Celebrity

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന് ഇന്ന് 81 വയസ്

ഇന്ന് ഒക്‌ടോബര്‍ 11, ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചന് 81 വയസ്. ഈ പ്രായത്തിലും അദ്ദേഹം തന്റെ ആരാധകര്‍ക്കും ഫോളോവേഴ്‌സിനും പകര്‍ന്നു നല്‍കുന്ന ഊര്‍ജം ചെറുതല്ല. 81-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീടായ ജെല്‍സയ്ക്ക് പുറത്ത് ആരാധകര്‍ കേക്കുകളും സമ്മാനങ്ങളുമായി കാത്തുനിന്നു. ഗേറ്റിന് പുറത്തു വന്നവരെ താരം അഭിവാദ്യം ചെയ്തു. നന്ദിയോടെ കൈള്‍ കൂപ്പുകയും ആശംസകള്‍ക്ക് നന്ദിപറയുകയും ചെയ്തു. വലിയ പുഞ്ചിരിയോടെ താരം അവരെ നോക്കി കൈ വിശുന്നുണ്ടായിരുന്നു. പതിവുപോലെ ആരാധകരെ കാണാന്‍ എത്തിയ ബച്ചന്‍ ചെരുപ്പ് ധരിച്ചിരുന്നില്ല.

ഈ 81-ാം വയസിലും ഷൂട്ടിംഗ് സെറ്റുകളിലേക്കുള്ള യാത്രകളിലാണ് അമിതാഭ് ബച്ചൻ . ശബ്ദം മോശമെന്ന് ആള്‍ ഇന്ത്യാ റേഡിയോ മടക്കിയ അയച്ച അമിതാബിന്റെ ശബ്ദം പിന്നീട് ബോളിവുഡിന്റെ ഗാംഭീര്യമായി മാറി. അഭിനേതാവായല്ല മറിച്ച് മൃണാൽ സെന്നിന്റെ ഭുവൻ ഷോം എന്ന ചിത്രത്തിന് വേണ്ടി ശബ്ദം നല്‍കികൊണ്ടായിരുന്നു അമിതാബിന്റെ സിനിമാ പ്രവേശം.

1969 ല്‍ സാത് ഹിന്ദുസ്ഥാനിയിലൂടെ അരങ്ങേറിയ ബച്ചന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ദീവാറിലേയും സഞ്ജീറിലേയും പ്രകടനങ്ങളിലൂടെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായി ബച്ചന്റെ ജൈത്രയാത്ര 48 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരുപിടി മികച്ച വേഷങ്ങളുമായി തുടരുകയാണ്.