Crime

യുവതിയുടെ പേരില്‍ പാഴ്‌സല്‍ ; തുറന്നപ്പോള്‍ കണ്ടത് യുവാവിന്റെ മൃതദേഹം, 1.3 കോടി രൂപ ആവശ്യപ്പെട്ട് കത്തും

അമരാവതി: സിനിമയുടെ തിരക്കഥയെ വെല്ലുന്ന ഒരു സംഭവത്തില്‍ ആന്ധ്രാപ്രദേശില്‍ യുവതിക്ക് വന്ന പാഴ്‌സല്‍ അഴിച്ചു നോക്കിയപ്പോള്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ യെന്‍ഡഗണ്ടി ഗ്രാമത്തിലെ നാഗ തുളസി എന്ന സ്ത്രീയ്ക്കാണ് അജ്ഞാതന്റെ മൃതദേഹം അടങ്ങിയ പാഴ്സല്‍ ലഭിച്ചത്. സംഭവം ഗ്രാമത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

നാഗ തുളസി വീട് നിര്‍മിക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സമിതി യുവതിക്ക് ടൈല്‍സ് അയയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ നിര്‍മ്മാണത്തില്‍ കൂടുതല്‍ സഹായത്തിനായി വീണ്ടും ക്ഷത്രിയ സേവാ സമിതിക്ക് അപേക്ഷ നല്‍കിയപ്പോള്‍ വൈദ്യുതി ഉപകരണങ്ങള്‍ നല്‍കാമെന്നായിരുന്നു സമിതി നല്‍കിയ ഉറപ്പ്. ലൈറ്റുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ തുടങ്ങിയ സാധനങ്ങള്‍ നല്‍കുമെന്ന് അപേക്ഷകയ്ക്ക് വാട്സ്ആപ്പില്‍ സന്ദേശവും നല്‍കി.

വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടുവാതില്‍ക്കല്‍ ഒരാള്‍ പെട്ടി എത്തിച്ച് അതില്‍ വൈദ്യുതോപകരണങ്ങള്‍ ഉണ്ടെന്ന് അറിയിച്ച ശേഷം പോയി. തുളസി പിന്നീട് പാഴ്സല്‍ തുറന്ന് നോക്കിയപ്പോഴാണ് ഒരാളുടെ മൃതദേഹം കണ്ടത്. പരിഭ്രാന്തരായ കുടുംബം ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് അദ്നാന്‍ നയീം അസ്മിയും ഗ്രാമം സന്ദര്‍ശിച്ചു.

പാഴ്സലിനോടൊപ്പം 1.30 കോടി രൂപ ആവശ്യപ്പെട്ട് ഒരു കത്തും ഉണ്ടായിരുന്നു. ആവശ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കത്തില്‍ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. പാഴ്സല്‍ എത്തിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ക്ഷത്രിയ സേവാ സമിതി പ്രതിനിധികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഏകദേശം 45 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് ഇതെന്നാണ് പോലീസ് പറയുന്നത്. നാലോ അഞ്ചോ ദിവസം മുമ്പ് മരിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

ആളെ കൊലപ്പെടുത്തിയതാണോ എന്നറിയാന്‍ അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി, ചുറ്റുമുള്ള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാണാതായ പരാതികള്‍ പരിശോധിച്ച് വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *