോ പരിഹാരമാര്‍ഗങ്ങള്‍ ചിന്തിക്കുകയോ ചെയ്യരുത്. മനസ്സ് ശാന്തമായതിനു ശേഷം നടന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും വിശകലനം ചെയ്തു പ്രശ്നം പരിഹരിക്കുക.

വിദഗ്‌ധോപദേശം തേടുക

കഴിയാവുന്ന മാര്‍ഗ്ഗങ്ങളൊക്കെ പരീക്ഷിച്ചിട്ടും കോപം നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ വിദഗ്ധോപദേശം തേടുന്നത് നല്ലതാണ്. പലപ്പോഴും ഒരു കൗണ്‍സിലിംഗ് കൊണ്ട് മാറാവുന്ന പ്രശ്നങ്ങളേ ഉണ്ടാവൂ. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അതില്‍ നിന്നും മോചനം നേടാനുള്ള ചികിത്സകളും സ്വീകരിക്കാവുന്നതാണ്.

ദേഷ്യം തോന്നുമ്പോള്‍…

  1. ദേഷ്യം തോന്നുന്ന സമയം ചിന്തകളെ മറ്റെവിടേയ്ക്കെങ്കിലും തിരിച്ചുവിടുക എന്നത് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. വ്യക്തികളോടാണ് ദേഷ്യം തോന്നുന്നത് എങ്കില്‍ ആ വ്യക്തിയെ ഒഴിവാക്കി മറ്റാരോടെങ്കിലും സംസാരിക്കാം. സാഹചര്യങ്ങളാണ് ദേഷ്യത്തിനു കാരണമെങ്കില്‍ അപ്പോള്‍ ആയിരിക്കുന്ന സ്ഥലത്തു നിന്ന് മറ്റെവിടേയ്ക്കെങ്കിലും മാറുക.
  2. ദേഷ്യം തോന്നുമ്പോള്‍ നിങ്ങളെ മനസിലാക്കുന്ന ഏറ്റവും അടുത്ത ആളുമായി സംസാരിക്കുന്നതും ദേഷ്യം നിയന്ത്രിക്കാന്‍ നല്ലതാണ്. എന്നാല്‍ ഇത് എല്ലായിപ്പോഴും പ്രയോഗികമാവണമെന്നില്ല.
  3. ദേഷ്യം വരുന്ന സമയം കണ്ണാടിയുടെ മുമ്പിലോ ആളില്ലാത്ത മറ്റൊരിടത്തോ നിന്ന് സ്വയം ഉറക്കെ സംസാരിക്കുന്നതും ദേഷ്യം നിയന്ത്രിക്കാന്‍ സഹായിക്കും.
  4. കടുത്ത ദേഷ്യം വരുമ്പോള്‍ സ്വീകരിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ മാര്‍ഗം മൗനമാണ്. ആ നിമിഷം നടത്തുന്ന അമിതവികാരപ്രകടനം പിന്നീട് സമ്മാനിക്കുക ദു:ഖവും കുറ്റബോധവുമായിരിക്കും.
  5. ദേഷ്യം ഉള്ളപ്പോള്‍ മനസിനെ നിയന്ത്രിക്കുന്നത് വിവേകമല്ല വികാരമാണെന്ന് തിരിച്ചറിയുക. ബന്ധങ്ങളും സൗഹൃദങ്ങളും നിലനിര്‍ത്താന്‍ ദേഷ്യം നിയന്ത്രിക്കുന്നത് എപ്പോഴും ഉചിതമായിരിക്കും.