ആനന്ദ് അംബാനിയുടെ വാച്ച് പ്രേമം വളരെ പ്രസിദ്ധമാണ്. ഒരുപക്ഷെ അതിനാലായിരിക്കാം രാധികയുടെയും ആനന്ദിന്റെയും വിവാഹത്തിന് പല സുഹൃത്തുക്കളും സമ്മാനിച്ചതും കോടികള്‍ വിലമതിക്കുന്ന വാച്ചുകളാണ്. എന്നാല്‍ ആനന്ദിന്റെ പ്രിയപ്പെട്ട വാച്ച് ഏതാണ്?
റിച്ചാര്‍ഡ് മില്ലെ ആര്‍ എം 26-01 ടൂര്‍ബില്ലണ്‍ പാണ്ട (Richard Mille RM 26-01 Tourbillon Panda) ലോകത്തിലുള്ള എല്ലാ വാച്ച് പ്രേമികളും സ്വന്തമാക്കാനായി ആഗ്രഹിക്കുന്ന ഒരു മാസ്റ്റര്‍പീസാണ്. ലഭ്യമായ വിവരമനുസരിച്ച് ലോകത്ത് ആകെ 30 വാച്ച്മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
വൈറ്റ് ഗോള്‍ഡും വജ്രവും ലെതർ സ്ട്രാപ്പുമായി ഭീമന്‍പാണ്ടയെ അകത്ത് കോറിയിട്ടിരിക്കുന്ന ഈ വാച്ച് ഫ്രാന്‍സിൽ ലിസ്റ്റ് ചെയ്തിരുന്നത് ഒന്നും രണ്ടുമല്ല 5.35 കോടി രൂപയ്ക്കാണ് , എന്നാല്‍ വാച്ചിന്റെ വിപണി മൂല്യം 30 കോടിയോളം വരും.
ബെസലില്‍ പോലും വജ്രങ്ങള്‍ കൊണ്ട് അലങ്കരിച്ച വൈറ്റ് ഗോള്‍ഡിലാണ് വാച്ചിന്റെ ഡയല്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്ദ്രനീലകല്ലുകളും വജ്രവും ചേര്‍ത്ത് നിര്‍മിച്ചിരിക്കുന്ന പാണ്ടയുടെ ഡിസൈന്‍ വളരെ മനോഹരമാണ്.
ആര്‍ എം 001 ല്‍ നിന്നാണ് റിച്ചാര്‍ഡ് മില്ലെ എന്ന ബ്രാന്‍ഡിന്റെ തുടക്കം. പുതുമകള്‍ നിറഞ്ഞിട്ടുള്ള ഒരു വാച്ച് നിര്‍മിക്കാനായിരുന്നു അവര്‍ ലക്ഷ്യം വെച്ചിരുന്നത്. ആര്‍ എം 001ന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ള വസ്തുക്കള്‍ ആരും ആക്കാലയളവില്‍ പരീക്ഷിക്കാത്തതാണ്. ടൂര്‍ബില്ലണ്‍ വാച്ച് ഘടിപ്പിച്ചിരിക്കുന്നത് കാര്‍ബണ്‍ നാനോഫൈബര്‍ ഉപയോഗിച്ചുള്ള ലിവര്‍ ബ്രിഡ്ജിലാണ്. കൈത്തണ്ടയിലെ റേസിംഗ് മെഷീനും 2001ലെ പുതിയ സാങ്കേതിക വിദ്യയായിരുന്നു. ഫോര്‍മുല 1 റേസിങ്ങുമായുള്ള വാച്ചിന്റെ ബന്ധവും സ്‌പോര്‍ട്ടി രൂപകല്‍പ്പനയും എടുത്തുകാണിക്കുന്നുണ്ട്.
ആര്‍ എം 001ന് തുടക്കകാലത്ത് 135000 ഡോളറായിരുന്നു റീടെയ്ല്‍ വില. 2022ല്‍ ക്രിസ്റ്റീസ് ലേലത്തില്‍ ഒരു ആര്‍എം 001 2 മില്ല്യണ്‍ ഡോളറിലധികം വിലയ്ക്ക് വിറ്റുപോയി. 17 എണ്ണം മാത്രമാണ് നിര്‍മിച്ചത്. റിച്ചാര്‍ഡ് മില്ലെ വാച്ചുകളുടെ വില കുതിച്ചുയരുന്നതിന് ഇത് കാരണവുമായി. ശേഖരിക്കുന്നവർക്ക് ഇത് ഒരു നിക്ഷേപം കൂടിയാണ്.
എന്താണ് ടൂർബില്ലൺ?
ടൂര്‍ബില്ലണ്‍ന്റെ ലക്ഷ്യം തന്നെ ഒരു മെക്കാനിക്കൽ വാച്ചിന്റെ കൃത്യതയില്‍ ഗുരുത്വാകര്‍ഷണ സ്വാധീനം തടയുകയെന്നതാണ്. ഗുരുത്വാകര്‍ഷണം വാച്ചിന്റെ എസ്‌കേപ്പ്‌മെന്റിന്റെ ഘടകങ്ങളെ ബാധിക്കാം. ഇത് സമയക്രമീകരണത്തില്‍ വ്യത്യാസത്തിന് കാരണമാകും. ടൂര്‍ഹില്ലണ്‍ വാച്ചിന്റെ ചലനത്തിലെ നിര്‍ണായക ഭാഗങ്ങളായ എസ്‌കേപ്പ്‌മെന്റ് വീലും ബാലന്‍സ് വീലും ഒരു കറങ്ങുന്ന കൂടില്‍ സ്ഥാപിക്കുക. ഈ കൂട് തുടര്‍ച്ചയായി കറങ്ങുന്നു. മിനിറ്റില്‍ ഒരു പൂര്‍ണ്ണ ഭ്രമണം നടത്തുന്നു. എസ്‌കേപ്പ്‌മെന്റിന്റെ സ്ഥാനം അടിക്കടി മാറ്റുന്നതിലൂടെ ഗുരുത്വാകര്‍ഷണ സ്വാധീനം കുറയ്ക്കാമെന്ന് കരുതുന്നു.