എഐ വന്നത് കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അതിന്റെ മറുവശം എന്ന നിലയില്‍ തൊഴില്‍ പോകുമെന്ന ആശങ്കയും ശക്തമാണ്. ഇതിനിടയിലാണ് ചൈനയിലെ ഒരു റെസ്‌റ്റോറന്റിലെ പരിചാരക ആള്‍ക്കാരെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നത്. ചൈനയിലെ ചോങ്കിംഗിലെ ക്വിന്‍ റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന ഒരു ആന്‍ഡ്രോയിഡ് പരിചാരിക ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു.
റെസ്റ്റോറന്റില്‍ പരിചാരികയായി ജോലി ചെയ്യുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ ദൃശ്യം ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൂയിനില്‍ പെട്ടെന്ന് വൈറലാകുകയും ചെയ്തിരുന്നു. മനുഷ്യസമാനമായ രൂപത്തിലും യഥാര്‍ത്ഥ ആളുകളുമായി ഇടപഴകാനുള്ള അതിന്റെ കഴിവിലും ചില കാഴ്ചക്കാര്‍ ഞെട്ടിയിരിക്കുകയാണ്. റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം അഭിവാദ്യം ചെയ്യുന്ന അവള്‍ പിന്നീട് ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ സ്വീകരിച്ച് അവരുടെ മേശകളിലേക്ക് ഭക്ഷണവും മറ്റും കൊണ്ടുവന്ന് വെയ്ക്കും.
ചോങ്കിംഗിന്റെ റോബോട്ടിക് പരിചാരികയുടെ വീഡിയോകളോട് വന്‍ പ്രതികരണമാണ്. നിരവധി മാധ്യമങ്ങളും വാര്‍ത്ത ചെയ്യാനെത്തി. അതേസമയം ഇത് ഒരു യഥാര്‍ത്ഥ മനുഷ്യന്‍ ആയിരുന്നെന്ന് കണ്ടപ്പോഴാണ് അതിനേക്കാള്‍ ഞെട്ടിയത്. നൃത്ത പശ്ചാത്തലമുള്ള ഒരു 26 കാരനായിരുന്നു ആന്‍ഡ്രോയ്ഡ് പരിചാരക.
നൃത്തമാണ് തന്റെ ജീവിതത്തിലെ പ്രധാന അഭിനിവേശമെന്ന് മിസ് ക്വിന്‍ പറഞ്ഞു, മൂന്ന് വര്‍ഷം മുമ്പ് ഹോട്ട്പോട്ട് റെസ്റ്റോറന്റ് തുറന്നതുമുതല്‍, താനും സുഹൃത്തുക്കളും ബിസിനസ്സ് ആകര്‍ഷിക്കുന്നതിനായി കണ്ടെത്തിയ ഒരു മാര്‍ഗമായിരുന്നെന്ന് അവര്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം മുതലാണ് ‘ആന്‍ഡ്രോയിഡ് കുഞ്ഞമ്മ’ യായി വേഷമിടാന്‍ തുടങ്ങിയത്. കൃത്യമായ റോബോട്ടിനെപ്പോലെയുള്ള ചലനങ്ങളും മേക്കപ്പും ഉപയോഗിച്ച് പ്രകടനം വളരെ വിശ്വസനീയമാക്കാനും അവര്‍ക്കായി. മിക്ക ക്ലയന്റുകള്‍ക്കും അത് മനുഷ്യ സ്ത്രീയായിരുന്നു എന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല.
ആളുകള്‍ ക്വിന്‍ റെസ്റ്റോറന്റിലെത്തുന്നത് രുചികരമായ ഹോട്ട്പോട്ടിനും ‘കട്ടിയുള്ള പാനീയങ്ങള്‍ക്കും’ മാത്രമല്ല, അവളുടെ ആന്‍ഡ്രോയിഡ് ദിനചര്യയ്ക്കും വേണ്ടിയാണ്. ഒരു മത്സര വിപണിയില്‍ വേറിട്ടുനില്‍ക്കാന്‍ വ്യക്തിഗത കഴിവുകളും ഹോബികളും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഇപ്പോള്‍ ഈ സംഭവം വിലയിരുത്തപ്പെടുന്നത്.