Movie News

അമരന്‍ ആദ്യ ബ്‌ളോക്ക്ബസ്റ്ററെന്ന് സായ് പല്ലവി; ‘മാരി 2’, എന്‍ജികെ സിനിമകള്‍ മറന്നോയെന്ന് ആരാധകര്‍

ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച ‘അമരന്‍’ വന്‍ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് നടി സായ്പല്ലവി. സിനിമ എല്ലാവരേയും സന്തോഷിപ്പിച്ച് 200 കോടി ക്ലബ്ബിലേക്ക് മുന്നേറുമ്പോള്‍ സായിയുടെ നായികകാവേഷവും ഏറെ ശ്രദ്ധനേടുകയാണ്. എന്നാല്‍ ഹൈദരാബാദില്‍ നടന്ന വിജയാഘോഷത്തില്‍ സിനിമ വിജയമാക്കിയ പ്രേക്ഷകര്‍ക്ക് സായ്പല്ലവി നന്ദി പറഞ്ഞിരുന്നു.

സിനിമയുടെ വിജയത്തിന്റെ സന്തോഷം പ്രകടിപ്പിച്ച നടി തമിഴിലെ തന്റെ ആദ്യത്തെ ബ്‌ളോക്ക് ബസ്റ്ററാണ് അമരനെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ നടി വേദിയില്‍ പറഞ്ഞത് തമിഴിലെ ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. തന്റെ മുന്‍കാല സൂപ്പര്‍ഹിറ്റുകളായ ധനുഷിനൊപ്പമുള്ള ‘മാരി 2’, സൂര്യയ്‌ക്കൊപ്പമുള്ള ‘എന്‍ജികെ’ എന്നീ ഹിറ്റുകള്‍ സായ്പല്ലവി മറന്നു. സായിയുടെ ഈ പഴയ കാര്യത്തിലെ മറവി ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാക്കി മാറ്റിയിരിക്കുകയാണ്.

സിനിമ തെലുങ്ക് ദേശത്തും വന്‍ ഹിറ്റായതില്‍ നടി അമരന്‍ സിനിമയിലെ നായകന്‍ ശിവകാര്‍ത്തികേയനെ അഭിനന്ദിക്കാനും മറന്നില്ല. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവചരിത്രം പറയുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രാജ്കുമാര്‍ പെരിയസ്വാമിയാണ്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്കാ വര്‍ഗ്ഗീസിനെയാണ് നടി സായ്പല്ലവി അവതരിപ്പിക്കുന്നത്.