Healthy Food

ഗര്‍ഭിണികള്‍ക്കു് ഉത്തമം, ഭാരം കുറയ്ക്കും; അറിയാം വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

സാധാരണ നമ്മളെല്ലാം ഉപയോഗിയ്ക്കുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ സിയുടെ കലവറയായ വെണ്ടയ്ക്ക ശരീരത്തിന് നിരവധി പോഷക ഗുണങ്ങളും നല്‍കുന്നുണ്ട്. നാരുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാത്സ്യം തുടങ്ങിയവയുടെ കലവറ തന്നെയാണ് വെണ്ടയ്ക്ക. ഇത് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും. വെണ്ടയ്ക്കയുടെ കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ അറിയാം….

പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും – ഫ്ളാവനോയ്ഡുകള്‍, പോളിഫെനോളുകള്‍ പോലുള്ള ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ വെണ്ടയ്ക്ക കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസില്‍നിന്ന് രക്ഷിക്കുകയും മാറാരോഗങ്ങള്‍ക്കുള്ള സാധ്യതയും ശരീരത്തിലെ നീര്‍ക്കെട്ടും കുറയ്ക്കുകയും ചെയ്യും. ഇതിലെ വൈറ്റമിന്‍ സി ശ്വേതരക്ത കോശങ്ങളുടെ ഉല്‍പാദനത്തെ പ്രചോദിപ്പിച്ച് പ്രതിരോധ സംവിധാനത്തെ ശക്തമാക്കും.

ഭാരം കുറയ്ക്കും – ഭാരനിയന്ത്രണത്തിനായി ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും കഴിക്കേണ്ട പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതില്‍ കലോറി വളരെ കുറവും ഫൈബര്‍ ഉയര്‍ന്ന തോതിലുമാണ്. ഇത് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുന്നത് അനാവശ്യമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത ഒഴിവാക്കും.

പ്രമേഹം നിയന്ത്രിക്കും – വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ തോതിനെയും നിയന്ത്രിക്കാന്‍ സഹായകമാണ്. പ്രമേഹ രോഗികള്‍ക്കും ഇതിനാല്‍ വെണ്ടയ്ക്ക ഉത്തമമാണ്.

ദഹനത്തിന് നല്ലത് – വെണ്ടയ്ക്കയിലെ ഫൈബര്‍ ദഹനസംവിധാനത്തെ മെച്ചപ്പെടുത്തി മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കും. സജീവമായ ദഹനസംവിധാനത്തിനും വെണ്ടയ്ക്ക സഹായകമാണ്.

ഗര്‍ഭിണികള്‍ക്കും ഉത്തമം – വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഫോളേറ്റ് ഗര്‍ഭിണികള്‍ക്ക് വളരെ നല്ലതാണ്. ഗര്‍ഭസ്ഥ ശിശുവില്‍ ഉണ്ടാകാവുന്ന ന്യൂറല്‍ ട്യൂബ് അപാകതകളെ ഇത് നിയന്ത്രിക്കും.