ഓരോരുത്തരുടേയും മാനസികാവസ്ഥ വ്യത്യസ്തമാണ്. ജീവിത പ്രതിസന്ധികളെ ചിലര്‍ അസാധാരണ മനോധൈര്യത്തോടെ മറികടക്കുമ്പോള്‍ മറ്റുചിലര്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനത്തില്‍ ആത്മഹത്യയില്‍ അഭയം തേടും. മരണത്തിന് തൊട്ടുമുമ്പുള്ള ഏറ്റവും പ്രധാനപ്പെട്ട ആ നിമിഷമാണ് സന്നദ്ധപ്രവര്ത്തകന് ചെന്‍ നിരാശരായ ആ മനുഷ്യരുമായി സംസാരിക്കാന്‍ തെരഞ്ഞെടുക്കുന്നത്. അദ്ദേഹം നല്കിയ ആത്മവിശ്വാസത്തില്‍ ആത്മഹത്യയില്‍ നിന്നും ജീവിതത്തിലേക്ക് പിന്തിരിഞ്ഞ് കയറിയത് നൂറുകണക്കിന് പേരാണ്.
ചൈനയിലെ ആത്മഹത്യാ പ്രതിരോധ സന്നദ്ധപ്രവര്‍ത്തകനാണ് ചെന്‍ സി. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയുടെ തലസ്ഥാന നഗരമായ നാന്‍ജിംഗിലെ യാങ്സി നദിക്ക് കുറുകെയുള്ള പാലമാണ് അദ്ദേഹത്തിന്റെ ഡ്യൂട്ടിസ്ഥലം. 21 വര്‍ഷത്തിനിടെ 469 പേരെയാണ് അദ്ദേഹം നാന്‍ജിംഗ് പാലത്തിന്റെ മുകളില്‍ നിന്നും നദിയിലേക്ക് ചാടാതെ തിരുത്തിയത്. ജീവിതം തിരിച്ചുപിടിക്കാന്‍ ആള്‍ക്കാരെ സഹായിക്കുന്നതിനാല്‍ അദ്ദേഹം ‘നാന്‍ജിംഗിന്റെ മാലാഖ’ എന്നാണ് വിളിക്കപ്പെടുന്നത്. ‘ചെറിഷ് ലൈഫ് എവരി ഡേ’ എന്ന ചൈനീസ് വാചകം അച്ചടിച്ച ഒരു ചുവന്ന വോളണ്ടിയര്‍ യൂണിഫോം ധരിച്ച്, ഏകദേശം 20 വര്‍ഷമായി അദ്ദേഹം പാലം ഒരു ദിവസം പത്ത് തവണ നിരീക്ഷിക്കുന്നു.
പാലത്തില്‍ ഡ്യൂട്ടി ചെയ്യുമ്പോള്‍ മനസ്സ് തകര്‍ന്ന് ചിന്താശേഷി നശിച്ച് പാലത്തിലൂടെ അലഞ്ഞുനടക്കുന്നവര്‍ എന്ന് തോന്നുന്നവരുമായി ചെന്‍ സംസാരിക്കും. അവരെ പിന്തിരിപ്പിക്കുകയും ചെയ്യും. രണ്ടു പതിറ്റാണ്ടിലേറെയായി അദ്ദേഹം ഇങ്ങനെ ചെയ്യുന്നു. 2000 ല്‍ ഒരു പെണ്‍കുട്ടി പാലത്തിലൂടെ നടക്കുന്നത് ചെന്‍ കണ്ടു. അവള് കുഴപ്പത്തിലാണോ എന്ന ആശങ്കയോടെ അയാള്‍ അവളുടെ അടുത്തേക്ക് വന്നു. അവളെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തില്‍ സംഭാഷണം ആരംഭിച്ചു.
അവളുടെ കയ്യില്‍ പണമില്ലായിരുന്നു. ഭക്ഷണം പോലും കഴിച്ചിട്ടില്ലായിരുന്നു. തുടര്‍ന്ന് അയാള്‍ അവള്‍ക്ക് ഭക്ഷണവും വെള്ളവും വാങ്ങിക്കൊടുത്തു. വീട്ടിലേക്കുള്ള ടിക്കറ്റും എടുത്തുകൊടുത്തു. ജീവിതം അവസാനിപ്പിക്കാന്‍ ഒരാള്‍ പാലത്തില്‍ നിന്ന് ചാടുന്നവരെക്കുറിച്ച് ചെന്‍ ആദ്യമായി ചിന്തിച്ച നിമിഷം അതായിരുന്നു.
”ഇവരെ രക്ഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി,” അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ വിഷമം മനസ്സിലാക്കാന്‍ താന്‍ പഠിച്ചെന്ന് അദ്ദേഹം പറഞ്ഞു. ”തീവ്രമായ ആന്തരിക പോരാട്ടമുള്ള ആളുകള്‍ക്ക് അയഞ്ഞ ശരീരചലനങ്ങള്‍ ഉണ്ടാകില്ല. നിങ്ങള്‍ക്ക് ശ്വാസമുള്ളിടത്തോളം കാലം നിങ്ങളുടെ ജീവിതം ആരംഭിക്കാന്‍ നിങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്ന് ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍, യൂണിവേഴ്സിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ അദ്ദേഹം രക്ഷിച്ചു. ട്യൂഷന് ഫീസ് താങ്ങാന്‍ കഴിയാത്തതായിരുന്നു അവളുടെ വിഷമം. മറ്റൊരിക്കല്‍ ഭര്‍ത്താവ് ചതിച്ചതിനാല്‍ ആത്മഹത്യ ചെയ്യാനായി പാലത്തില്‍ കയറിയ ഒരു സ്ത്രീയെ ചാടുന്നതില്‍ നിന്ന് തടഞ്ഞു. ആള്‍ക്കാരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കുന്ന ചെന്‍ പുതുജീവിതത്തിന് അവരെ സഹായിക്കുകയും ചെയ്യും.
”പാലത്തിന്റെ വക്കില്‍ നിന്ന് ഒരാളെ പിന്നോട്ട് വലിക്കുന്നതു കൊണ്ട് മാത്രം ഒരാളെ അവരുടെ പ്രതിസന്ധിയില്‍ നിന്ന് പൂര്‍ണ്ണമായും കരകയറ്റില്ലെന്ന് വര്‍ഷങ്ങളായി ഞാന്‍ മനസ്സിലാക്കി.” ചെന്‍ പറഞ്ഞു. താന്‍ സഹായിച്ച ആളുകള്‍ക്ക് സ്ഥലങ്ങള്‍ വാടകയ്ക്കെടുക്കാനും മറ്റ് ചെലവുകള്‍ക്കുമായി സഹായിക്കാനും അദ്ദേഹം തന്റെ സമ്പാദ്യം ഉപയോഗിച്ചു. നേരത്തേ പാലത്തില്‍ നിന്നും ചാടിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിക്ക് പഠിക്കാനായി 1,400 ഡോളറിലധികം സമാഹരിക്കാന്‍ ചെന്‍ സഹായിച്ചു. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ അദ്ദേഹം നൂറുകണക്കിന് ആളുകളെയാണ് ചെന്‍ രക്ഷിച്ചത്.
