Oddly News

ഭാഗ്യവാന്‍ !ജോലിക്കിടെ തൊഴിലാളി കണ്ടെത്തിയത് 80 ലക്ഷം രൂപ വിലയുള്ള വജ്രം

ഭാഗ്യം വരുന്നത് ഏത് വഴിക്കാണെന്ന് പ്രവചിക്കാനാവില്ല. എന്നാല്‍ മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാഗ്യം തുണച്ചത്.പതിവ് ജോലികള്‍ക്കിടെ 80 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. രാജു ഗൗഡയാണ് ഈ ഭാഗ്യവാന്‍.

ഖനനത്തിന് പേര്കേട്ട സ്ഥലമാണ് പന്ന എന്ന ജില്ല. ഇവിടുത്തെ ഭൂമിയിലാവട്ടെ 12 ലക്ഷം കാരറ്റിന്റെ വജ്രനിക്ഷേപമുണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രാരാബ്ധങ്ങള്‍ക്കിടിയില്‍ എന്നെങ്കിലും വജ്രത്തിന്റെ രൂപത്തില്‍ തന്നെ ഭാഗ്യം തേടിയെത്തുമെന്ന് രാജു എപ്പോഴും വിശ്വസിച്ചിരുന്നു.

എന്നാല്‍ ഇതിനായി 10 വര്‍ഷം കഠിനാധ്വാനം ചെയ്യേണ്ടതായി വന്നു രാജു ഗൗഡയ്ക്ക്. ട്രാക്ടര്‍ ഡ്രൈവറായ രാജു മണ്‍സൂണ്‍ കാലത്ത് വജ്രം കാണാന്‍ ഇടയുള്ള പാടങ്ങള്‍ പാട്ടത്തിനെടുത്ത് മണ്ണ് ഇളക്കി മറിച്ച് നിധി തേടികൊണ്ടിരുന്നു. എല്ലാ ദിവസവും നിരാശയാണ് ഫലം. ഒടുവില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാജുവിനെ ഭാഗ്യം തുണച്ചു.

കുഴിച്ച് നോക്കുന്നതിനിടെ ചില്ല് പോലെ തിളങ്ങുന്ന എന്തോ അയാള്‍ക്ക് ലഭിക്കുകയായിരുന്നു . 19.22 കാരറ്റ് വജ്രമാണ് രാജുവിന് ലഭിച്ചത്. ഏതാണ്ട് 80 ലക്ഷം രൂപയാണ് ഇതിന് വിലവരുന്നത്. വജ്രമാണെന്ന വിദഗ്ധര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡയമണ്ട് ഓഫീസില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇനി വരുന്ന ലേലത്തില്‍ രാജുവിന്റെ വജ്രവും ഉള്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.